മിസ് വണ്‍ നോട്ട് ഫൈവ്
പത്തൊമ്പതുകാരിയായ ഒരു കോളേജ് വിദ്യാര്‍ഥിയാണ് ഞാന്‍. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഒരാളുമായി അടുപ്പത്തിലാണ്. അതിനെ പ്രണയമെന്ന് വിളിക്കാമോ എന്ന് എനിക്കുതന്നെ നിശ്ചയമില്ല. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ അച്ഛനാണദ്ദേഹം.സമപ്രായക്കാരായ ധാരാളം ആണ്‍സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും അവരോടൊന്നും തോന്നാത്ത ഒരു വൈകാരികബന്ധം എനിക്കദ്ദേഹത്തോടുണ്ട്. ദിവസം ഒരു തവണയെങ്കിലും അദ്ദേഹത്തെ കാണുകയോ ഫോണിലെങ്കിലും ശബ്ദം കേള്‍ക്കുകയോ ചെയ്തില്ലെങ്കില്‍ ഭ്രാന്തു പിടിക്കുന്നതുപോലെ തോന്നും. അദ്ദേഹത്തിനും അങ്ങനെ തന്നെയാണെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യ കിടപ്പറയില്‍ സഹകരിക്കാതായതിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങള്‍ ശാരീരികമായി ബന്ധപ്പെടാറുണ്ട്.എന്നെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് കൂട്ടുകാരിയുടെ ചേട്ടന്‍ ഈയിടെ അവളോട് സൂചിപ്പിച്ചു. അവളത് ഞങ്ങളുടെ പേരന്റ്സിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്റെ വീട്ടുകാര്‍ ഈ ബന്ധത്തിന് അനുകൂലമായ നിലപാടിലാണ്. മരുമകളാവാന്‍ അദ്ദേഹവും എന്നെ നിര്‍ബന്ധിക്കുകയാണ്. മകനോട് എന്റെ കാര്യം സജസ്റ്റ് ചെയ്തതുതന്നെ അദ്ദേഹമാണത്രെ. മറ്റാരെയെങ്കിലും ഞാന്‍ കല്യാണം കഴിച്ചാല്‍ എന്റെ സാമീപ്യം തനിക്ക് നഷ്ടമാവുമെന്നും അതു താങ്ങാനാവില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ഡോക്ടര്‍, ഞാനിപ്പോള്‍ ആകെ ധര്‍മസങ്കടത്തിലാണ്. അദ്ദേഹം തൊട്ടടുത്ത മുറിയിലിരിക്കെ മറ്റൊരു പുരുഷനുമൊത്ത് കഴിയാന്‍ എനിക്കാവില്ലെന്ന് മനസ്സ് പറയുന്നു. വിവാഹശേഷവും പഴയബന്ധം തുടരാന്‍ അദ്ദേഹം നിര്‍ബന്ധിച്ചാല്‍ ഒഴിഞ്ഞുമാറാനുള്ള ശക്തിയും എനിക്കുണ്ടാവുമെന്നു തോന്നുന്നില്ല. അങ്ങനെ വരുമ്പോള്‍ അത് ഒരു ദുരന്തത്തെ ക്ഷണിച്ചുവരുത്തലാവില്ലേ? അതിലുപരി നല്ലൊരു ചെറുപ്പക്കാരനെ അറിഞ്ഞുകൊണ്ട് ചതിക്കലാവില്ലേ? ശരിതെറ്റുകളെ കുറിച്ചാലോചിച്ച് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല....
പൊടുന്നനെ ഫോണ്‍ ചിലയ്ക്കാന്‍ തുടങ്ങി. 'ഷിറ്റ്' എന്നൊരു പ്രതിഷേധശബ്ദം പുറപ്പെടുവിച്ച് താരാമേനോന്‍ വായിച്ചുകൊണ്ടിരുന്ന മാഗസിന്‍ കിടക്കയില്‍ കമഴ്ത്തിവച്ച് എഴുന്നേറ്റു.
മേഴ്സി കുര്യനാവും. വൈകിട്ട് ചെറിയൊരു കറക്കം കോളേജില്‍ വച്ചേ അവള്‍ പ്ലാന്‍ ചെയ്തിരുന്നു. ഉമേഷ് രാജിന് തന്നെ മുട്ടിച്ചുകൊടുക്കുകയാണ് ഇന്നത്തെ കറക്കത്തിന്റെ ഉദ്ദേശമെന്നുറപ്പ്. കുറച്ചുനാളായി അവള്‍ തന്നോട് അവന്റെ കാര്യം തന്നെപറഞ്ഞുകൊണ്ടിരിക്കുന്നു. അവളുടെ കമ്പ്യൂട്ടര്‍ ക്ലാസ്മേറ്റാണത്രെ. ചൈതന്യ സില്‍ക്ക്സിന്റെ ആഡ് കണ്ട് തന്നെ വല്ലാണ്ട് ഇഷ്ടമായിപോലും. തന്തേം തള്ളേം സ്റ്റേറ്റ്സീന്ന് അയച്ചുകൊടുക്കുന്ന കാശുണ്ടാവുമ്പോ അങ്ങനെ പല ഇഷ്ടങ്ങളും തോന്നും....
ഫോണെടുത്തപ്പോള്‍, മറുതലയ്ക്കല്‍ എലിസബത്തിന്റെ സ്വരം.
'ഹായ് ആന്റീ....'
'മോളുണ്ടാവ്വോന്ന് പേടിച്ചിരിക്ക്യാര്‍ന്നു ഭാഗ്യം! എന്തടുക്ക്വാര്‍ന്നു?'
'ഓ... ചുമ്മാ വായിച്ചോണ്ട് കെടക്ക്വാര്‍ന്നു.'
'ഈ നട്ടുച്ചനേരത്ത് എന്തോന്നാ വായന, ഏ?...'
'ഓ... എന്തുപറയാനാ... ആന്റി വിളിച്ചദോണ്ട് വായനേടെ സുഖം പോയി.'
'സോറി മോളേ.... ആ പിന്നെ, വെറുതെ അതുമിതും വായിച്ചിരിക്കാതെ വേഗം റെഡിയാവ്. ഒരര്‍ജന്റ് പ്രോഗ്രാം. മീറ്റ് മിസ്റ്റര്‍ യൂസഫ് അറ്റ് മുംബൈ, റ്റുഡെ ഇറ്റ്സെല്‍ഫ്... എന്താ?'
'വൗ... ഇന്നുതന്നെയോ! അതിപ്പോ...'
'എന്താ വല്ല പേഴ്സണല്‍ പ്രോബ്ലംസും...'
'ഏയ്, നത്തിങ്ങ്.'
'എന്നാ അരമണിക്കൂറിനകം റെഡിയായിക്കോളൂ. മമ്മിയെ വിളിച്ച് പറയാന്‍ മറക്കണ്ട.'
'ഓക്കെ..'
'താങ്ക് യൂ!'
താരാമേനോന്‍ ഉടുപ്പുകള്‍ ഊരി കിടക്കയിലേക്കെറിഞ്ഞ് ബാത്ത്‌റൂമിലേക്കു കയറി.'ഷീ ബാങ്ങ്സ്.... ഷീ ബാങ്ങ്സ്...', പഴയൊരു റിക്കി മാര്‍ട്ടിന്‍ പാടിക്കൊണ്ട് ഷവറിനു താഴെ ഒരു ജലകന്യകയാണെന്ന് സ്വയം സങ്കല്‍പിച്ച് അവള്‍ നൃത്തംവെച്ചു.ജീന്‍സും ടോപ്പും ധരിച്ച്, മുടി ചീകി മുഖം മിനുക്കിയ ശേഷം താരാമേനോന്‍ മമ്മിയുടെ ഓഫീസിലേക്ക് വിളിച്ചു.
'മമ്മീ... അയാം ഗോയിങ് ടു മുംബൈ അര്‍ജന്റ്ലി. എലിസാന്റിഇപ്പോ വിളിച്ചു പറഞ്ഞതാണ്. രാജൂ ഭാട്ടിയയെ ചെന്നു കാണാന്‍. പുള്ളിക്കാരന്റെ പുതിയ ആല്‍ബത്തിലേക്ക് ഒരു മലയാളിഗേളിനെ ആവശ്യമുണ്ടത്രെ.'
'ഈസിന്റിറ്റ്!... ട്രൈ യുവ ബെസ്റ്റ്. യു വില്‍ ഗെറ്റിറ്റ്, ഈഫ് യു ആ ലക്കി...'
'രാത്രി പപ്പ വിളിക്കുമ്പോ പറയാന്‍ മറക്കരുത്.'
'ഓ യെസ്. ടു തെര്‍ട്ടിയ്ട ഫ്ലൈറ്റിനായിരിക്കും, അല്ലേ?ബെസ്റ്റ് വിഷസ് മൈ ബേബീ..'
'താങ്ക് യൂ, താങ്ക് യൂ മമ്മീ!'
മുടി ഒന്നുകൂടി ബ്രഷ് ചെയ്തശേഷം ചുണ്ടിലെ ചായം ശരിയാക്കുമ്പോഴേക്കും പുറത്ത് കാറിന്റെ ഇരമ്പല്‍.താര ലെതര്‍ കൈറ്റ്ടുത്ത് തോളത്തിട്ട് വേഗം മുറിവിട്ടിറങ്ങി. സ്റ്റെയര്‍ കേസ് പാഞ്ഞിറങ്ങുമ്പോള്‍ വേലക്കാരിയോട് വിളിച്ചുപറഞ്ഞു.'കമലമ്മാ, ഞാന്‍ പൊറത്തെറങ്ങ്വാ...'
ഗേറ്റിനു പുറത്ത് എലിസയുടെ ഇളംനീലഐക്കോണ്‍.
'മമ്മിയെന്തു പറഞ്ഞു?'കാര്‍ മുന്നോട്ടെടുത്തുകൊണ്ട് എലിസബത്ത് ചോദിച്ചു.
'െട്രൈ യുവ ബെസ്റ്റ്.'
എലിസ ഉറക്കെ ചിരിച്ചു. താരയും അതില്‍ പങ്കുചേര്‍ന്നു.
ഷേണായീസിനു മുന്നില്‍ കാര്‍ സിഗ്നല്‍ കാത്തുനിന്നപ്പോള്‍ താര ചോദിച്ചു.
'റ്റെല്‍ മീ, രാജു ഭാട്ടിയയുടെ പുതിയ ആല്‍ബത്തിന്റെ കാര്യം ശരിക്കും എന്തായി?'
'അതു നമ്മുടെ കൈവിട്ടുപോയി മോളേ... ആ ട്രിവാന്‍ഡ്രംകാരിയില്ലേ, ഭരതനാട്യക്കാരി, കഴിഞ്ഞയാഴ്ച അവളുടെ ഒരു പ്രോഗ്രാമുണ്ടായിരുന്നു ഡല്ലീല്. അവിടുന്നവളയാളെ കണ്ടൂന്നാ ഞാനറിഞ്ഞത്.'
'ലിവിറ്റ്.. രാജു ഭാട്ടിയയുടെ കീഴില്‍ വര്‍ക്ക്ചെയ്യാന്‍ അത്ര എളുപ്പമൊന്നും പറ്റില്ലാന്ന് മമ്മിക്കറിയാം.'
'പോള്‍സന്റെ പുതിയ രണ്ടുമൂന്ന് ആഡ്സുണ്ട്. ഒരെണ്ണം നിന്നെ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്.'
കളമശ്ശേരി എത്താറായപ്പോള്‍ റോഡ് ബ്ലോക്കായി.'ജന്മം പാതിയും ട്രാഫിക് ബ്ലോക്കില്‍ തുലയ്ക്കാനാ നമ്മുടെ തലേലെഴുത്ത്. സ്റ്റുപിഡ് കണ്‍ട്രി.'എലിസ സ്റ്റിയറിംഗില്‍ മുഖംചായ്ച്ച് പിറുപിറുത്തു.'ഇവിടിങ്ങനെ അരമണിക്കൂര്‍ കിടന്നാല്‍ ഫ്ലൈറ്റ് അതിന്റെ വഴിക്കുപോകും.'
തൊട്ടുമുന്നിലെ കാറിന്റെ അരികില്‍ ഒരേഴെട്ടുവയസ്സുള്ള പെണ്‍കുട്ടി യാചനാപൂര്‍വം കൈനീട്ടി നില്‍ക്കുന്നത് അപ്പോഴാണ് താരാമേനോന്‍ കണ്ടത്. അവളുടെ ഒക്കത്ത് മാസങ്ങള്‍ മാത്രം പ്രായം വരുന്ന ഒരു കൊച്ചുമുണ്ടായിരുന്നു. താരയ്ക്ക് സങ്കടംതോന്നി. അവള്‍ കാറിന്റെ സൈഡ് ഗ്ലാസ് താഴ്ത്തി.
കാറിനകത്തെ സുഖശീതളിമയിലേക്ക് വെയില്‍ക്കാറ്റ് അടിച്ചുകയറിയപ്പോള്‍ എലിസബത്ത് ശാസനാഭാവത്തില്‍ ശബ്ദമുയര്‍ത്തി.'വാട്ട് ആര്‍ യു ഡൂയിങ്ങ്, താര?'താര അതു ഗൗനിച്ചില്ല. ബാഗില്‍നിന്നും ഒരു നോട്ട് വലിച്ചെടുത്തശേഷം അവള്‍ പുറത്തേക്ക് തലയിട്ട് പെണ്‍കുട്ടിയെ മാടിവിളിച്ചു. അടുത്തുവന്ന കുട്ടിയുടെ കൈയില്‍ പത്തുരൂപാനോട്ട് ഇട്ടുകൊടുത്തശേഷം അവളെയും കുഞ്ഞിനേയും നോക്കി ഒന്നുചിരിച്ച് താര വേഗം തന്നെ ഗ്ലാസ് ഉയര്‍ത്തി.
താരയുടെ പ്രവൃത്തി നോക്കിയിരുന്ന എലിസബത്ത് പറഞ്ഞു.'ഈ കൊച്ചിന്റെയൊരു കാര്യം!'
അപ്പോഴേക്കും ഗതാഗതക്കുരുക്കഴിഞ്ഞു.നെടുമ്പാശ്ശേരിയിലെത്തി, കാറില്‍ നിന്നിറങ്ങുന്നതിന് മുന്‍പ് എലിസബത്ത് ടിക്കറ്റ് എടുത്തുനീട്ടി.
'ലുക്ക്, താനിപ്പോള്‍ ശുഭാ മാത്യുവാണ്. ആ പേരിലാ ടിക്കറ്റ്, ഓര്‍ത്തോണം.'
'ഇതിപ്പോള്‍ ആദ്യത്തെ തവണയൊന്നുമല്ലല്ലോ', താര ചിരിച്ചുകൊണ്ട് തലയാട്ടി.
'പുറത്ത് യൂസഫ് വെയ്റ്റ് ചെയ്യുന്നുണ്ടാവും.'
ചിരിക്കുമ്പോള്‍ ചെറുതാവുന്ന എലിസാന്റിയുടെ കണ്ണുകളില്‍നോക്കി അവള്‍ യാത്ര പറഞ്ഞു.
പ്ലെയിന്‍ വായുവിലുയര്‍ന്ന ശേഷം സീറ്റ് ബെല്‍ട്ട് മാറ്റി സ്വാതന്ത്ര്യത്തോടെ കണ്ണടച്ചിരുന്ന് യാത്രയുടെ വിരസത മാറ്റാന്‍ അവള്‍ വിജയിനെ കൂട്ടുവിളിച്ചു.ഈ വര്‍ഷം ആദ്യം കോട്ടയത്തുനടന്ന ദക്ഷിണേന്ത്യന്‍ യുവജനോത്സവത്തിനിടയിലാണ് ചിറ്റൂര്‍ കോളേജില്‍ മ്യൂസിക് എം.എയ്ക്കു പഠിക്കുന്ന അവനെ പരിചയപ്പെട്ടത്. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ലജ്ജയാല്‍ ചുവക്കുന്ന അവന്റെ മുഖം അവള്‍ കവിളോടു ചേര്‍ത്തുപിടിച്ചു. ഇടയ്ക്ക് അവന്‍ ഫോണില്‍ വിളിക്കുമ്പോള്‍ മാത്രം തനിക്ക് സംസാരിക്കാനുള്ള ഭാഷ നഷ്ടപ്പെടുന്നല്ലോ എന്നാലോചിച്ചപ്പോള്‍, ശരീരത്തിലെ ചോര മുഴുവന്‍ ആവിയായിപ്പോകുന്നതുപോലെ അവള്‍ക്കനുഭവപ്പെട്ടു.
സാന്താക്രൂസില്‍ നിന്ന് പുറത്തേക്കുള്ള വഴിയേ നടക്കുമ്പോള്‍തന്നെ യൂസഫ് മുന്നിലെത്തി. കാര്‍ നായ്ക്കനാക്കി ജങ്ങ്ഷനിലെ വാഹനത്തിരക്കിലൂടെ ശ്വാസംമുട്ടി നീങ്ങുമ്പോള്‍ വീണ്ടും ആകാംക്ഷയുടെ തരിപ്പ് താരയുടെ എല്ലുകളെ വിറപ്പിച്ച് കടന്നുപോയി.'എന്തായിരിക്കും ഡോക്ടര്‍ ആ പെണ്‍കുട്ടിക്ക് മറുപടി കൊടുത്തിട്ടുണ്ടാവുക?'ആ മാഗസിന്‍ കിറ്റിലെടുത്തിടാന്‍ തോന്നിക്കാതിരുന്ന ബുദ്ധിയെ അവള്‍ മനസ്സില്‍ തെറിപറഞ്ഞു.
യൂസഫിനു പിന്നാലെ ഹോട്ടലിനുള്ളിലേക്കു നടക്കുമ്പോള്‍, എയര്‍പോര്‍ട്ടിലെ ബുക്ക് സ്റ്റാളില്‍ ആ മാഗസിന്‍ ഉണ്ടോ എന്ന് നോക്കാമായിരുന്നു എന്ന് കുണ്ഠിതപ്പെടുകയും ചെയ്തു.
റിസപ്ഷനിലെ സുന്ദരിയോട് എന്തോ സംസാരിച്ചശേഷം യൂസഫ് താരയ്ക്കരികിലെത്തി.
'വരൂ... ത്രീതെര്‍ട്ടി സിക്സ്, തേഡ് ഫ്ലോര്‍.'
ലിഫ്റ്റ് മുകളിലേക്കുയരുമ്പോള്‍ യൂസഫ് കവിളില്‍ തട്ടി.'കഴിഞ്ഞ തവണ പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ, അല്ലേ?'
അവള്‍ എല്ലാം ഓര്‍മയുണ്ടെന്ന് ചിരിച്ചുകാട്ടി.336-ാം നമ്പര്‍ മുറിയിലേക്കു നടക്കുമ്പോള്‍ താര ഓര്‍ക്കാന്‍ ശ്രമിച്ചു. നിറമുള്ള കല്ലുമോതിരമണിഞ്ഞ കുറേ വിരലുകളുടെ ചിത്രം മാത്രമാണ് തെളിഞ്ഞത്.
കോളിങ് ബെല്ലില്‍ വിരലമര്‍ത്തിയ ശേഷം വാതില്‍ തുറക്കപ്പെടാന്‍ കാത്തുനില്‍ക്കുമ്പോള്‍ യൂസഫ് ഓര്‍മിപ്പിച്ചു.'രാവിലെ എയ്റ്റ്്ഫോര്‍ട്ടിക്കാണ് റിട്ടേണ്‍ ഫ്ലൈറ്റ്.'
കുട്ടിത്തം നിറഞ്ഞ ഒരു മുഖമാണ് വാതില്‍ തുറന്നത്.'ആയിയേ... ആയിയേ...'അയാള്‍ രണ്ടുപേരെയും അകത്തേക്കു ക്ഷണിച്ചു.യൂസഫ് ക്ഷണം നിരസിച്ചുകൊണ്ട് അയാള്‍ക്ക് നേരെ കൈനീട്ടി, ഹിന്ദിയില്‍ പറഞ്ഞു.'ഞാന്‍ നില്‍ക്കുന്നില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഓഫീസിലേക്കു വിളിച്ചാല്‍ മതി.'ചിരി തന്നെയായിരുന്നു അയാളുടെ പ്രതികരണം.
രോമമില്ലാത്ത മാംസളമായ ആ മുഖത്തെ ചിരിയിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോള്‍ താരയ്ക്ക് അയാളുടെ പ്രായത്തെക്കുറിച്ച് സന്ദേഹമായി. 25-നും 50-നും ഇടയില്‍ എവിടെയാണയാള്‍ നില്‍ക്കുന്നത്?താര രണ്ടുപേരെയും കടന്ന് മുറിക്കുള്ളില്‍ കയറി. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടിവിക്കു മുന്നിലെ സോഫാചെയറിലിരുന്നു.
'ദെന്‍ ഓക്കെ.... വീവില്‍ മീറ്റ് ടുമാറോ..''ശുക്രിയാ..'താരയ്ക്കു പിന്നില്‍ വാതിലടഞ്ഞു.
പരിചിതമായൊരു മുഖം കണ്ടപ്പോഴാണ് താര ടി.വി. സ്ക്രീനിലെ പരിപാടി എന്തെന്ന് തിരിച്ചറിഞ്ഞത്. മുണ്ടും നേര്യതുമുടുത്ത് ക്യാറ്റ് വാക്ക് നടത്തുന്ന സുന്ദരി. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മിസ് കേരള കണ്ടസ്റ്റ്.സോഫായ്ക്കു പിന്നില്‍നിന്ന് തടിച്ചുരുണ്ട രണ്ടുകൈകള്‍ താരയുടെ ചുമലില്‍ മൃദുവായി അമര്‍ന്നു.
'ലുക്ക്്', അയാള്‍ സ്ക്രീനിലേക്ക് ചൂണ്ടി. 'ഞാന്‍ നിന്നെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.' അയാള്‍ ഹിന്ദിയില്‍ പറഞ്ഞു.
കഴുത്തിലൂടെ താഴേക്കിഴഞ്ഞ കൈകള്‍ സ്നേഹപൂര്‍വമായ ശാസനയോടെ അവള്‍ പിടിച്ചുമാറ്റി.അയാള്‍ സോഫാചെയറിന്റെ കൈയില്‍ ഇരുന്ന് അവളെ ചേര്‍ത്തുപിടിച്ചു.'ഇതിലാരാ മിസ് കേരളാവായത്?'
'വണ്‍ ട്വെന്റി.'
സ്ക്രീനില്‍ വന്നുപോയ്ക്കൊണ്ടിരുന്ന സുന്ദരികളില്‍ നിന്നും നൂറ്റിഇരുപതാം നമ്പറുകാരിയെ കണ്ടുപിടിച്ച് അയാള്‍ പ്രതികരിച്ചു.'ഓ, ഇവളോ... സ്റ്റുപ്പിഡ് ജഡ്ജ്മെന്റ്.'
പുറമെ ചിരിച്ചുകാട്ടിയെങ്കിലും ഉള്ളില്‍ താരയ്ക്ക് കടുത്ത നിരാശ തോന്നി. അവളുടെ ബിസിനസുകാരനായ അച്ഛന്‍ കാശുവാരിയെറിഞ്ഞ് മകള്‍ക്ക് സുന്ദരിപ്പട്ടം വാങ്ങിക്കൊടുക്കുകയായിരുന്നെന്ന രഹസ്യം മത്സരശേഷമാണറിയുന്നത്. വീമ്പു പറഞ്ഞുനടക്കാന്‍ ഒരു കിരീടം. അതിലപ്പുറം മോഡലിങ്ങിലോ ആക്ടിങ്ങിലോ ഒരു താല്‍പര്യമില്ലാത്തവള്‍.ദേഷ്യവും സങ്കടവും പണിപ്പെട്ടാണ് നിയന്ത്രിച്ചത്. എലിസാന്റി കുറേ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അവരുടെ സംസാരത്തില്‍ നിന്ന് മത്സരഫലത്തെക്കുറിച്ച് ആന്റിക്ക് നേരത്തെ അറിയാമായിരുന്നു എന്നു തോന്നി. പിന്നീടാലോചിച്ചപ്പോള്‍, അക്കാര്യത്തില്‍ എലിസാന്റിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ബോധ്യപ്പെട്ടു.
'ഞാനായിരുന്നെങ്കില്‍ ആരെ സെലക്ട് ചെയ്യുമായിരുന്നെന്ന് പറയാമോ.... നിന്നെ!'അവളുടെ ഇടതുകവിളിലെ മാംസം വിരലുകള്‍ക്കിടയില്‍ ഇറുക്കിയെടുത്ത് ഇളകിച്ചിരിച്ചുകൊണ്ട് അയാള്‍ കൂട്ടിച്ചേര്‍ത്തു.'രാവിലെ ഈ കാസറ്റ് ആദ്യം കണ്ടപ്പോള്‍ത്തന്ന വണ്‍നോട്ട് ഫൈവിനെ വെറുതെയാണോ ഞാന്‍ സെലക്ട് ചെയ്തത്! പിന്നെ... ആ വണ്‍നോട്ട്ടുവും കൊള്ളാം. പക്ഷേ, അവളുടെ നെഞ്ച് ആണുങ്ങളുടേതു പോലായിപ്പോയി.'
അയാളുടെ ചിരി മുറിയെ കിടുക്കിയപ്പോള്‍ താര എഴുന്നേറ്റു.'എനിക്കൊന്നു കുളിക്കണം.'
'എനിക്കും. ഞാന്‍ നീ വരാന്‍ കാത്തിരിക്കുകയായിരുന്നു.'
ബാത്ത് റൂമിലേക്ക് അവള്‍ക്കു പിന്നാലെ നീങ്ങവേ അയാള്‍ പറഞ്ഞു:'അതു ചോദിക്കാന്‍ വിട്ടു. നിന്റെ പേരെന്താ?'
താര ചിരിച്ചു.
'വണ്‍ നോട്ട് ഫൈവ്.'
പിറ്റേന്നു രാവിലെ മടക്കയാത്രയില്‍ എയര്‍പോര്‍ട്ടിലെ ബുക്ക് സ്റ്റാളില്‍നിന്നും താരാമേനോന്‍ മറക്കാതെ ആ മാഗസിന്റെ ഒരു കോപ്പി കൈക്കലാക്കി.പ്ലെയിനിലെ സ്വന്തം ഇരിപ്പിടത്തിലെത്തിയ ഉടനെ അവള്‍ മാഗസിന്‍ തുറന്നു.
അപ്പോഴാണ് ഇടതുകൈയിലെ നടുവിരലില്‍ പാകമാവാതെ കിടക്കുന്ന മോതിരത്തില്‍ വീണ്ടും അവളുടെ ശ്രദ്ധ ചെന്നത്. താര മോതിരം ഊരിയെടുത്ത് ലതര്‍കിറ്റിന്റെ സൈഡ് പോക്കറ്റില്‍ നിക്ഷേപിച്ചു. യൂസഫ് ഏല്‍പ്പിച്ച ചെക്കുംഅവിടെ സുരക്ഷിതമായിരിപ്പുണ്ടായിരുന്നു. പിന്നെ ആകാംക്ഷയോടെ 'അഡ്വൈട്ടൈസേഴ്സ് കോളം' തിരഞ്ഞ് മാഗസിന്റെ പേജുകള്‍ മറിക്കാന്‍ തുടങ്ങി.(2000)
1 Comments:
സുനിലാണ് ഈ കഥയുടെ ലിങ്ക് അയച്ചുതന്നത്. തരക്കേടില്ല.
വായിച്ചവസാനിപ്പിക്കുമ്പോള്‍ വായില്‍ ഉമിനീര് കൊഴുക്കുന്നു. ഇതെന്താ ഇങ്ങനെ?
അനൂപേ, ഇതെന്താ ഇങ്ങനെ?
Post a Comment
<< Home