രൂപകം
മലബാര്‍ കടന്നുപോയി അല്‌പം കഴിഞ്ഞപ്പോള്‍ റെയില്‍വേ ലൈന്‍മാന്മാരാണ് സ്റ്റേഷനില്‍ വിളിച്ചു വിവരം പറഞ്ഞത്. ബസ് സ്റ്റാന്റ് പരിസരത്ത് ബീറ്റിലായിരുന്ന സദാനന്ദന്‍ എത്തുമ്പോഴേക്കും എസ്.ഐയും പാര്‍ട്ടിയും പ്രാഥമികനടപടികളൊക്കെ പൂര്‍ത്തിയാക്കിയിരുന്നു.
മറ്റു കാര്യങ്ങളൊക്കെ നേരം പുലര്‍ന്നിട്ടാവാമെന്നു പറഞ്ഞ് അവര്‍ മടങ്ങിയപ്പോള്‍ കാവല്‍ ഡ്യൂട്ടിയില്‍ സദാനന്ദന്‍ ആന്റണിക്ക് കൂട്ടായി.
പൂര്‍ണ്ണനഗ്നമായ ശരീരം ട്രാക്കിനോട് ചേര്‍ന്ന് കമഴ്‌ത്തിക്കിടത്തിയ നിലയിലായിരുന്നത്രെ. ആന്റണിച്ചേട്ടനാണ് പറഞ്ഞത്.
ദൂരേക്ക് തെറിച്ചുപോയ തല പൊട്ടിപ്പൊളിഞ്ഞിരുന്നില്ലെങ്കിലും മുഖം ചതഞ്ഞ് വികൃതമായിരുന്നു. പതിനെട്ടോ ഇരുപതോ വയസ്സില്‍ കൂടില്ല.
കൂട്ടംചേര്‍ന്നുള്ള ആക്രമണമായിരുന്നു എന്ന് തീര്‍ച്ച. ചിലപ്പോള്‍ അതിനിടയില്‍ത്തന്നെ ജീവന്‍ പോയിട്ടുണ്ടാവാം. അല്ലെങ്കില്‍ പാളത്തില്‍ കൊണ്ടുവന്നു വച്ചത് ബോധം നഷ്‌ടപ്പെട്ട അവസ്ഥയിലാവാം. താഴെ കുറ്റിക്കാട്ടില്‍ വച്ചാണ് സംഭവം നടന്നിരിക്കുന്നത്.
എന്തെങ്കിലും തെളിവു പോയിട്ട് അവളുടെ വസ്‌ത്രത്തിന്റെ ഒരു തുണ്ടു പോലും കണ്ടുകിട്ടിയിട്ടില്ല...
നേര്‍ത്ത നിലാവില്‍ പരസ്‌പരം കൈകോര്‍ത്തു കിടക്കുന്ന പാളങ്ങളിലേക്ക് നോക്കിയിരിക്കേ, അവ നന്മതിന്മകളെക്കുറിച്ചുള്ള ഒരു രൂപകമാണെന്ന് സദാനന്ദനു തോന്നി. തേരട്ടക്കാലുകള്‍ കൊണ്ടുള്ള ഈ ബന്ധം ഒന്നു മുറിഞ്ഞാല്‍ തകിടം മറിയുന്നതെന്താവും?
അപ്പോഴേക്കും സദാനന്ദന്റെ ചിന്തകള്‍ക്കു മീതെ ആന്റണിയുടെ പ്രാക്ക് പാഞ്ഞുകയറി.
``പണ്ടാറടങ്ങാന്‍...''ഒരു തുള്ളിപോലും അവശേഷിച്ചിട്ടില്ലാത്ത മദ്യക്കുപ്പി ആന്റണി ദൂരേക്ക് വലിച്ചെറിഞ്ഞു. കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നും ചില്ലുകള്‍ ചിതറുന്ന ഒച്ച കേട്ടു.
``എന്തൂട്ടാണ്ടാ നീയ്യ് സ്വപ്‌നം കണ്ട്‌ര്‌ക്യാ?''ലഹരി പിച്ചവയ്‌ക്കാന്‍ തുടങ്ങിയ ആന്റണിയുടെ മുഖത്ത് ഒരു അശ്ലീലച്ചിരിയുണ്ടായിരുന്നു.
``ഞാനെങ്ങന്യാ നേരം പൊലര്‍ത്ത്വാന്നാലോയ്‌ക്യാണ്...'', സദാനന്ദന്‍ പറഞ്ഞു.
``അദെന്യാ ഞാന്വാലോയ്‌ക്കണേ.... ഒരാഫും കൂടി കിട്ട്യാലേ നൈറ്റ് ഡ്യൂട്ടിക്കൊരുഷാറ്‌ണ്ടാവ്‌ള്ളൂ....''സ്വന്തം തമാശ ആസ്വദിച്ചുകൊണ്ട് പാളത്തില്‍ ഇരുമ്പുചക്രമുരയുന്ന ശബ്ദത്തില്‍ ആന്റണി നീട്ടിവലിച്ചൊരു ചിരി ചിരിച്ചു.
``ശെരിയാ, കൂര്‍ക്കംവലിക്കപ്പോ നല്ല ഉഷാറുണ്ടാവും.''
``പിന്നെ ഞാനെന്തൂട്ടാ കാട്ട്വാ... പ്രായമായി വര്വല്ലേ. നിന്നെപ്പോലെ ഒറക്കൊഴിക്കാമ്പറ്റ്വോ...''
``അതിന് ചേട്ടനൊറക്കൊഴിക്കണംന്ന് ഞാമ്പറഞ്ഞോ, പ്പോ.... വല്ല പുസ്‌തകോം ഇ്‌ണ്ടെങ്കി വായിച്ചോണ്ടിരിക്ക്യാര്‌ന്നു...''
``എന്നാപ്പിന്നൊര് കാര്യം ചെയ്യാം. മ്മക്ക് വല്ലോം മ്‌ണ്ടീം പറഞ്ഞും ഇരിക്കാം, ന്താ?''
``വേണ്ട, വേണ്ട. എന്തു പറഞ്ഞാലും മറ്റേ കൂട്ടല്ലേ നിങ്ങട വായിന്ന് വീഴൂ...''
``നിയ്യൊരു പുണ്യാളന്‍....'', ആന്റണി സദാനന്ദന്റെ പുറത്ത് തമാശയായി ഒരടി കൊടുത്തുകൊണ്ട് എഴുന്നേറ്റു.
``നിന്റെ ബോറടി മാറ്റാനൊര് വഴീണ്ട്, വാ...''
അയാള്‍ സദാനന്ദനെ കൈപിടിച്ച് വലിച്ച് എഴുന്നേല്‍പ്പിച്ചു. `കളിക്കാതെ ചേട്ടാ' എന്ന് സദാനന്ദന്‍ കുതറാന്‍ ശ്രമിച്ചു.
പാളത്തിന്റെ മറുവശത്ത് കലുങ്കിനരികിലേക്കാണ് ആന്റണി തന്നെ നയിക്കുന്നതെന്നു കണ്ട് പിടിവിടുവിക്കാന്‍ സദാനന്ദന്റ ഒരു ശ്രമം കൂടി നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കലുങ്കിനരികിലെ പായയുടെ അടുത്തുനിന്നപ്പോള്‍, കാറ്റില്‍ കയ്യൊടിഞ്ഞു കൂമ്പിയ വാഴ പോലെ അവന്‍ തന്നിലേക്കു തന്നെ ചുരുങ്ങി.
അന്നേരം, അരികുകളില്‍ കയറ്റിവച്ചിരുന്ന കല്ലുകള്‍ നീക്കി ആന്റണി പായ വിടര്‍ത്തിയിട്ടു. കുനിഞ്ഞുള്ള നില്‍പില്‍ത്തന്നെ തലയുയര്‍ത്തി സദാനന്ദനെ നോക്കി.
കോടിത്തുണിയുടെ തലഭാഗത്തു പുരണ്ട ചോരക്കറയില്‍ ചത്തുകിടക്കുകയായിരുന്നു സദാനന്ദന്റെ കണ്ണുകള്‍.
അടുത്ത ക്ഷണം, ആന്റണി തുണിയുടെ കീഴ്‌ഭാഗം വലിച്ചുനീക്കി.
``ഇങ്ങട് നോക്കെടാ പന്നീ, നിന്റ ബോറടി മാറട്ടെ....''നെഞ്ചില്‍ ഒരു സ്വര്‍ണ്ണമത്സ്യം പിടഞ്ഞു തുള്ളിയപ്പോള്‍ സദാനന്ദനു ശ്വാസംമുട്ടി.
``മതി... അതൊന്നു മൂടിവെക്കിന്‍...'', എന്ന് കരയുംപോലെ പറഞ്ഞ് സദാനന്ദന്‍ തിരിഞ്ഞുനടന്നപ്പോള്‍ ആന്റണിയുടെ ചിരി വീണ്ടുമുയര്‍ന്നു.
``നീയ്യെവടക്ക്യാണ്ടാ ഈ ഓടണേ... നോക്കെടാ, നല്ലോണം നോക്ക്... ഇദ് പോലൊര് വെടിക്കെട്ട് സാധനം നീയ്യ് കണ്ട്‌ണ്ടാ?''
സദാനന്ദന്‍ അപ്പുറത്തെത്തിക്കഴിഞ്ഞെന്നു കണ്ട് അയാള്‍ തുണി പഴയ പടിയാക്കി.
``മറ്റ്‌ള്ളോര്‌ടെ വെശപ്പിനെപ്പറ്റി ഒര് വിചാരോല്ലാത്ത കാലമാടമ്മാര്....'', പായ മൂടി കല്ലുകൊണ്ട് ഭാരം വയ്‌ക്കുമ്പോള്‍ ആന്റണി പിറുപിറുത്തു.
സദാനന്ദന്‍ കലുങ്കില്‍ തലകുനിച്ചിരിക്കുകയായിരുന്നു. ആന്റണി ആ ഇരിപ്പു നോക്കി പരിഹസിച്ചു കൊണ്ട് അടുത്തുചെന്നു. അവന്റെ താടി പിടിച്ചുയര്‍ത്തി.
``ബ്ലൂഫിലിമിലല്ലാണ്ട് നിയ്യിതൊന്നും കണ്ടിട്ടില്ല്യാലോ... എങ്ങനേണ്ട്?''
ചോദ്യത്തിനൊപ്പം ആന്റണിയുടെ വായില്‍നിന്നുള്ള മദ്യത്തിന്റെ വാടയില്‍ നിന്നു കൂടി രക്ഷപ്പെടാനായി സദാനന്ദന്‍ അയാളെ ബലമായി പിടിച്ച് കലുങ്കിലിരുത്തി.
``ഹോ, യ്‌ക്ക് സഹിയ്‌ക്കാമ്പയ്യേ....'', ആന്റണി സന്നി ബാധിച്ചവനെപ്പോലെ ശരീരം വിറപ്പിച്ചു.
``അടിവയറ്റീന്നൊര് തീ ഉരുണ്ടുപെരണ്ടിങ്കട് കേറ്വാ...''
``വെള്ളം തൊടാണ്ട് വലിച്ച് കേറ്റുമ്പം ആലോയ്‌ക്കണാര്‌ന്നു...''
``നീ പോയേരെക്കാ.... ഇതുപോലൊരു സാധനം കണ്ടിട്ടും എണീക്കാത്ത നിന്റ മറ്റോനക്കൊണ്ടോയി വല്ല നേര്‍ച്ചപ്പെട്ടീലും ഇട്ടൂട്, ഹല്ല പിന്നെ!''
ആന്റണിയുടെ ഞെരിപിരിയുടെ അര്‍ഥം സ്വന്തം ശരീരത്തിലെ വിറയലായി സദാനന്ദനു വെളിവായി.
പേടിയും വെറുപ്പും ദേഷ്യവുമെല്ലാം കലര്‍ന്ന ആവി രാത്രിയുടെ നേര്‍ത്ത തണുപ്പിലും അവനെ പൊതിഞ്ഞു.ഇരുണ്ട ശിലാഗുഹയ്‌ക്കുള്ളിലെന്നോണം തൊണ്ടയില്‍ ഉമിനീര്‍ പൊടിഞ്ഞപ്പോള്‍ സദാനന്ദന് ശബ്‌ദം തിരിച്ചുകിട്ടി.
``ഛെ... നിങ്ങളിനെ എന്താ പറയാ.... ആരൊക്ക്യോ മാന്തിപ്പൊളിച്ച ഒര് ശവം. അതും കാലും തലേം രണ്ടും രണ്ടായിട്ട് കെടക്കുമ്പം....''
``അയിപ്പഴല്ലേ... മലബാറ് പോണേലും മുമ്പത്തെ കാര്യം നിയ്യൊന്നാലോയ്‌ച്ചോക്ക്യേ... നല്ലൊന്നാന്തരം പെടപെടക്കണ സാധനം...''
നാക്കിനിടയിലൂടെ വായുവലിച്ച് സ്വാദാസ്വദിക്കുന്ന ശബ്‌ദമുണ്ടാക്കിക്കൊണ്ട് ആന്റണി വീണ്ടും എഴുന്നേറ്റപ്പോള്‍, പെരുവിരലില്‍ നിന്ന് ഒരു തരിപ്പ് മേലോട്ടുയരുന്നത് സദാനന്ദന്‍ അറിഞ്ഞു. കാലുപൊക്കി ഒറ്റച്ചവിട്ടിന് ആന്റണിയെ പാളത്തിലേക്ക് മറിച്ചിടുന്നതും ഒരു ട്രെയിന്‍ അയാള്‍ക്കു മീതെ പാഞ്ഞുപോകുന്നതും സദാനന്ദന്‍ സങ്കല്‍പിച്ചു. പക്ഷേ, ഉയര്‍ത്താന്‍ പോലുമാവാതെ കാലുകള്‍ മരവിച്ചു കിടക്കുകയായിരുന്നു.
``ങാ,ഇനി പറഞ്ഞിട്ടെന്താ... '', ആന്റണി നീട്ടിയൊന്നു കാര്‍ക്കിച്ചു. അശ്ലീലംപോലെ ഉരുണ്ടു കയറി വന്ന കഫക്കട്ട നീട്ടിത്തുപ്പി. പിന്നെ തൊപ്പിയും ടോര്‍ച്ചും കയ്യിലെടുത്തു കൊണ്ട് എഴുന്നേറ്റു.
` ഞാനൊന്ന് നടന്ന്‌ട്ട് വരാം. ..വല്ലതും തടയ്വോന്നൊന്നു നോക്കട്ടെ...` ആന്റണി ഏതോ സിനിമാപ്പാട്ടിന്റെ ഈണത്തില്‍ ചൂളംകുത്തിക്കൊണ്ട് പാളത്തിലൂടെ നടന്നുപോയതിനു പിന്നാലെ, ഇരുട്ടിലൂടെ ഒളിച്ചുവന്ന ഒരു ചരക്കുവണ്ടി അയാളെ പിന്തുടര്‍ന്നു. പിന്നെ, വണ്ടിയും ആന്റണിയും ഇല്ലാത്ത പാളം നീണ്ടുനിവര്‍ന്നു കിടക്കുന്നതു കണ്ടപ്പോള്‍ സദാനന്ദന് വല്ലാത്തൊരു സുരക്ഷിതത്വബോധം അനുഭവപ്പെട്ടു.
പുഴയുടെ ഭാഗത്തുനിന്ന് ഒരിളംകാറ്റ് വന്ന് സദാനന്ദനെ തൊട്ടു.
ദൂരെയെവിടെയോ നായ്‌ക്കള്‍ കടിപിടി കൂടുന്നതിന്റെ ശബ്‌ദം.
അവന്‍ നോക്കി. വണ്ടി കടന്നുപോയപ്പോഴുള്ള ചുഴലിയില്‍ പായയുടെ ഒരു വശത്തെ കല്ല് നീങ്ങിപ്പോയിരിക്കുന്നു. പായ ചുരുണ്ട ഭാഗത്ത് തുണി നീങ്ങി ശവത്തിന്റെ കാലുകള്‍ പുറത്തുകാണുന്നു.
അതിനടുത്തേക്കു നടക്കുമ്പോള്‍ സദാനന്ദന്‍ അത്ഭുതപ്പെടുകയായിരുന്നു. ഭയം എന്ന വികാരം തന്നില്‍നിന്ന് എവിടെപ്പോയൊളിച്ചു?
തുണി നേരെയിടുന്നതിനുമുമ്പ് അടിഭാഗം മണ്ണുപുരണ്ടു കറുത്ത ആ കാലുകളിലേക്ക് സദാനന്ദന്‍ ഒന്നുകൂടി നോക്കി. നെഞ്ചിനുള്ളില്‍ ഒരു സ്വര്‍ണമത്സ്യത്തിന്റെ പിടച്ചില്‍ വീണ്ടും അവനനുഭവപ്പെട്ടു.
ഇതേക്കാള്‍ വെളുത്ത കാലുകള്‍. ഇതേക്കാള്‍ മാംസളം. മൃദുലം...
പായ വീണ്ടും പറന്നു പോകാതിരിക്കാന്‍ സമീപത്തുകിടന്ന ഒരു വലിയ കല്ലുകൂടി എടുത്തുവച്ചശേഷം സദാനന്ദന്‍ കലുങ്കില്‍ തന്നെ വന്നിരുന്നു. ഒന്നു മൂരി നിവര്‍ന്നപ്പോള്‍, പൂമരത്തിന്റെ ഇലകള്‍ക്കിടയിലൂടെ തെളിച്ചം കുറഞ്ഞ ആകാശം കണ്ടു.അതില്‍ മുഖക്കുരുക്കളെന്നോണം കുറച്ചു നക്ഷത്രങ്ങളും.
അന്നും ആകാശത്ത് വിളറിയ നിലാവുണ്ടായിരുന്നു.തുടയിലൂന്നിയ കൈകളില്‍ മുഖംതാങ്ങി സദാനന്ദന്‍ പത്തുപതിനഞ്ചുവര്‍ഷം മുന്നത്തെ ആ രാത്രിയിലേക്ക് കണ്ണടച്ചു...
രാവിലെ തന്നെ പ്രകാശന്‍ പദ്ധതി വിശദമാക്കിതന്നിരുന്നു. അപ്പോള്‍ മുതല്‍ നെഞ്ചിടിപ്പോടെ നിമിഷങ്ങളെണ്ണി ഇരിക്കുകയായിരുന്നു.
വെയില്‍ ചാഞ്ഞു തുടങ്ങിയപ്പോള്‍ ചെട്ടിയാരു പറമ്പില്‍ നിന്ന് കോളാമ്പിപ്പാട്ടുയര്‍ന്നു. അയാമെ ഡിസ്‌കോ ഡാന്‍സര്‍.... സിന്തഗീ മേരാഗാനാ...
കേസില്‍ കുടുങ്ങി വര്‍ഷങ്ങളായി അനാഥമായിക്കിടക്കുന്ന ചെട്ടിപ്പറമ്പ് കുട്ടികളുടെ കളിസ്ഥലമായി മാറിക്കഴിഞ്ഞിരുന്നു.
വേനലവധിക്കാലത്ത് ഒരു പെട്ടിഓട്ടോയില്‍ തന്റെ സാധനങ്ങളുമായി മുത്തു ബീരാനും ഭാര്യയും വരും. ചെട്ടിപ്പറമ്പിന്റെ ഒരു മൂലയില്‍ ടെന്റ് കെട്ടും. മുളങ്കാലില്‍ കോളാമ്പി മൈക്കുയരും.ഇരുട്ടുറച്ചു കഴിഞ്ഞാല്‍ പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ മുത്തു ബീരാന്‍ പ്രകടനങ്ങള്‍ ആരംഭിക്കും. ആദ്യം സൈക്കിളില്‍. പിന്നെ തീപ്പന്തം കൊണ്ട്. തലയില്‍ തീപ്പൂട്ടി ചായ തിളപ്പിക്കും. അവസാനം കൈകാലുകള്‍ കെട്ടിയ ശേഷം നിലത്തുരുണ്ട് ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ കൊണ്ട് ട്യൂബുകള്‍ അടിച്ചുതകര്‍ക്കും.
സംസാരശേഷിയില്ലാത്ത സ്‌ത്രീയായിരുന്നു മുത്തു ബീരാന്റെ ഭാര്യ. കറുത്ത് അല്‌പം തടിച്ച അവരുടെ മുഖത്ത് എപ്പോഴും ഒരു വിഷാദച്ഛായയായിരുന്നു.
കുട്ടികളില്ലാത്തതിന്റെ സങ്കടമാണെന്ന് അമ്മ പറയും. പാചകം ചെയ്യാനുള്ള വെള്ളമെടുക്കാന്‍ അവര്‍ വീട്ടിലാണു വരിക. അരിയായോ, നാളികേരമായോ അമ്മ എന്തെങ്കിലും സഹായം നല്‍കുമ്പോള്‍ മാത്രം അവരുടെ മുഖത്ത് ചെറിയൊരു തെളിച്ചം പ്രത്യക്ഷമാവും.
പ്രദര്‍ശന സമയത്ത് കറുത്ത പര്‍ദ അണിഞ്ഞാണ് അവര്‍ പ്രത്യക്ഷപ്പെടുക. മെക്കയില്‍ പോയിവന്ന പ്രായമായ സ്‌ത്രീകള്‍ മാത്രമേ പര്‍ദ്ദ ധരിക്കൂ എന്ന ഞങ്ങളുടെ ധാരണ തെറ്റിച്ചത് അവരാണ്.
രണ്ടാഴ്‌ച നീളുന്ന പ്രദര്‍ശനം അവസാനിക്കുന്ന ദിവസമാണ് `മരണക്കുഴി'. തല മണ്ണിനടിയിലാക്കി കാലുകള്‍ വായുവില്‍ നാട്ടി അര മണിക്കൂര്‍. അതു കഴിയുന്നതോടെ ഹൃദയം തുളുമ്പുന്ന സ്വരത്തില്‍ മുത്തുബീരാന്‍ വിടവാങ്ങല്‍പ്രസംഗം നടത്തും. അടുത്ത വര്‍ഷം കാണാമെന്ന വാഗ്‌ദാനത്തോടെയാണ് അതവസാനിക്കുക. പിറ്റേന്ന് നേരം പുലരുമ്പോള്‍ ചെട്ടിപ്പറമ്പില്‍ മുളങ്കുറ്റികളുറപ്പിച്ച ചില പാടുകള്‍ മാത്രം ബാക്കിയാവും.
അത്തവണ മുത്തുബീരാനും ഭാര്യയും വന്നത് ഒരു പഴയ ജീപ്പിലാണ്. പതിവിലും വലുപ്പമുള്ള ടെന്റ് ഉയര്‍ന്നപ്പോള്‍ തന്നെ പുതിയ നമ്പറുകളുമായാവും അയാള്‍ വന്നിരിക്കുന്നത് എന്ന് എല്ലാവരും ഊഹിച്ചു.
ജീപ്പിനു മുകളില്‍ സൈക്കിള്‍, മടക്കുകട്ടില്‍ തുടങ്ങിയവയ്‌ക്കൊപ്പം കുറേ മരപ്പലകകളുമുണ്ടായിരുന്നു. അവ ഇറക്കി ടെന്റിനകത്തു വയ്‌ക്കാന്‍ അയാള്‍ മുതിര്‍ന്ന കുട്ടികളുടെ സഹായം തേടി. ഉള്ളില്‍ എന്തു വിസ്‌മയമാണ് ഒരുങ്ങുന്നതെന്നറിയാന്‍ ആകാംക്ഷ പ്രകടിപ്പിച്ചവരോട് മുത്തുബീരാന്‍ പറഞ്ഞു.
``ആരും ഉള്ളെ വരക്കൂടാത്. വന്നാ നഷ്‌ടം ഉങ്കളുക്ക് താന്‍.''
എന്നിട്ടും കുട്ടികള്‍ അവിടെ ചുറ്റിപ്പറ്റിനിന്നു. ഉള്ളില്‍ പലകകള്‍ അടുക്കുന്നതിന്റേയും ആണി അടിക്കുന്നതിന്റേയും ശബ്‌ദം കേട്ടു. കറുത്ത തുണികൊണ്ട് മറയുണ്ടാക്കുന്നതു കണ്ടു. മുത്തുബീരാന്റെ ഭാര്യ പത്തിരുപതു കുടം വെള്ളം ചുമന്നുകൊണ്ടു പോകുന്നതും കണ്ടു. ടെന്റിനു മുന്നില്‍ മുള കൊണ്ടുള്ള വേലിയും ഉയര്‍ന്നു.
രാത്രി പ്രദര്‍ശനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മുത്തുബീരാന്‍ ആകാംക്ഷയുടെ ബലൂണ്‍ പൊട്ടിച്ചത്.
``നീങ്കള്‍ മച്ചക്കന്നി എന്ന് കേട്ടിരിക്കാ? മച്ചക്കന്നി, അതാവത് കടല്‍ക്കന്നി... മല്‍സിയ കന്യക!''
കുട്ടികളുടെ ഇടയില്‍ നിന്നാണ് ഉണ്ടെന്ന മറുപടി ഉയര്‍ന്നത്.
``യാരാവത് കണ്ടിര്‌ന്തതാ?''
നിശ്ശബ്‌ദതയായിരുന്നു ഉത്തരം. ആകാംക്ഷയുടെ വീര്‍പ്പുമുട്ടലായിരുന്നു ആ നിശ്ശബ്‌ദത നിറയെ.
``എന്‍ഡ്രാല്‍ ഉങ്കളുക്കെല്ലാം അതിന് ഭാഗ്യം കെടച്ചിരിക്ക്. ആനാ ഒര് കാരിയം. പാര്‍ക്കതുക്ക് നീങ്കള്‍ കൊഞ്ചം കാശ് കൊടുക്ക വേണ്ടും...''
കുട്ടികള്‍ക്ക് ഒന്ന്. സ്‌ത്രീകള്‍ക്ക് രണ്ട്. പുരുഷന്മാര്‍ക്ക് അഞ്ച് എന്നതായിരുന്നു നിരക്ക്.
പിറ്റേന്ന് രാത്രി മത്സ്യകന്യകയെ കാണാന്‍ പണവുമായി ഒരുങ്ങി വരാന്‍ മുത്തുബീരാന്‍ എല്ലാവരെയും ക്ഷണിച്ചു. അന്ന് തന്റെ അഭ്യാസങ്ങള്‍ക്കിടയില്‍ അയാള്‍ സഹായാഭ്യര്‍ഥന നടത്തുകയോ അയാളുടെ ഭാര്യ തകരപ്പാത്രവുമായി കാണികളുടെ മുന്നിലെത്തുകയോ ചെയ്‌തില്ല.
അച്ഛനില്‍ നിന്ന് സംഘടിപ്പിച്ച ഒരു രൂപയുമായി പിറ്റേന്ന് നേരത്തെ കാലത്തെ തന്നെ ക്യൂവില്‍ സ്ഥാനം പിടിച്ചു. പ്രകാശന്റെ ചേട്ടനും വേറെ ഒന്നു രണ്ടു പേരും ക്യൂ നിയന്ത്രിക്കുന്ന ചുമതല സ്വയം ഏറ്റെടുത്തിരുന്നു.
ടെന്റിനു മുന്നില്‍ ഉയരമുള്ളൊരു സ്‌കൂളില്‍ മുത്തുബീരാന്‍ ഇരുന്നു. അയാളുടെ മടിയില്‍ മഞ്ഞനിറമുള്ള പ്ലാസ്റ്റിക്കിന്റെ ഒരു പണപ്പെട്ടിയുണ്ടായിരുന്നു.
ഏഷ്യാഡ് അപ്പുവിന്റെ ചിത്രമുള്ള നാണയം നല്‍കിയപ്പോള്‍ വേലിയുടെ മുഖവാതിലിലൂടെ പ്രവേശനം ലഭിച്ചു. മുത്തുബീരാന്‍ കാട്ടിത്തന്നതനുസരിച്ച്, തുണിയുടെ ചെറിയ കര്‍ട്ടന്‍ നീക്കി തല ടെന്റിനുള്ളിലേക്കിട്ടു.
ഉള്ളില്‍ ഇരുട്ടായിരുന്നു. ഭയം ശരീരത്തെ ചുറ്റാന്‍ തുടങ്ങിയപ്പോഴേക്കും വെട്ടം വന്നു. കറുപ്പു തുണി കൊണ്ടുമറച്ച മരപ്പെട്ടിക്കു നടുവിലെ ചതുരജാലകത്തിലൂടെയാണ് വെട്ടം കണ്ടത് വെറും വെട്ടമല്ല. സ്വപ്‌നത്തിന്റെ ഒരു നുറുങ്ങ് - മത്സ്യകന്യക!
തലയില്‍ കിരീടം. പട്ടുകുപ്പായം. കഴുത്തിലും കൈകളിലും ആഭരണങ്ങള്‍. അരയ്‌ക്കു താഴെ.... അതെ, അരയ്‌ക്കു താഴെ സ്വര്‍ണ്ണചെതുമ്പലുള്ള മിന്നിത്തിളങ്ങുന്ന മത്സ്യം!
പതിയെ വാലൊന്നിളക്കി, മുഖം ജലോപരിതലത്തിലേക്കുയര്‍ത്തി മത്സ്യകന്യക മനോഹരമായൊരു ചിരി ചിരിച്ചു.
സിനിമാനടിമാരെ തോല്‍പിക്കുന്ന ആ ചിരിയില്‍ കണ്ണു മഞ്ഞളിച്ച അതേ ക്ഷണത്തില്‍ വെളിച്ചം അണഞ്ഞു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മത്സ്യകന്യകയെക്കുറിച്ചുള്ള ചര്‍ച്ചയായി നാടു മുഴുവന്‍. കണ്ടവര്‍ തന്നെ പിന്നെയും പിന്നെയും കാണാന്‍ ക്യൂ നിന്നു. കേട്ടറിഞ്ഞ് അടുത്ത പ്രദേശങ്ങളില്‍ നിന്നും ആളുകളെത്തി.
മത്സ്യകന്യക ഒരു യാഥാര്‍ഥ്യമാണെന്ന് വിശ്വസിച്ചവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കും അത്ഭുതം കൊള്ളാന്‍ പക്ഷേ നിരവധി കാരണങ്ങളുണ്ടായിരുന്നു. മുത്തു ബീരാന്റെ പൊണ്ടാട്ടി വേഷം കെട്ടി ഇരിക്കുന്നതാണെന്നായിരുന്നു ചിലരുടെ വാദം. കറുത്ത ഒട്ടും സുന്ദരിയല്ലാത്ത അവരെവിടെ, ചന്ദനത്തിന്റെ നിറമുള്ള മത്സ്യകന്യക എവിടെ!
മുന്‍വര്‍ഷങ്ങളിലൊന്നും രാത്രിയിലെ പ്രകടനവേളയിലല്ലാതെ മുത്തുബീരാനോ ഭാര്യയോ അവരുടെ കൂടാരമോ നാട്ടുകാരുടെ പ്രത്യേകശ്രദ്ധയെ ആകര്‍ഷിച്ചിരുന്നില്ല. കുട്ടികള്‍ ഒരു വീരനായക സങ്കല്‍പവുമായി മുത്തു ബീരാനെ ചുറ്റിപ്പറ്റി നില്‍ക്കാറുണ്ടെന്നു മാത്രം. പക്ഷേ ആ അവസ്ഥയ്‌ക്ക് മാറ്റംവന്നു. മുത്തുബീരാന്റെ കൂടാരത്തിന് ചുറ്റും എപ്പോഴും നാട്ടുകാരുടെ കണ്ണുകള്‍ ഭ്രമണം ചെയ്‌തു.
എല്ലാം ഒരു കണ്‍കെട്ടു വിദ്യയാണെന്ന മറുപടിയില്‍ മുത്തുബീരാന്‍ തന്റെ `കച്ചവടരഹസ്യം' ഒളിച്ചുവച്ചു.
പ്രകാശന്റെ അച്ഛന് ചാരായവാറ്റുണ്ടായിരുന്നു. വീടിനു പിന്നിലെ കല്ലുവെട്ടു കുഴിയിലായിരുന്നു വാറ്റ്. വൈകുന്നേരമാകുമ്പോള്‍ കല്ലനിടവഴി കയറി ആവശ്യക്കാര്‍ എത്തിത്തുടങ്ങും. രാത്രി എട്ടൊന്‍പതു മണി വരെ ടോര്‍ച്ചിന്റെ, ചൂട്ടിന്റെ, മെഴുകുതിരിയുടെ, ബീഡിയുടെ - ഇങ്ങനെ പലതരം വെട്ടങ്ങള്‍ വന്നും പോയുമിരിക്കും.
അഭ്യാസപ്രകടനങ്ങള്‍ക്കുശേഷം മുത്തുബീരാനും അവിടേക്ക് പോക്കുവരവുണ്ടായിരുന്നു.അത്തവണ മുത്തുബീരാന്‍ വന്ന ശേഷം കല്ലുവെട്ടുകുഴിയില്‍ ഒരുചീട്ടുകളിക്കൂട്ടം രൂപപ്പെട്ടിരുന്നു. രാത്രിഭക്ഷണത്തിനു ശേഷം തുടങ്ങുന്ന കളി വളരെ വൈകുവോളം നീണ്ടിരുന്നു.
മുത്തുബീരാന്‍ ചീട്ടുകളിക്കാന്‍ പോകുന്ന സമയത്ത് മത്സ്യകന്യകയുടെ രഹസ്യം കണ്ടുപിടിക്കാന്‍ പദ്ധതി തയ്യാറാക്കിയത് പ്രകാശനായിരുന്നു. രാത്രി പത്തര മണിയോടടുപ്പിച്ചാണ് രണ്ടുപേരും വീടുകളില്‍നിന്നു മുങ്ങിയത്. ഒരാളെ കണ്ടില്ലെങ്കില്‍ മറ്റേയാളുടെ അടുത്തു പോയതാവും എന്ന് വീട്ടുകാര്‍ സമാധാനിച്ചോളും. പോരാത്തതിന് രണ്ടുപേരുടെയും അച്ഛന്മാര്‍ തകൃതിയായ ചീട്ടുകളിയിലും.
വീട്ടില്‍നിന്ന് കഷ്‌ടി നൂറുമീറ്റര്‍ അകലമാണ് ചെട്ടിപ്പറമ്പിലേക്കുള്ളത്. മത്സ്യകന്യക എന്ന ആകര്‍ഷണമില്ലായിരുന്നെങ്കില്‍ ചെട്ടിപ്പറമ്പിന്റെ വിജനതയിലേക്കുള്ള രാത്രിസഞ്ചാരം ഓര്‍ക്കാന്‍കൂടി പറ്റുമായിരുന്നില്ല.
ടെന്റില്‍ നിന്നിറങ്ങി ഒരു നിഴല്‍രൂപം ചെട്ടിപ്പറമ്പിന്റെ കിഴക്കേ മൂലയിലുള്ള പൊന്തക്കാടിന്റെ ഭാഗത്തേക്ക് നടന്നുപോയതിന് പിന്നാലെയാണ് താനും പ്രകാശനും വീടുകളില്‍ നിന്ന് മുങ്ങിയത്. മുത്തുബീരാന്റെ ഭാര്യ വെളിക്കിരുന്ന് തിരിച്ചുവരാന്‍ കുറഞ്ഞത് പത്തുമിനുട്ടെങ്കിലുമെടുക്കും. മൂന്നുനാലു ദിവസത്തെ നിരീക്ഷണത്തില്‍നിന്ന് പ്രകാശന്‍ ഉറപ്പുവരുത്തിയ കാര്യമാണത്.
മങ്ങിയ നിലാവുണ്ടായിരുന്നു. മങ്ങിയ വെളിച്ചം താര്‍പ്പായ കൊണ്ടുള്ള ടെന്റിനുള്ളിലും നിഴലിച്ചു കാണാമായിരുന്നു.ടെന്റിനോട് ചേര്‍ത്തു നിര്‍ത്തിയിരുന്ന ജീപ്പിന്റെ മറവില്‍ ഒരു നിമിഷം നിന്ന് രണ്ടാളും കിതപ്പാറ്റി. അപ്പോഴേക്കും ധൈര്യം ചോര്‍ന്നു പോയ തന്നെ പ്രകാശന്‍ കൈക്കു പിടിച്ചുവലിച്ച് ടെന്റിനു പിന്നിലേക്കു നയിച്ചു.
തുണിവാതില്‍ പൊക്കി അകത്തേക്കു കാലുവച്ചതും ശരീരത്തിലേക്ക് തണുപ്പു പടര്‍ന്നു. തറയില്‍ വെള്ളം ഒഴുകിപ്പടര്‍ന്നുണ്ടായ ചെളിയില്‍ ചവിട്ടി രണ്ടുപേരും സ്‌തംഭിച്ചുനിന്നു.
തിരി താഴ്‌ത്തിവച്ച റാന്തലിന്റെ വെളിച്ചത്തില്‍ ആദ്യം കണ്ണില്‍പ്പെട്ടത് തട്ടിമറിഞ്ഞ രണ്ടുമൂന്നു പാത്രങ്ങളും മറിച്ചിട്ടിരിക്കുന്ന മടക്കുകട്ടിലുമാണ്. കട്ടിലിനപ്പുറം കറുപ്പു കര്‍ട്ടനിട്ട മരക്കൂടിനു ചേര്‍ന്ന് ചുളുങ്ങിക്കിടന്ന വലിയ പ്ലാസ്റ്റിക് സഞ്ചിയില്‍ അല്‍പം വെള്ളം അവശേഷിച്ചിരുന്നു.കട്ടിലിനും സഞ്ചിക്കും നടുവില്‍ നിലത്ത് പൂര്‍ണനഗ്നയായി മലര്‍ന്നുകിടക്കുന്ന സ്‌ത്രീ.
ആദ്യമായി മുതിര്‍ന്ന ഒരു സ്‌ത്രീയുടെ നഗ്നത കാണുന്നതിന്റെ വിറയല്‍ മേലാകെ പടര്‍ന്നു.ചന്ദനത്തിന്റെ നിറമുള്ള ശരീരം. ചരിച്ചു വച്ചിരിക്കുന്ന മുഖത്ത് പക്ഷേ സുന്ദരമായ ആ ചിരി ഉണ്ടായിരുന്നില്ല. പകരം വീര്‍ത്ത വായില്‍ നിന്ന് ഒരു തുണിക്കഷണം പുറത്തേക്കെത്തി നോക്കി.
രണ്ടുപേരും പരസ്‌പരം കൈപിടിച്ചത് ഒരേ നിമിഷത്തിലാണ്. അടുത്തക്ഷണം കാലുകള്‍ പുറത്തേക്ക് കുതിച്ചു. അതിനിടെ മിന്നായംപോലെ അതും കണ്ടു. ടെന്റിന്റെ മൂലയിലെ ഇരുമ്പുതൂണില്‍ കൈകള്‍ പിന്നാക്കം കെട്ടപ്പെട്ട് കൂനിക്കൂടിയിരിക്കുന്ന മുത്തുബീരാന്റെ ഭാര്യ.
വീടിന്റെ ഉമ്മറത്തെത്തിയതേ പിന്നെ ഓര്‍മയുള്ളൂ. ഓടിക്കയറിച്ചെന്നതിന്റെ ഒച്ച കേട്ട് അകത്തുനിന്നും അമ്മയുടെ ശബ്‌ദമുയര്‍ന്നു.
``നേരം കൊറേയായില്ലേ കുട്ട്യോളേ... കളി മതിയാക്കി ഒറങ്ങാന്‍ നോക്ക്....''
വാ തുറന്ന് കിതച്ചു കൊണ്ട് പ്രകാശന്‍ തറപ്പിച്ചൊരു നോട്ടം നോക്കി. നിശ്ശബ്‌ദമായൊരു ആജ്ഞയായിരുന്നു അത്. അത് താന്‍ മനസ്സിലാക്കിയെന്നു കണ്ടപാടെ അവന്‍ മുറ്റത്തേക്കിറങ്ങി സ്വന്തം വീട്ടിലേക്ക് ഓടിപ്പോയി. കിണ്ടിയിലെ വെള്ളമടുത്ത് കാല്‍കഴുകി വേഗം ചെന്ന് കട്ടിലില്‍ കയറിക്കിടന്നു. പുതപ്പെടുത്ത് തല വഴിയെ മൂടി.
പിറ്റേന്ന് ഉറക്കമുണര്‍ന്നിട്ടും കിടക്ക വിട്ടെഴുന്നേല്‍ക്കാന്‍ ഭയമായിരുന്നു. പുറത്ത് ഉറക്കെയുള്ള സംസാരം കേട്ടപ്പോഴാണ് ഒടുവില്‍ എഴുന്നേറ്റ് ഉമ്മറത്തേക്കു ചെന്നത്.
നോട്ടം പോയത് ചെട്ടിപ്പറമ്പിലേക്കാണ്. അവിടെ മുത്തുബീരാന്റെ ടെന്റോ, ജീപ്പോ ഉണ്ടായിരുന്നില്ല....
ദൂരെ പുഴയുടെ വളവില്‍ നിന്ന് തീവണ്ടിയുടെ കിതപ്പ് ഇഴഞ്ഞുവന്നു. സദാനന്ദന്‍ കണ്ണുതുറന്നു.
`ഡാ,മോനേ സദാനന്ദാ .. നീയാ പെങ്കൊച്ചിന്റെ ബോഡീം കെട്ടിപ്പിടിച്ചിരിക്യാര്‌ന്നു,ല്ലേ...`
മാനഭംഗം ചെയ്യപ്പെട്ടവരുടെ ദൈന്യത്തോടെ വേച്ചു വേച്ചു വീണ വാക്കുകള്‍ക്കു പിന്നില്‍ ആന്റണി പല്ലിളിച്ചു നിന്നു. സദാനന്ദന് ശരീരമാസകലം പെരുത്തുകയറി.
` മതി ചേട്ടാ,നിങ്ങള് കെടന്നൊറങ്ങാന്നോക്ക്...`അല്‍പം കടുപ്പിച്ചാണവന്‍ പറഞ്ഞത്.
` എന്താ സദാനന്ദാ, അങ്ങനെയങ്ങ് കെടന്നാലോ..ഇപ്പല്ലേ ആകെക്കൂടിയൊന്നുഷാറായത്...` , ആന്റണി അരകുലുക്കിക്കൊണ്ട് പാന്റ് വയറിന് മേലേക്ക് വലിച്ചു കയറ്റി.
`നിനക്കൊര് കട്ടനടിക്കണംന്ന് തോന്നണ്‌ല്ലേ... ചെല്ല്,താനും പോയൊന്നുഷാറായിട്ട് വാ... `
�അയാളുടെ ചിരിക്കൊപ്പം പാളങ്ങള്‍ എല്ലു പുളിപ്പിക്കും വിധം കരഞ്ഞു.
സദാനന്ദനപ്പോള്‍ ഒരു ചൂടുകാപ്പി കഴിക്കണമെന്ന് കലശലായ ആഗ്രഹമുണ്ടായിരുന്നു. അഞ്ചുമിനുട്ട് തെക്കോട്ട് നടക്കുകയേ വേണ്ടൂ.
പക്ഷേ, എന്നെ തനിച്ചാക്കി പോകരുതേ എന്ന് ആരോ അവനെപിന്നാക്കം വലിച്ചു.``എനിക്കു വേണ്ട...'',സദാനന്ദന്‍ തിടുക്കത്തില്‍ പറഞ്ഞു.
ശാന്തമായൊരു ചിരിയോടെ ആന്റണി അല്‌പനേരം അവന്റെ മുഖത്തേക്കു നോക്കിനിന്നു.
``മോനേ, സദാനന്ദാ..., നിയ്യിപ്പെന്താന്നക്കുറിച്ച് വിചാരിക്കണേന്ന് ഞാമ്പറയട്ടെ...'',
അയാള്‍ അവന്റെ ചുമലില്‍ കൈവച്ചു. തന്റെ മേല്‍ തണുത്തു വഴക്കുന്ന ഒരിഴജീവി വന്നിരുന്നതുപോലെ ആ സ്‌പര്‍ശം സദാനന്ദനെ അസ്വസ്ഥനാക്കി.
``ഞാനാ ശവത്തിന വല്ലോം ചെയ്യ്യോന്നല്ലേ നിന്റ പേടി. അദ് വേണ്ടാട്ടോ.... മനസ്സീ തോന്ന ണത് വിളിച്ചങ്ങാ പറയും. അദെല്ലാണ്ട്.... ഇനിക്കൂല്ലേ അമ്മ പെങ്ങമ്മാര്...''
സദാനന്ദന്റെ ചുമലിടിഞ്ഞു.
``അല്ല ചേട്ടാ, ഞാനങ്ങനെ...'', അവന്റെ വാക്കുകള്‍ നഗ്നരാക്കപ്പെട്ടതുപോലെ വെപ്രാളപ്പെട്ടു വിളറി.
``ഇനിയ്‌ക്കറിയാം... നിന്റ മനസ്സ് ശുദ്ധാ. നീയ്യ് അങ്ങനെ ചിന്തിച്ചില്ലെങ്കിലാ തെറ്റ്... ''
പിന്നെയും എന്തൊക്കെയോ കൂടി ആന്റണി പറഞ്ഞു. തങ്ങളെ കടന്നു പോകുന്ന ചരക്കുവണ്ടിയുടെ ശബ്ദത്തില്‍ സദാനന്ദന് ഒന്നും വ്യക്തമായില്ല.
വണ്ടി പോയപ്പോള്‍, അവനെ ഒരറ്റത്തേക്ക് നീക്കിയിരുത്തിയ ശേഷം ആന്റണി കലുങ്കില്‍ നീണ്ടുനിവര്‍ന്നു കിടന്നു.
അപ്പോഴാണ് സദാനന്ദന്‍ പാളത്തിനപ്പുറത്തേക്കു ശ്രദ്ധിച്ചത്. ചോരയില്‍ ചവിട്ടിയപോലെ അവന്‍ ചാടി എഴുന്നേറ്റു.
പായക്കടിയിയില്‍ നിന്നും എന്തോ കടിച്ചു വലിച്ച് ഒരു പട്ടി കുറ്റിക്കാട്ടിലേക്ക് ഊര്‍ന്നിറങ്ങി.
സദാനന്ദനില്‍ നിന്ന് ഒരു നിലവിളി ഉയര്‍ന്നു. ഒരു കരിങ്കല്‍ച്ചീളെടുത്തെറിഞ്ഞുകൊണ്ട് അവന്‍ പട്ടിക്കു പിന്നാലെ കുതിച്ചു.............
��� 2006