Thursday, September 06, 2007

രൂപകം

മലബാര്‍ കടന്നുപോയി അല്‌പം കഴിഞ്ഞപ്പോള്‍ റെയില്‍വേ ലൈന്‍മാന്മാരാണ്‌ സ്റ്റേഷനില്‍ വിളിച്ചു വിവരം പറഞ്ഞത്‌. ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ ബീറ്റിലായിരുന്ന സദാനന്ദന്‍ എത്തുമ്പോഴേക്കും എസ്‌.ഐയും പാര്‍ട്ടിയും പ്രാഥമികനടപടികളൊക്കെ പൂര്‍ത്തിയാക്കിയിരുന്നു.

മറ്റു കാര്യങ്ങളൊക്കെ നേരം പുലര്‍ന്നിട്ടാവാമെന്നു പറഞ്ഞ്‌ അവര്‍ മടങ്ങിയപ്പോള്‍ കാവല്‍ ഡ്യൂട്ടിയില്‍ സദാനന്ദന്‍ ആന്റണിക്ക്‌ കൂട്ടായി.

പൂര്‍ണ്ണനഗ്നമായ ശരീരം ട്രാക്കിനോട്‌ ചേര്‍ന്ന്‌ കമഴ്‌ത്തിക്കിടത്തിയ നിലയിലായിരുന്നത്രെ. ആന്റണിച്ചേട്ടനാണ്‌ പറഞ്ഞത്‌.

ദൂരേക്ക്‌ തെറിച്ചുപോയ തല പൊട്ടിപ്പൊളിഞ്ഞിരുന്നില്ലെങ്കിലും മുഖം ചതഞ്ഞ്‌ വികൃതമായിരുന്നു. പതിനെട്ടോ ഇരുപതോ വയസ്സില്‍ കൂടില്ല.

കൂട്ടംചേര്‍ന്നുള്ള ആക്രമണമായിരുന്നു എന്ന്‌ തീര്‍ച്ച. ചിലപ്പോള്‍ അതിനിടയില്‍ത്തന്നെ ജീവന്‍ പോയിട്ടുണ്ടാവാം. അല്ലെങ്കില്‍ പാളത്തില്‍ കൊണ്ടുവന്നു വച്ചത്‌ ബോധം നഷ്‌ടപ്പെട്ട അവസ്ഥയിലാവാം. താഴെ കുറ്റിക്കാട്ടില്‍ വച്ചാണ്‌ സംഭവം നടന്നിരിക്കുന്നത്‌.

എന്തെങ്കിലും തെളിവു പോയിട്ട്‌ അവളുടെ വസ്‌ത്രത്തിന്റെ ഒരു തുണ്ടു പോലും കണ്ടുകിട്ടിയിട്ടില്ല...

നേര്‍ത്ത നിലാവില്‍ പരസ്‌പരം കൈകോര്‍ത്തു കിടക്കുന്ന പാളങ്ങളിലേക്ക്‌ നോക്കിയിരിക്കേ, അവ നന്മതിന്മകളെക്കുറിച്ചുള്ള ഒരു രൂപകമാണെന്ന്‌ സദാനന്ദനു തോന്നി. തേരട്ടക്കാലുകള്‍ കൊണ്ടുള്ള ഈ ബന്ധം ഒന്നു മുറിഞ്ഞാല്‍ തകിടം മറിയുന്നതെന്താവും?

അപ്പോഴേക്കും സദാനന്ദന്റെ ചിന്തകള്‍ക്കു മീതെ ആന്റണിയുടെ പ്രാക്ക്‌ പാഞ്ഞുകയറി.

``പണ്ടാറടങ്ങാന്‍...''ഒരു തുള്ളിപോലും അവശേഷിച്ചിട്ടില്ലാത്ത മദ്യക്കുപ്പി ആന്റണി ദൂരേക്ക്‌ വലിച്ചെറിഞ്ഞു. കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നും ചില്ലുകള്‍ ചിതറുന്ന ഒച്ച കേട്ടു.

``എന്തൂട്ടാണ്ടാ നീയ്യ്‌ സ്വപ്‌നം കണ്ട്‌ര്‌ക്യാ?''ലഹരി പിച്ചവയ്‌ക്കാന്‍ തുടങ്ങിയ ആന്റണിയുടെ മുഖത്ത്‌ ഒരു അശ്ലീലച്ചിരിയുണ്ടായിരുന്നു.

``ഞാനെങ്ങന്യാ നേരം പൊലര്‍ത്ത്വാന്നാലോയ്‌ക്യാണ്‌...'', സദാനന്ദന്‍ പറഞ്ഞു.

``അദെന്യാ ഞാന്വാലോയ്‌ക്കണേ.... ഒരാഫും കൂടി കിട്ട്യാലേ നൈറ്റ്‌ ഡ്യൂട്ടിക്കൊരുഷാറ്‌ണ്ടാവ്‌ള്ളൂ....''സ്വന്തം തമാശ ആസ്വദിച്ചുകൊണ്ട്‌ പാളത്തില്‍ ഇരുമ്പുചക്രമുരയുന്ന ശബ്ദത്തില്‍ ആന്റണി നീട്ടിവലിച്ചൊരു ചിരി ചിരിച്ചു.

``ശെരിയാ, കൂര്‍ക്കംവലിക്കപ്പോ നല്ല ഉഷാറുണ്ടാവും.''

``പിന്നെ ഞാനെന്തൂട്ടാ കാട്ട്വാ... പ്രായമായി വര്വല്ലേ. നിന്നെപ്പോലെ ഒറക്കൊഴിക്കാമ്പറ്റ്വോ...''

``അതിന്‌ ചേട്ടനൊറക്കൊഴിക്കണംന്ന്‌ ഞാമ്പറഞ്ഞോ, പ്പോ.... വല്ല പുസ്‌തകോം ഇ്‌ണ്ടെങ്കി വായിച്ചോണ്ടിരിക്ക്യാര്‌ന്നു...''

``എന്നാപ്പിന്നൊര്‌ കാര്യം ചെയ്യാം. മ്മക്ക്‌ വല്ലോം മ്‌ണ്ടീം പറഞ്ഞും ഇരിക്കാം, ന്താ?''

``വേണ്ട, വേണ്ട. എന്തു പറഞ്ഞാലും മറ്റേ കൂട്ടല്ലേ നിങ്ങട വായിന്ന്‌ വീഴൂ...''

``നിയ്യൊരു പുണ്യാളന്‍....'', ആന്റണി സദാനന്ദന്റെ പുറത്ത്‌ തമാശയായി ഒരടി കൊടുത്തുകൊണ്ട്‌ എഴുന്നേറ്റു.

``നിന്റെ ബോറടി മാറ്റാനൊര്‌ വഴീണ്ട്‌, വാ...''

അയാള്‍ സദാനന്ദനെ കൈപിടിച്ച്‌ വലിച്ച്‌ എഴുന്നേല്‍പ്പിച്ചു. `കളിക്കാതെ ചേട്ടാ' എന്ന്‌ സദാനന്ദന്‍ കുതറാന്‍ ശ്രമിച്ചു.

പാളത്തിന്റെ മറുവശത്ത്‌ കലുങ്കിനരികിലേക്കാണ്‌ ആന്റണി തന്നെ നയിക്കുന്നതെന്നു കണ്ട്‌ പിടിവിടുവിക്കാന്‍ സദാനന്ദന്റ ഒരു ശ്രമം കൂടി നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കലുങ്കിനരികിലെ പായയുടെ അടുത്തുനിന്നപ്പോള്‍, കാറ്റില്‍ കയ്യൊടിഞ്ഞു കൂമ്പിയ വാഴ പോലെ അവന്‍ തന്നിലേക്കു തന്നെ ചുരുങ്ങി.

അന്നേരം, അരികുകളില്‍ കയറ്റിവച്ചിരുന്ന കല്ലുകള്‍ നീക്കി ആന്റണി പായ വിടര്‍ത്തിയിട്ടു. കുനിഞ്ഞുള്ള നില്‍പില്‍ത്തന്നെ തലയുയര്‍ത്തി സദാനന്ദനെ നോക്കി.

കോടിത്തുണിയുടെ തലഭാഗത്തു പുരണ്ട ചോരക്കറയില്‍ ചത്തുകിടക്കുകയായിരുന്നു സദാനന്ദന്റെ കണ്ണുകള്‍.

അടുത്ത ക്ഷണം, ആന്റണി തുണിയുടെ കീഴ്‌ഭാഗം വലിച്ചുനീക്കി.

``ഇങ്ങട്‌ നോക്കെടാ പന്നീ, നിന്റ ബോറടി മാറട്ടെ....''നെഞ്ചില്‍ ഒരു സ്വര്‍ണ്ണമത്സ്യം പിടഞ്ഞു തുള്ളിയപ്പോള്‍ സദാനന്ദനു ശ്വാസംമുട്ടി.

``മതി... അതൊന്നു മൂടിവെക്കിന്‍...'', എന്ന്‌ കരയുംപോലെ പറഞ്ഞ്‌ സദാനന്ദന്‍ തിരിഞ്ഞുനടന്നപ്പോള്‍ ആന്റണിയുടെ ചിരി വീണ്ടുമുയര്‍ന്നു.

``നീയ്യെവടക്ക്യാണ്ടാ ഈ ഓടണേ... നോക്കെടാ, നല്ലോണം നോക്ക്‌... ഇദ്‌ പോലൊര്‌ വെടിക്കെട്ട്‌ സാധനം നീയ്യ്‌ കണ്ട്‌ണ്ടാ?''

സദാനന്ദന്‍ അപ്പുറത്തെത്തിക്കഴിഞ്ഞെന്നു കണ്ട്‌ അയാള്‍ തുണി പഴയ പടിയാക്കി.

``മറ്റ്‌ള്ളോര്‌ടെ വെശപ്പിനെപ്പറ്റി ഒര്‌ വിചാരോല്ലാത്ത കാലമാടമ്മാര്‌....'', പായ മൂടി കല്ലുകൊണ്ട്‌ ഭാരം വയ്‌ക്കുമ്പോള്‍ ആന്റണി പിറുപിറുത്തു.

സദാനന്ദന്‍ കലുങ്കില്‍ തലകുനിച്ചിരിക്കുകയായിരുന്നു. ആന്റണി ആ ഇരിപ്പു നോക്കി പരിഹസിച്ചു കൊണ്ട്‌ അടുത്തുചെന്നു. അവന്റെ താടി പിടിച്ചുയര്‍ത്തി.

``ബ്ലൂഫിലിമിലല്ലാണ്ട്‌ നിയ്യിതൊന്നും കണ്ടിട്ടില്ല്യാലോ... എങ്ങനേണ്ട്‌?''

ചോദ്യത്തിനൊപ്പം ആന്റണിയുടെ വായില്‍നിന്നുള്ള മദ്യത്തിന്റെ വാടയില്‍ നിന്നു കൂടി രക്ഷപ്പെടാനായി സദാനന്ദന്‍ അയാളെ ബലമായി പിടിച്ച്‌ കലുങ്കിലിരുത്തി.

``ഹോ, യ്‌ക്ക്‌ സഹിയ്‌ക്കാമ്പയ്യേ....'', ആന്റണി സന്നി ബാധിച്ചവനെപ്പോലെ ശരീരം വിറപ്പിച്ചു.

``അടിവയറ്റീന്നൊര്‌ തീ ഉരുണ്ടുപെരണ്ടിങ്കട്‌ കേറ്വാ...''

``വെള്ളം തൊടാണ്ട്‌ വലിച്ച്‌ കേറ്റുമ്പം ആലോയ്‌ക്കണാര്‌ന്നു...''

``നീ പോയേരെക്കാ.... ഇതുപോലൊരു സാധനം കണ്ടിട്ടും എണീക്കാത്ത നിന്റ മറ്റോനക്കൊണ്ടോയി വല്ല നേര്‍ച്ചപ്പെട്ടീലും ഇട്ടൂട്‌, ഹല്ല പിന്നെ!''

ആന്റണിയുടെ ഞെരിപിരിയുടെ അര്‍ഥം സ്വന്തം ശരീരത്തിലെ വിറയലായി സദാനന്ദനു വെളിവായി.

പേടിയും വെറുപ്പും ദേഷ്യവുമെല്ലാം കലര്‍ന്ന ആവി രാത്രിയുടെ നേര്‍ത്ത തണുപ്പിലും അവനെ പൊതിഞ്ഞു.ഇരുണ്ട ശിലാഗുഹയ്‌ക്കുള്ളിലെന്നോണം തൊണ്ടയില്‍ ഉമിനീര്‍ പൊടിഞ്ഞപ്പോള്‍ സദാനന്ദന്‌ ശബ്‌ദം തിരിച്ചുകിട്ടി.

``ഛെ... നിങ്ങളിനെ എന്താ പറയാ.... ആരൊക്ക്യോ മാന്തിപ്പൊളിച്ച ഒര്‌ ശവം. അതും കാലും തലേം രണ്ടും രണ്ടായിട്ട്‌ കെടക്കുമ്പം....''

``അയിപ്പഴല്ലേ... മലബാറ്‌ പോണേലും മുമ്പത്തെ കാര്യം നിയ്യൊന്നാലോയ്‌ച്ചോക്ക്യേ... നല്ലൊന്നാന്തരം പെടപെടക്കണ സാധനം...''

നാക്കിനിടയിലൂടെ വായുവലിച്ച്‌ സ്വാദാസ്വദിക്കുന്ന ശബ്‌ദമുണ്ടാക്കിക്കൊണ്ട്‌ ആന്റണി വീണ്ടും എഴുന്നേറ്റപ്പോള്‍, പെരുവിരലില്‍ നിന്ന്‌ ഒരു തരിപ്പ്‌ മേലോട്ടുയരുന്നത്‌ സദാനന്ദന്‍ അറിഞ്ഞു. കാലുപൊക്കി ഒറ്റച്ചവിട്ടിന്‌ ആന്റണിയെ പാളത്തിലേക്ക്‌ മറിച്ചിടുന്നതും ഒരു ട്രെയിന്‍ അയാള്‍ക്കു മീതെ പാഞ്ഞുപോകുന്നതും സദാനന്ദന്‍ സങ്കല്‍പിച്ചു. പക്ഷേ, ഉയര്‍ത്താന്‍ പോലുമാവാതെ കാലുകള്‍ മരവിച്ചു കിടക്കുകയായിരുന്നു.

``ങാ,ഇനി പറഞ്ഞിട്ടെന്താ... '', ആന്റണി നീട്ടിയൊന്നു കാര്‍ക്കിച്ചു. അശ്ലീലംപോലെ ഉരുണ്ടു കയറി വന്ന കഫക്കട്ട നീട്ടിത്തുപ്പി. പിന്നെ തൊപ്പിയും ടോര്‍ച്ചും കയ്യിലെടുത്തു കൊണ്ട്‌ എഴുന്നേറ്റു.

` ഞാനൊന്ന്‌ നടന്ന്‌ട്ട്‌ വരാം. ..വല്ലതും തടയ്വോന്നൊന്നു നോക്കട്ടെ...` ആന്റണി ഏതോ സിനിമാപ്പാട്ടിന്റെ ഈണത്തില്‍ ചൂളംകുത്തിക്കൊണ്ട്‌ പാളത്തിലൂടെ നടന്നുപോയതിനു പിന്നാലെ, ഇരുട്ടിലൂടെ ഒളിച്ചുവന്ന ഒരു ചരക്കുവണ്ടി അയാളെ പിന്തുടര്‍ന്നു. പിന്നെ, വണ്ടിയും ആന്റണിയും ഇല്ലാത്ത പാളം നീണ്ടുനിവര്‍ന്നു കിടക്കുന്നതു കണ്ടപ്പോള്‍ സദാനന്ദന്‌ വല്ലാത്തൊരു സുരക്ഷിതത്വബോധം അനുഭവപ്പെട്ടു.

പുഴയുടെ ഭാഗത്തുനിന്ന്‌ ഒരിളംകാറ്റ്‌ വന്ന്‌ സദാനന്ദനെ തൊട്ടു.

ദൂരെയെവിടെയോ നായ്‌ക്കള്‍ കടിപിടി കൂടുന്നതിന്റെ ശബ്‌ദം.

അവന്‍ നോക്കി. വണ്ടി കടന്നുപോയപ്പോഴുള്ള ചുഴലിയില്‍ പായയുടെ ഒരു വശത്തെ കല്ല്‌ നീങ്ങിപ്പോയിരിക്കുന്നു. പായ ചുരുണ്ട ഭാഗത്ത്‌ തുണി നീങ്ങി ശവത്തിന്റെ കാലുകള്‍ പുറത്തുകാണുന്നു.

അതിനടുത്തേക്കു നടക്കുമ്പോള്‍ സദാനന്ദന്‍ അത്ഭുതപ്പെടുകയായിരുന്നു. ഭയം എന്ന വികാരം തന്നില്‍നിന്ന്‌ എവിടെപ്പോയൊളിച്ചു?

തുണി നേരെയിടുന്നതിനുമുമ്പ്‌ അടിഭാഗം മണ്ണുപുരണ്ടു കറുത്ത ആ കാലുകളിലേക്ക്‌ സദാനന്ദന്‍ ഒന്നുകൂടി നോക്കി. നെഞ്ചിനുള്ളില്‍ ഒരു സ്വര്‍ണമത്സ്യത്തിന്റെ പിടച്ചില്‍ വീണ്ടും അവനനുഭവപ്പെട്ടു.

ഇതേക്കാള്‍ വെളുത്ത കാലുകള്‍. ഇതേക്കാള്‍ മാംസളം. മൃദുലം...

പായ വീണ്ടും പറന്നു പോകാതിരിക്കാന്‍ സമീപത്തുകിടന്ന ഒരു വലിയ കല്ലുകൂടി എടുത്തുവച്ചശേഷം സദാനന്ദന്‍ കലുങ്കില്‍ തന്നെ വന്നിരുന്നു. ഒന്നു മൂരി നിവര്‍ന്നപ്പോള്‍, പൂമരത്തിന്റെ ഇലകള്‍ക്കിടയിലൂടെ തെളിച്ചം കുറഞ്ഞ ആകാശം കണ്ടു.അതില്‍ മുഖക്കുരുക്കളെന്നോണം കുറച്ചു നക്ഷത്രങ്ങളും.


അന്നും ആകാശത്ത്‌ വിളറിയ നിലാവുണ്ടായിരുന്നു.തുടയിലൂന്നിയ കൈകളില്‍ മുഖംതാങ്ങി സദാനന്ദന്‍ പത്തുപതിനഞ്ചുവര്‍ഷം മുന്നത്തെ ആ രാത്രിയിലേക്ക്‌ കണ്ണടച്ചു...


രാവിലെ തന്നെ പ്രകാശന്‍ പദ്ധതി വിശദമാക്കിതന്നിരുന്നു. അപ്പോള്‍ മുതല്‍ നെഞ്ചിടിപ്പോടെ നിമിഷങ്ങളെണ്ണി ഇരിക്കുകയായിരുന്നു.

വെയില്‍ ചാഞ്ഞു തുടങ്ങിയപ്പോള്‍ ചെട്ടിയാരു പറമ്പില്‍ നിന്ന്‌ കോളാമ്പിപ്പാട്ടുയര്‍ന്നു. അയാമെ ഡിസ്‌കോ ഡാന്‍സര്‍.... സിന്തഗീ മേരാഗാനാ...

കേസില്‍ കുടുങ്ങി വര്‍ഷങ്ങളായി അനാഥമായിക്കിടക്കുന്ന ചെട്ടിപ്പറമ്പ്‌ കുട്ടികളുടെ കളിസ്ഥലമായി മാറിക്കഴിഞ്ഞിരുന്നു.

വേനലവധിക്കാലത്ത്‌ ഒരു പെട്ടിഓട്ടോയില്‍ തന്റെ സാധനങ്ങളുമായി മുത്തു ബീരാനും ഭാര്യയും വരും. ചെട്ടിപ്പറമ്പിന്റെ ഒരു മൂലയില്‍ ടെന്റ്‌ കെട്ടും. മുളങ്കാലില്‍ കോളാമ്പി മൈക്കുയരും.ഇരുട്ടുറച്ചു കഴിഞ്ഞാല്‍ പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ മുത്തു ബീരാന്‍ പ്രകടനങ്ങള്‍ ആരംഭിക്കും. ആദ്യം സൈക്കിളില്‍. പിന്നെ തീപ്പന്തം കൊണ്ട്‌. തലയില്‍ തീപ്പൂട്ടി ചായ തിളപ്പിക്കും. അവസാനം കൈകാലുകള്‍ കെട്ടിയ ശേഷം നിലത്തുരുണ്ട്‌ ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ കൊണ്ട്‌ ട്യൂബുകള്‍ അടിച്ചുതകര്‍ക്കും.

സംസാരശേഷിയില്ലാത്ത സ്‌ത്രീയായിരുന്നു മുത്തു ബീരാന്റെ ഭാര്യ. കറുത്ത്‌ അല്‌പം തടിച്ച അവരുടെ മുഖത്ത്‌ എപ്പോഴും ഒരു വിഷാദച്ഛായയായിരുന്നു.

കുട്ടികളില്ലാത്തതിന്റെ സങ്കടമാണെന്ന്‌ അമ്മ പറയും. പാചകം ചെയ്യാനുള്ള വെള്ളമെടുക്കാന്‍ അവര്‍ വീട്ടിലാണു വരിക. അരിയായോ, നാളികേരമായോ അമ്മ എന്തെങ്കിലും സഹായം നല്‍കുമ്പോള്‍ മാത്രം അവരുടെ മുഖത്ത്‌ ചെറിയൊരു തെളിച്ചം പ്രത്യക്ഷമാവും.

പ്രദര്‍ശന സമയത്ത്‌ കറുത്ത പര്‍ദ അണിഞ്ഞാണ്‌ അവര്‍ പ്രത്യക്ഷപ്പെടുക. മെക്കയില്‍ പോയിവന്ന പ്രായമായ സ്‌ത്രീകള്‍ മാത്രമേ പര്‍ദ്ദ ധരിക്കൂ എന്ന ഞങ്ങളുടെ ധാരണ തെറ്റിച്ചത്‌ അവരാണ്‌.

രണ്ടാഴ്‌ച നീളുന്ന പ്രദര്‍ശനം അവസാനിക്കുന്ന ദിവസമാണ്‌ `മരണക്കുഴി'. തല മണ്ണിനടിയിലാക്കി കാലുകള്‍ വായുവില്‍ നാട്ടി അര മണിക്കൂര്‍. അതു കഴിയുന്നതോടെ ഹൃദയം തുളുമ്പുന്ന സ്വരത്തില്‍ മുത്തുബീരാന്‍ വിടവാങ്ങല്‍പ്രസംഗം നടത്തും. അടുത്ത വര്‍ഷം കാണാമെന്ന വാഗ്‌ദാനത്തോടെയാണ്‌ അതവസാനിക്കുക. പിറ്റേന്ന്‌ നേരം പുലരുമ്പോള്‍ ചെട്ടിപ്പറമ്പില്‍ മുളങ്കുറ്റികളുറപ്പിച്ച ചില പാടുകള്‍ മാത്രം ബാക്കിയാവും.

അത്തവണ മുത്തുബീരാനും ഭാര്യയും വന്നത്‌ ഒരു പഴയ ജീപ്പിലാണ്‌. പതിവിലും വലുപ്പമുള്ള ടെന്റ്‌ ഉയര്‍ന്നപ്പോള്‍ തന്നെ പുതിയ നമ്പറുകളുമായാവും അയാള്‍ വന്നിരിക്കുന്നത്‌ എന്ന്‌ എല്ലാവരും ഊഹിച്ചു.

ജീപ്പിനു മുകളില്‍ സൈക്കിള്‍, മടക്കുകട്ടില്‍ തുടങ്ങിയവയ്‌ക്കൊപ്പം കുറേ മരപ്പലകകളുമുണ്ടായിരുന്നു. അവ ഇറക്കി ടെന്റിനകത്തു വയ്‌ക്കാന്‍ അയാള്‍ മുതിര്‍ന്ന കുട്ടികളുടെ സഹായം തേടി. ഉള്ളില്‍ എന്തു വിസ്‌മയമാണ്‌ ഒരുങ്ങുന്നതെന്നറിയാന്‍ ആകാംക്ഷ പ്രകടിപ്പിച്ചവരോട്‌ മുത്തുബീരാന്‍ പറഞ്ഞു.

``ആരും ഉള്ളെ വരക്കൂടാത്‌. വന്നാ നഷ്‌ടം ഉങ്കളുക്ക്‌ താന്‍.''

എന്നിട്ടും കുട്ടികള്‍ അവിടെ ചുറ്റിപ്പറ്റിനിന്നു. ഉള്ളില്‍ പലകകള്‍ അടുക്കുന്നതിന്റേയും ആണി അടിക്കുന്നതിന്റേയും ശബ്‌ദം കേട്ടു. കറുത്ത തുണികൊണ്ട്‌ മറയുണ്ടാക്കുന്നതു കണ്ടു. മുത്തുബീരാന്റെ ഭാര്യ പത്തിരുപതു കുടം വെള്ളം ചുമന്നുകൊണ്ടു പോകുന്നതും കണ്ടു. ടെന്റിനു മുന്നില്‍ മുള കൊണ്ടുള്ള വേലിയും ഉയര്‍ന്നു.

രാത്രി പ്രദര്‍ശനം തുടങ്ങുന്നതിന്‌ തൊട്ടുമുമ്പാണ്‌ മുത്തുബീരാന്‍ ആകാംക്ഷയുടെ ബലൂണ്‍ പൊട്ടിച്ചത്‌.

``നീങ്കള്‍ മച്ചക്കന്നി എന്ന്‌ കേട്ടിരിക്കാ? മച്ചക്കന്നി, അതാവത്‌ കടല്‍ക്കന്നി... മല്‍സിയ കന്യക!''

കുട്ടികളുടെ ഇടയില്‍ നിന്നാണ്‌ ഉണ്ടെന്ന മറുപടി ഉയര്‍ന്നത്‌.

``യാരാവത്‌ കണ്ടിര്‌ന്തതാ?''

നിശ്ശബ്‌ദതയായിരുന്നു ഉത്തരം. ആകാംക്ഷയുടെ വീര്‍പ്പുമുട്ടലായിരുന്നു ആ നിശ്ശബ്‌ദത നിറയെ.

``എന്‍ഡ്രാല്‍ ഉങ്കളുക്കെല്ലാം അതിന്‌ ഭാഗ്യം കെടച്ചിരിക്ക്‌. ആനാ ഒര്‌ കാരിയം. പാര്‍ക്കതുക്ക്‌ നീങ്കള്‍ കൊഞ്ചം കാശ്‌ കൊടുക്ക വേണ്ടും...''

കുട്ടികള്‍ക്ക്‌ ഒന്ന്‌. സ്‌ത്രീകള്‍ക്ക്‌ രണ്ട്‌. പുരുഷന്മാര്‍ക്ക്‌ അഞ്ച്‌ എന്നതായിരുന്നു നിരക്ക്‌.

പിറ്റേന്ന്‌ രാത്രി മത്സ്യകന്യകയെ കാണാന്‍ പണവുമായി ഒരുങ്ങി വരാന്‍ മുത്തുബീരാന്‍ എല്ലാവരെയും ക്ഷണിച്ചു. അന്ന്‌ തന്റെ അഭ്യാസങ്ങള്‍ക്കിടയില്‍ അയാള്‍ സഹായാഭ്യര്‍ഥന നടത്തുകയോ അയാളുടെ ഭാര്യ തകരപ്പാത്രവുമായി കാണികളുടെ മുന്നിലെത്തുകയോ ചെയ്‌തില്ല.

അച്ഛനില്‍ നിന്ന്‌ സംഘടിപ്പിച്ച ഒരു രൂപയുമായി പിറ്റേന്ന്‌ നേരത്തെ കാലത്തെ തന്നെ ക്യൂവില്‍ സ്ഥാനം പിടിച്ചു. പ്രകാശന്റെ ചേട്ടനും വേറെ ഒന്നു രണ്ടു പേരും ക്യൂ നിയന്ത്രിക്കുന്ന ചുമതല സ്വയം ഏറ്റെടുത്തിരുന്നു.

ടെന്റിനു മുന്നില്‍ ഉയരമുള്ളൊരു സ്‌കൂളില്‍ മുത്തുബീരാന്‍ ഇരുന്നു. അയാളുടെ മടിയില്‍ മഞ്ഞനിറമുള്ള പ്ലാസ്റ്റിക്കിന്റെ ഒരു പണപ്പെട്ടിയുണ്ടായിരുന്നു.

ഏഷ്യാഡ്‌ അപ്പുവിന്റെ ചിത്രമുള്ള നാണയം നല്‍കിയപ്പോള്‍ വേലിയുടെ മുഖവാതിലിലൂടെ പ്രവേശനം ലഭിച്ചു. മുത്തുബീരാന്‍ കാട്ടിത്തന്നതനുസരിച്ച്‌, തുണിയുടെ ചെറിയ കര്‍ട്ടന്‍ നീക്കി തല ടെന്റിനുള്ളിലേക്കിട്ടു.

ഉള്ളില്‍ ഇരുട്ടായിരുന്നു. ഭയം ശരീരത്തെ ചുറ്റാന്‍ തുടങ്ങിയപ്പോഴേക്കും വെട്ടം വന്നു. കറുപ്പു തുണി കൊണ്ടുമറച്ച മരപ്പെട്ടിക്കു നടുവിലെ ചതുരജാലകത്തിലൂടെയാണ്‌ വെട്ടം കണ്ടത്‌ വെറും വെട്ടമല്ല. സ്വപ്‌നത്തിന്റെ ഒരു നുറുങ്ങ്‌ - മത്സ്യകന്യക!

തലയില്‍ കിരീടം. പട്ടുകുപ്പായം. കഴുത്തിലും കൈകളിലും ആഭരണങ്ങള്‍. അരയ്‌ക്കു താഴെ.... അതെ, അരയ്‌ക്കു താഴെ സ്വര്‍ണ്ണചെതുമ്പലുള്ള മിന്നിത്തിളങ്ങുന്ന മത്സ്യം!

പതിയെ വാലൊന്നിളക്കി, മുഖം ജലോപരിതലത്തിലേക്കുയര്‍ത്തി മത്സ്യകന്യക മനോഹരമായൊരു ചിരി ചിരിച്ചു.

സിനിമാനടിമാരെ തോല്‍പിക്കുന്ന ആ ചിരിയില്‍ കണ്ണു മഞ്ഞളിച്ച അതേ ക്ഷണത്തില്‍ വെളിച്ചം അണഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മത്സ്യകന്യകയെക്കുറിച്ചുള്ള ചര്‍ച്ചയായി നാടു മുഴുവന്‍. കണ്ടവര്‍ തന്നെ പിന്നെയും പിന്നെയും കാണാന്‍ ക്യൂ നിന്നു. കേട്ടറിഞ്ഞ്‌ അടുത്ത പ്രദേശങ്ങളില്‍ നിന്നും ആളുകളെത്തി.

മത്സ്യകന്യക ഒരു യാഥാര്‍ഥ്യമാണെന്ന്‌ വിശ്വസിച്ചവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കും അത്ഭുതം കൊള്ളാന്‍ പക്ഷേ നിരവധി കാരണങ്ങളുണ്ടായിരുന്നു. മുത്തു ബീരാന്റെ പൊണ്ടാട്ടി വേഷം കെട്ടി ഇരിക്കുന്നതാണെന്നായിരുന്നു ചിലരുടെ വാദം. കറുത്ത ഒട്ടും സുന്ദരിയല്ലാത്ത അവരെവിടെ, ചന്ദനത്തിന്റെ നിറമുള്ള മത്സ്യകന്യക എവിടെ!

മുന്‍വര്‍ഷങ്ങളിലൊന്നും രാത്രിയിലെ പ്രകടനവേളയിലല്ലാതെ മുത്തുബീരാനോ ഭാര്യയോ അവരുടെ കൂടാരമോ നാട്ടുകാരുടെ പ്രത്യേകശ്രദ്ധയെ ആകര്‍ഷിച്ചിരുന്നില്ല. കുട്ടികള്‍ ഒരു വീരനായക സങ്കല്‍പവുമായി മുത്തു ബീരാനെ ചുറ്റിപ്പറ്റി നില്‍ക്കാറുണ്ടെന്നു മാത്രം. പക്ഷേ ആ അവസ്ഥയ്‌ക്ക്‌ മാറ്റംവന്നു. മുത്തുബീരാന്റെ കൂടാരത്തിന്‌ ചുറ്റും എപ്പോഴും നാട്ടുകാരുടെ കണ്ണുകള്‍ ഭ്രമണം ചെയ്‌തു.

എല്ലാം ഒരു കണ്‍കെട്ടു വിദ്യയാണെന്ന മറുപടിയില്‍ മുത്തുബീരാന്‍ തന്റെ `കച്ചവടരഹസ്യം' ഒളിച്ചുവച്ചു.

പ്രകാശന്റെ അച്ഛന്‌ ചാരായവാറ്റുണ്ടായിരുന്നു. വീടിനു പിന്നിലെ കല്ലുവെട്ടു കുഴിയിലായിരുന്നു വാറ്റ്‌. വൈകുന്നേരമാകുമ്പോള്‍ കല്ലനിടവഴി കയറി ആവശ്യക്കാര്‍ എത്തിത്തുടങ്ങും. രാത്രി എട്ടൊന്‍പതു മണി വരെ ടോര്‍ച്ചിന്റെ, ചൂട്ടിന്റെ, മെഴുകുതിരിയുടെ, ബീഡിയുടെ - ഇങ്ങനെ പലതരം വെട്ടങ്ങള്‍ വന്നും പോയുമിരിക്കും.

അഭ്യാസപ്രകടനങ്ങള്‍ക്കുശേഷം മുത്തുബീരാനും അവിടേക്ക്‌ പോക്കുവരവുണ്ടായിരുന്നു.അത്തവണ മുത്തുബീരാന്‍ വന്ന ശേഷം കല്ലുവെട്ടുകുഴിയില്‍ ഒരുചീട്ടുകളിക്കൂട്ടം രൂപപ്പെട്ടിരുന്നു. രാത്രിഭക്ഷണത്തിനു ശേഷം തുടങ്ങുന്ന കളി വളരെ വൈകുവോളം നീണ്ടിരുന്നു.

മുത്തുബീരാന്‍ ചീട്ടുകളിക്കാന്‍ പോകുന്ന സമയത്ത്‌ മത്സ്യകന്യകയുടെ രഹസ്യം കണ്ടുപിടിക്കാന്‍ പദ്ധതി തയ്യാറാക്കിയത്‌ പ്രകാശനായിരുന്നു. രാത്രി പത്തര മണിയോടടുപ്പിച്ചാണ്‌ രണ്ടുപേരും വീടുകളില്‍നിന്നു മുങ്ങിയത്‌. ഒരാളെ കണ്ടില്ലെങ്കില്‍ മറ്റേയാളുടെ അടുത്തു പോയതാവും എന്ന്‌ വീട്ടുകാര്‍ സമാധാനിച്ചോളും. പോരാത്തതിന്‌ രണ്ടുപേരുടെയും അച്ഛന്മാര്‍ തകൃതിയായ ചീട്ടുകളിയിലും.

വീട്ടില്‍നിന്ന്‌ കഷ്‌ടി നൂറുമീറ്റര്‍ അകലമാണ്‌ ചെട്ടിപ്പറമ്പിലേക്കുള്ളത്‌. മത്സ്യകന്യക എന്ന ആകര്‍ഷണമില്ലായിരുന്നെങ്കില്‍ ചെട്ടിപ്പറമ്പിന്റെ വിജനതയിലേക്കുള്ള രാത്രിസഞ്ചാരം ഓര്‍ക്കാന്‍കൂടി പറ്റുമായിരുന്നില്ല.

ടെന്റില്‍ നിന്നിറങ്ങി ഒരു നിഴല്‍രൂപം ചെട്ടിപ്പറമ്പിന്റെ കിഴക്കേ മൂലയിലുള്ള പൊന്തക്കാടിന്റെ ഭാഗത്തേക്ക്‌ നടന്നുപോയതിന്‌ പിന്നാലെയാണ്‌ താനും പ്രകാശനും വീടുകളില്‍ നിന്ന്‌ മുങ്ങിയത്‌. മുത്തുബീരാന്റെ ഭാര്യ വെളിക്കിരുന്ന്‌ തിരിച്ചുവരാന്‍ കുറഞ്ഞത്‌ പത്തുമിനുട്ടെങ്കിലുമെടുക്കും. മൂന്നുനാലു ദിവസത്തെ നിരീക്ഷണത്തില്‍നിന്ന്‌ പ്രകാശന്‍ ഉറപ്പുവരുത്തിയ കാര്യമാണത്‌.

മങ്ങിയ നിലാവുണ്ടായിരുന്നു. മങ്ങിയ വെളിച്ചം താര്‍പ്പായ കൊണ്ടുള്ള ടെന്റിനുള്ളിലും നിഴലിച്ചു കാണാമായിരുന്നു.ടെന്റിനോട്‌ ചേര്‍ത്തു നിര്‍ത്തിയിരുന്ന ജീപ്പിന്റെ മറവില്‍ ഒരു നിമിഷം നിന്ന്‌ രണ്ടാളും കിതപ്പാറ്റി. അപ്പോഴേക്കും ധൈര്യം ചോര്‍ന്നു പോയ തന്നെ പ്രകാശന്‍ കൈക്കു പിടിച്ചുവലിച്ച്‌ ടെന്റിനു പിന്നിലേക്കു നയിച്ചു.

തുണിവാതില്‍ പൊക്കി അകത്തേക്കു കാലുവച്ചതും ശരീരത്തിലേക്ക്‌ തണുപ്പു പടര്‍ന്നു. തറയില്‍ വെള്ളം ഒഴുകിപ്പടര്‍ന്നുണ്ടായ ചെളിയില്‍ ചവിട്ടി രണ്ടുപേരും സ്‌തംഭിച്ചുനിന്നു.

തിരി താഴ്‌ത്തിവച്ച റാന്തലിന്റെ വെളിച്ചത്തില്‍ ആദ്യം കണ്ണില്‍പ്പെട്ടത്‌ തട്ടിമറിഞ്ഞ രണ്ടുമൂന്നു പാത്രങ്ങളും മറിച്ചിട്ടിരിക്കുന്ന മടക്കുകട്ടിലുമാണ്‌. കട്ടിലിനപ്പുറം കറുപ്പു കര്‍ട്ടനിട്ട മരക്കൂടിനു ചേര്‍ന്ന്‌ ചുളുങ്ങിക്കിടന്ന വലിയ പ്ലാസ്റ്റിക്‌ സഞ്ചിയില്‍ അല്‍പം വെള്ളം അവശേഷിച്ചിരുന്നു.കട്ടിലിനും സഞ്ചിക്കും നടുവില്‍ നിലത്ത്‌ പൂര്‍ണനഗ്നയായി മലര്‍ന്നുകിടക്കുന്ന സ്‌ത്രീ.

ആദ്യമായി മുതിര്‍ന്ന ഒരു സ്‌ത്രീയുടെ നഗ്നത കാണുന്നതിന്റെ വിറയല്‍ മേലാകെ പടര്‍ന്നു.ചന്ദനത്തിന്റെ നിറമുള്ള ശരീരം. ചരിച്ചു വച്ചിരിക്കുന്ന മുഖത്ത്‌ പക്ഷേ സുന്ദരമായ ആ ചിരി ഉണ്ടായിരുന്നില്ല. പകരം വീര്‍ത്ത വായില്‍ നിന്ന്‌ ഒരു തുണിക്കഷണം പുറത്തേക്കെത്തി നോക്കി.

രണ്ടുപേരും പരസ്‌പരം കൈപിടിച്ചത്‌ ഒരേ നിമിഷത്തിലാണ്‌. അടുത്തക്ഷണം കാലുകള്‍ പുറത്തേക്ക്‌ കുതിച്ചു. അതിനിടെ മിന്നായംപോലെ അതും കണ്ടു. ടെന്റിന്റെ മൂലയിലെ ഇരുമ്പുതൂണില്‍ കൈകള്‍ പിന്നാക്കം കെട്ടപ്പെട്ട്‌ കൂനിക്കൂടിയിരിക്കുന്ന മുത്തുബീരാന്റെ ഭാര്യ.


വീടിന്റെ ഉമ്മറത്തെത്തിയതേ പിന്നെ ഓര്‍മയുള്ളൂ. ഓടിക്കയറിച്ചെന്നതിന്റെ ഒച്ച കേട്ട്‌ അകത്തുനിന്നും അമ്മയുടെ ശബ്‌ദമുയര്‍ന്നു.

``നേരം കൊറേയായില്ലേ കുട്ട്യോളേ... കളി മതിയാക്കി ഒറങ്ങാന്‍ നോക്ക്‌....''

വാ തുറന്ന്‌ കിതച്ചു കൊണ്ട്‌ പ്രകാശന്‍ തറപ്പിച്ചൊരു നോട്ടം നോക്കി. നിശ്ശബ്‌ദമായൊരു ആജ്ഞയായിരുന്നു അത്‌. അത്‌ താന്‍ മനസ്സിലാക്കിയെന്നു കണ്ടപാടെ അവന്‍ മുറ്റത്തേക്കിറങ്ങി സ്വന്തം വീട്ടിലേക്ക്‌ ഓടിപ്പോയി. കിണ്ടിയിലെ വെള്ളമടുത്ത്‌ കാല്‍കഴുകി വേഗം ചെന്ന്‌ കട്ടിലില്‍ കയറിക്കിടന്നു. പുതപ്പെടുത്ത്‌ തല വഴിയെ മൂടി.


പിറ്റേന്ന്‌ ഉറക്കമുണര്‍ന്നിട്ടും കിടക്ക വിട്ടെഴുന്നേല്‍ക്കാന്‍ ഭയമായിരുന്നു. പുറത്ത്‌ ഉറക്കെയുള്ള സംസാരം കേട്ടപ്പോഴാണ്‌ ഒടുവില്‍ എഴുന്നേറ്റ്‌ ഉമ്മറത്തേക്കു ചെന്നത്‌.

നോട്ടം പോയത്‌ ചെട്ടിപ്പറമ്പിലേക്കാണ്‌. അവിടെ മുത്തുബീരാന്റെ ടെന്റോ, ജീപ്പോ ഉണ്ടായിരുന്നില്ല....


ദൂരെ പുഴയുടെ വളവില്‍ നിന്ന്‌ തീവണ്ടിയുടെ കിതപ്പ്‌ ഇഴഞ്ഞുവന്നു. സദാനന്ദന്‍ കണ്ണുതുറന്നു.

`ഡാ,മോനേ സദാനന്ദാ .. നീയാ പെങ്കൊച്ചിന്റെ ബോഡീം കെട്ടിപ്പിടിച്ചിരിക്യാര്‌ന്നു,ല്ലേ...`

മാനഭംഗം ചെയ്യപ്പെട്ടവരുടെ ദൈന്യത്തോടെ വേച്ചു വേച്ചു വീണ വാക്കുകള്‍ക്കു പിന്നില്‍ ആന്റണി പല്ലിളിച്ചു നിന്നു. സദാനന്ദന്‌ ശരീരമാസകലം പെരുത്തുകയറി.

` മതി ചേട്ടാ,നിങ്ങള്‌ കെടന്നൊറങ്ങാന്നോക്ക്‌...`അല്‍പം കടുപ്പിച്ചാണവന്‍ പറഞ്ഞത്‌.

` എന്താ സദാനന്ദാ, അങ്ങനെയങ്ങ്‌ കെടന്നാലോ..ഇപ്പല്ലേ ആകെക്കൂടിയൊന്നുഷാറായത്‌...` , ആന്റണി അരകുലുക്കിക്കൊണ്ട്‌ പാന്റ്‌ വയറിന്‌ മേലേക്ക്‌ വലിച്ചു കയറ്റി.

`നിനക്കൊര്‌ കട്ടനടിക്കണംന്ന്‌ തോന്നണ്‌ല്ലേ... ചെല്ല്‌,താനും പോയൊന്നുഷാറായിട്ട്‌ വാ... `

�അയാളുടെ ചിരിക്കൊപ്പം പാളങ്ങള്‍ എല്ലു പുളിപ്പിക്കും വിധം കരഞ്ഞു.

സദാനന്ദനപ്പോള്‍ ഒരു ചൂടുകാപ്പി കഴിക്കണമെന്ന്‌ കലശലായ ആഗ്രഹമുണ്ടായിരുന്നു. അഞ്ചുമിനുട്ട്‌ തെക്കോട്ട്‌ നടക്കുകയേ വേണ്ടൂ.

പക്ഷേ, എന്നെ തനിച്ചാക്കി പോകരുതേ എന്ന്‌ ആരോ അവനെപിന്നാക്കം വലിച്ചു.``എനിക്കു വേണ്ട...'',സദാനന്ദന്‍ തിടുക്കത്തില്‍ പറഞ്ഞു.

ശാന്തമായൊരു ചിരിയോടെ ആന്റണി അല്‌പനേരം അവന്റെ മുഖത്തേക്കു നോക്കിനിന്നു.

``മോനേ, സദാനന്ദാ..., നിയ്യിപ്പെന്താന്നക്കുറിച്ച്‌ വിചാരിക്കണേന്ന്‌ ഞാമ്പറയട്ടെ...'',

അയാള്‍ അവന്റെ ചുമലില്‍ കൈവച്ചു. തന്റെ മേല്‍ തണുത്തു വഴക്കുന്ന ഒരിഴജീവി വന്നിരുന്നതുപോലെ ആ സ്‌പര്‍ശം സദാനന്ദനെ അസ്വസ്ഥനാക്കി.

``ഞാനാ ശവത്തിന വല്ലോം ചെയ്യ്യോന്നല്ലേ നിന്റ പേടി. അദ്‌ വേണ്ടാട്ടോ.... മനസ്സീ തോന്ന ണത്‌ വിളിച്ചങ്ങാ പറയും. അദെല്ലാണ്ട്‌.... ഇനിക്കൂല്ലേ അമ്മ പെങ്ങമ്മാര്‌...''

സദാനന്ദന്റെ ചുമലിടിഞ്ഞു.

``അല്ല ചേട്ടാ, ഞാനങ്ങനെ...'', അവന്റെ വാക്കുകള്‍ നഗ്നരാക്കപ്പെട്ടതുപോലെ വെപ്രാളപ്പെട്ടു വിളറി.

``ഇനിയ്‌ക്കറിയാം... നിന്റ മനസ്സ്‌ ശുദ്ധാ. നീയ്യ്‌ അങ്ങനെ ചിന്തിച്ചില്ലെങ്കിലാ തെറ്റ്‌... ''

പിന്നെയും എന്തൊക്കെയോ കൂടി ആന്റണി പറഞ്ഞു. തങ്ങളെ കടന്നു പോകുന്ന ചരക്കുവണ്ടിയുടെ ശബ്ദത്തില്‍ സദാനന്ദന്‌ ഒന്നും വ്യക്തമായില്ല.

വണ്ടി പോയപ്പോള്‍, അവനെ ഒരറ്റത്തേക്ക്‌ നീക്കിയിരുത്തിയ ശേഷം ആന്റണി കലുങ്കില്‍ നീണ്ടുനിവര്‍ന്നു കിടന്നു.

അപ്പോഴാണ്‌ സദാനന്ദന്‍ പാളത്തിനപ്പുറത്തേക്കു ശ്രദ്ധിച്ചത്‌. ചോരയില്‍ ചവിട്ടിയപോലെ അവന്‍ ചാടി എഴുന്നേറ്റു.

പായക്കടിയിയില്‍ നിന്നും എന്തോ കടിച്ചു വലിച്ച്‌ ഒരു പട്ടി കുറ്റിക്കാട്ടിലേക്ക്‌ ഊര്‍ന്നിറങ്ങി.

സദാനന്ദനില്‍ നിന്ന്‌ ഒരു നിലവിളി ഉയര്‍ന്നു. ഒരു കരിങ്കല്‍ച്ചീളെടുത്തെറിഞ്ഞുകൊണ്ട്‌ അവന്‍ പട്ടിക്കു പിന്നാലെ കുതിച്ചു.............

��� 2006

Monday, October 09, 2006

മിസ്‌ വണ്‍ നോട്ട്‌ ഫൈവ്‌

പത്തൊമ്പതുകാരിയായ ഒരു കോളേജ്‌ വിദ്യാര്‍ഥിയാണ്‌ ഞാന്‍. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഒരാളുമായി അടുപ്പത്തിലാണ്‌. അതിനെ പ്രണയമെന്ന്‌ വിളിക്കാമോ എന്ന്‌ എനിക്കുതന്നെ നിശ്ചയമില്ല. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ അച്ഛനാണദ്ദേഹം.സമപ്രായക്കാരായ ധാരാളം ആണ്‍സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും അവരോടൊന്നും തോന്നാത്ത ഒരു വൈകാരികബന്ധം എനിക്കദ്ദേഹത്തോടുണ്ട്‌. ദിവസം ഒരു തവണയെങ്കിലും അദ്ദേഹത്തെ കാണുകയോ ഫോണിലെങ്കിലും ശബ്ദം കേള്‍ക്കുകയോ ചെയ്തില്ലെങ്കില്‍ ഭ്രാന്തു പിടിക്കുന്നതുപോലെ തോന്നും. അദ്ദേഹത്തിനും അങ്ങനെ തന്നെയാണെന്നാണ്‌ പറയുന്നത്‌. അദ്ദേഹത്തിന്റെ ഭാര്യ കിടപ്പറയില്‍ സഹകരിക്കാതായതിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങള്‍ ശാരീരികമായി ബന്ധപ്പെടാറുണ്ട്‌.എന്നെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന്‌ കൂട്ടുകാരിയുടെ ചേട്ടന്‍ ഈയിടെ അവളോട്‌ സൂചിപ്പിച്ചു. അവളത്‌ ഞങ്ങളുടെ പേരന്റ്സിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്റെ വീട്ടുകാര്‍ ഈ ബന്ധത്തിന്‌ അനുകൂലമായ നിലപാടിലാണ്‌. മരുമകളാവാന്‍ അദ്ദേഹവും എന്നെ നിര്‍ബന്ധിക്കുകയാണ്‌. മകനോട്‌ എന്റെ കാര്യം സജസ്റ്റ്‌ ചെയ്തതുതന്നെ അദ്ദേഹമാണത്രെ. മറ്റാരെയെങ്കിലും ഞാന്‍ കല്യാണം കഴിച്ചാല്‍ എന്റെ സാമീപ്യം തനിക്ക്‌ നഷ്ടമാവുമെന്നും അതു താങ്ങാനാവില്ലെന്നുമാണ്‌ അദ്ദേഹം പറയുന്നത്‌.
ഡോക്ടര്‍, ഞാനിപ്പോള്‍ ആകെ ധര്‍മസങ്കടത്തിലാണ്‌. അദ്ദേഹം തൊട്ടടുത്ത മുറിയിലിരിക്കെ മറ്റൊരു പുരുഷനുമൊത്ത്‌ കഴിയാന്‍ എനിക്കാവില്ലെന്ന്‌ മനസ്സ്‌ പറയുന്നു. വിവാഹശേഷവും പഴയബന്ധം തുടരാന്‍ അദ്ദേഹം നിര്‍ബന്ധിച്ചാല്‍ ഒഴിഞ്ഞുമാറാനുള്ള ശക്തിയും എനിക്കുണ്ടാവുമെന്നു തോന്നുന്നില്ല. അങ്ങനെ വരുമ്പോള്‍ അത്‌ ഒരു ദുരന്തത്തെ ക്ഷണിച്ചുവരുത്തലാവില്ലേ? അതിലുപരി നല്ലൊരു ചെറുപ്പക്കാരനെ അറിഞ്ഞുകൊണ്ട്‌ ചതിക്കലാവില്ലേ? ശരിതെറ്റുകളെ കുറിച്ചാലോചിച്ച്‌ എനിക്ക്‌ ഒരെത്തും പിടിയും കിട്ടുന്നില്ല....
പൊടുന്നനെ ഫോണ്‍ ചിലയ്ക്കാന്‍ തുടങ്ങി. 'ഷിറ്റ്‌' എന്നൊരു പ്രതിഷേധശബ്ദം പുറപ്പെടുവിച്ച്‌ താരാമേനോന്‍ വായിച്ചുകൊണ്ടിരുന്ന മാഗസിന്‍ കിടക്കയില്‍ കമഴ്ത്തിവച്ച്‌ എഴുന്നേറ്റു.
മേഴ്സി കുര്യനാവും. വൈകിട്ട്‌ ചെറിയൊരു കറക്കം കോളേജില്‍ വച്ചേ അവള്‍ പ്ലാന്‍ ചെയ്തിരുന്നു. ഉമേഷ്‌ രാജിന്‌ തന്നെ മുട്ടിച്ചുകൊടുക്കുകയാണ്‌ ഇന്നത്തെ കറക്കത്തിന്റെ ഉദ്ദേശമെന്നുറപ്പ്‌. കുറച്ചുനാളായി അവള്‍ തന്നോട്‌ അവന്റെ കാര്യം തന്നെപറഞ്ഞുകൊണ്ടിരിക്കുന്നു. അവളുടെ കമ്പ്യൂട്ടര്‍ ക്ലാസ്മേറ്റാണത്രെ. ചൈതന്യ സില്‍ക്ക്സിന്റെ ആഡ്‌ കണ്ട്‌ തന്നെ വല്ലാണ്ട്‌ ഇഷ്ടമായിപോലും. തന്തേം തള്ളേം സ്റ്റേറ്റ്സീന്ന്‌ അയച്ചുകൊടുക്കുന്ന കാശുണ്ടാവുമ്പോ അങ്ങനെ പല ഇഷ്ടങ്ങളും തോന്നും....
ഫോണെടുത്തപ്പോള്‍, മറുതലയ്ക്കല്‍ എലിസബത്തിന്റെ സ്വരം.
'ഹായ്‌ ആന്റീ....'
'മോളുണ്ടാവ്വോന്ന്‌ പേടിച്ചിരിക്ക്യാര്‍ന്നു ഭാഗ്യം! എന്തടുക്ക്വാര്‍ന്നു?'
'ഓ... ചുമ്മാ വായിച്ചോണ്ട്‌ കെടക്ക്വാര്‍ന്നു.'
'ഈ നട്ടുച്ചനേരത്ത്‌ എന്തോന്നാ വായന, ഏ?...'
'ഓ... എന്തുപറയാനാ... ആന്റി വിളിച്ചദോണ്ട്‌ വായനേടെ സുഖം പോയി.'
'സോറി മോളേ.... ആ പിന്നെ, വെറുതെ അതുമിതും വായിച്ചിരിക്കാതെ വേഗം റെഡിയാവ്‌. ഒരര്‍ജന്റ്‌ പ്രോഗ്രാം. മീറ്റ്‌ മിസ്റ്റര്‍ യൂസഫ്‌ അറ്റ്‌ മുംബൈ, റ്റുഡെ ഇറ്റ്സെല്‍ഫ്‌... എന്താ?'
'വൗ... ഇന്നുതന്നെയോ! അതിപ്പോ...'
'എന്താ വല്ല പേഴ്സണല്‍ പ്രോബ്ലംസും...'
'ഏയ്‌, നത്തിങ്ങ്‌.'
'എന്നാ അരമണിക്കൂറിനകം റെഡിയായിക്കോളൂ. മമ്മിയെ വിളിച്ച്‌ പറയാന്‍ മറക്കണ്ട.'
'ഓക്കെ..'
'താങ്ക്‌ യൂ!'
താരാമേനോന്‍ ഉടുപ്പുകള്‍ ഊരി കിടക്കയിലേക്കെറിഞ്ഞ്‌ ബാത്ത്‌റൂമിലേക്കു കയറി.'ഷീ ബാങ്ങ്സ്‌.... ഷീ ബാങ്ങ്സ്‌...', പഴയൊരു റിക്കി മാര്‍ട്ടിന്‍ പാടിക്കൊണ്ട്‌ ഷവറിനു താഴെ ഒരു ജലകന്യകയാണെന്ന്‌ സ്വയം സങ്കല്‍പിച്ച്‌ അവള്‍ നൃത്തംവെച്ചു.ജീന്‍സും ടോപ്പും ധരിച്ച്‌, മുടി ചീകി മുഖം മിനുക്കിയ ശേഷം താരാമേനോന്‍ മമ്മിയുടെ ഓഫീസിലേക്ക്‌ വിളിച്ചു.
'മമ്മീ... അയാം ഗോയിങ്‌ ടു മുംബൈ അര്‍ജന്റ്ലി. എലിസാന്റിഇപ്പോ വിളിച്ചു പറഞ്ഞതാണ്‌. രാജൂ ഭാട്ടിയയെ ചെന്നു കാണാന്‍. പുള്ളിക്കാരന്റെ പുതിയ ആല്‍ബത്തിലേക്ക്‌ ഒരു മലയാളിഗേളിനെ ആവശ്യമുണ്ടത്രെ.'
'ഈസിന്റിറ്റ്‌!... ട്രൈ യുവ ബെസ്റ്റ്‌. യു വില്‍ ഗെറ്റിറ്റ്‌, ഈഫ്‌ യു ആ ലക്കി...'
'രാത്രി പപ്പ വിളിക്കുമ്പോ പറയാന്‍ മറക്കരുത്‌.'
'ഓ യെസ്‌. ടു തെര്‍ട്ടിയ്ട ഫ്ലൈറ്റിനായിരിക്കും, അല്ലേ?ബെസ്റ്റ്‌ വിഷസ്‌ മൈ ബേബീ..'
'താങ്ക്‌ യൂ, താങ്ക്‌ യൂ മമ്മീ!'
മുടി ഒന്നുകൂടി ബ്രഷ്‌ ചെയ്തശേഷം ചുണ്ടിലെ ചായം ശരിയാക്കുമ്പോഴേക്കും പുറത്ത്‌ കാറിന്റെ ഇരമ്പല്‍.താര ലെതര്‍ കൈറ്റ്ടുത്ത്‌ തോളത്തിട്ട്‌ വേഗം മുറിവിട്ടിറങ്ങി. സ്റ്റെയര്‍ കേസ്‌ പാഞ്ഞിറങ്ങുമ്പോള്‍ വേലക്കാരിയോട്‌ വിളിച്ചുപറഞ്ഞു.'കമലമ്മാ, ഞാന്‍ പൊറത്തെറങ്ങ്വാ...'
ഗേറ്റിനു പുറത്ത്‌ എലിസയുടെ ഇളംനീലഐക്കോണ്‍.
'മമ്മിയെന്തു പറഞ്ഞു?'കാര്‍ മുന്നോട്ടെടുത്തുകൊണ്ട്‌ എലിസബത്ത്‌ ചോദിച്ചു.
'െ‍ട്രൈ യുവ ബെസ്റ്റ്‌.'
എലിസ ഉറക്കെ ചിരിച്ചു. താരയും അതില്‍ പങ്കുചേര്‍ന്നു.
ഷേണായീസിനു മുന്നില്‍ കാര്‍ സിഗ്നല്‍ കാത്തുനിന്നപ്പോള്‍ താര ചോദിച്ചു.
'റ്റെല്‍ മീ, രാജു ഭാട്ടിയയുടെ പുതിയ ആല്‍ബത്തിന്റെ കാര്യം ശരിക്കും എന്തായി?'
'അതു നമ്മുടെ കൈവിട്ടുപോയി മോളേ... ആ ട്രിവാന്‍ഡ്രംകാരിയില്ലേ, ഭരതനാട്യക്കാരി, കഴിഞ്ഞയാഴ്ച അവളുടെ ഒരു പ്രോഗ്രാമുണ്ടായിരുന്നു ഡല്ലീല്‌. അവിടുന്നവളയാളെ കണ്ടൂന്നാ ഞാനറിഞ്ഞത്‌.'
'ലിവിറ്റ്‌.. രാജു ഭാട്ടിയയുടെ കീഴില്‍ വര്‍ക്ക്ചെയ്യാന്‍ അത്ര എളുപ്പമൊന്നും പറ്റില്ലാന്ന്‌ മമ്മിക്കറിയാം.'
'പോള്‍സന്റെ പുതിയ രണ്ടുമൂന്ന്‌ ആഡ്സുണ്ട്‌. ഒരെണ്ണം നിന്നെ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്‌.'
കളമശ്ശേരി എത്താറായപ്പോള്‍ റോഡ്‌ ബ്ലോക്കായി.'ജന്മം പാതിയും ട്രാഫിക്‌ ബ്ലോക്കില്‍ തുലയ്ക്കാനാ നമ്മുടെ തലേലെഴുത്ത്‌. സ്റ്റുപിഡ്‌ കണ്‍ട്രി.'എലിസ സ്റ്റിയറിംഗില്‍ മുഖംചായ്ച്ച്‌ പിറുപിറുത്തു.'ഇവിടിങ്ങനെ അരമണിക്കൂര്‍ കിടന്നാല്‍ ഫ്ലൈറ്റ്‌ അതിന്റെ വഴിക്കുപോകും.'
തൊട്ടുമുന്നിലെ കാറിന്റെ അരികില്‍ ഒരേഴെട്ടുവയസ്സുള്ള പെണ്‍കുട്ടി യാചനാപൂര്‍വം കൈനീട്ടി നില്‍ക്കുന്നത്‌ അപ്പോഴാണ്‌ താരാമേനോന്‍ കണ്ടത്‌. അവളുടെ ഒക്കത്ത്‌ മാസങ്ങള്‍ മാത്രം പ്രായം വരുന്ന ഒരു കൊച്ചുമുണ്ടായിരുന്നു. താരയ്ക്ക്‌ സങ്കടംതോന്നി. അവള്‍ കാറിന്റെ സൈഡ്‌ ഗ്ലാസ്‌ താഴ്ത്തി.
കാറിനകത്തെ സുഖശീതളിമയിലേക്ക്‌ വെയില്‍ക്കാറ്റ്‌ അടിച്ചുകയറിയപ്പോള്‍ എലിസബത്ത്‌ ശാസനാഭാവത്തില്‍ ശബ്ദമുയര്‍ത്തി.'വാട്ട്‌ ആര്‍ യു ഡൂയിങ്ങ്‌, താര?'താര അതു ഗൗനിച്ചില്ല. ബാഗില്‍നിന്നും ഒരു നോട്ട്‌ വലിച്ചെടുത്തശേഷം അവള്‍ പുറത്തേക്ക്‌ തലയിട്ട്‌ പെണ്‍കുട്ടിയെ മാടിവിളിച്ചു. അടുത്തുവന്ന കുട്ടിയുടെ കൈയില്‍ പത്തുരൂപാനോട്ട്‌ ഇട്ടുകൊടുത്തശേഷം അവളെയും കുഞ്ഞിനേയും നോക്കി ഒന്നുചിരിച്ച്‌ താര വേഗം തന്നെ ഗ്ലാസ്‌ ഉയര്‍ത്തി.
താരയുടെ പ്രവൃത്തി നോക്കിയിരുന്ന എലിസബത്ത്‌ പറഞ്ഞു.'ഈ കൊച്ചിന്റെയൊരു കാര്യം!'
അപ്പോഴേക്കും ഗതാഗതക്കുരുക്കഴിഞ്ഞു.നെടുമ്പാശ്ശേരിയിലെത്തി, കാറില്‍ നിന്നിറങ്ങുന്നതിന്‌ മുന്‍പ്‌ എലിസബത്ത്‌ ടിക്കറ്റ്‌ എടുത്തുനീട്ടി.
'ലുക്ക്‌, താനിപ്പോള്‍ ശുഭാ മാത്യുവാണ്‌. ആ പേരിലാ ടിക്കറ്റ്‌, ഓര്‍ത്തോണം.'
'ഇതിപ്പോള്‍ ആദ്യത്തെ തവണയൊന്നുമല്ലല്ലോ', താര ചിരിച്ചുകൊണ്ട്‌ തലയാട്ടി.
'പുറത്ത്‌ യൂസഫ്‌ വെയ്റ്റ്‌ ചെയ്യുന്നുണ്ടാവും.'
ചിരിക്കുമ്പോള്‍ ചെറുതാവുന്ന എലിസാന്റിയുടെ കണ്ണുകളില്‍നോക്കി അവള്‍ യാത്ര പറഞ്ഞു.
പ്ലെയിന്‍ വായുവിലുയര്‍ന്ന ശേഷം സീറ്റ്‌ ബെല്‍ട്ട്‌ മാറ്റി സ്വാതന്ത്ര്യത്തോടെ കണ്ണടച്ചിരുന്ന്‌ യാത്രയുടെ വിരസത മാറ്റാന്‍ അവള്‍ വിജയിനെ കൂട്ടുവിളിച്ചു.ഈ വര്‍ഷം ആദ്യം കോട്ടയത്തുനടന്ന ദക്ഷിണേന്ത്യന്‍ യുവജനോത്സവത്തിനിടയിലാണ്‌ ചിറ്റൂര്‍ കോളേജില്‍ മ്യൂസിക്‌ എം.എയ്ക്കു പഠിക്കുന്ന അവനെ പരിചയപ്പെട്ടത്‌. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ലജ്ജയാല്‍ ചുവക്കുന്ന അവന്റെ മുഖം അവള്‍ കവിളോടു ചേര്‍ത്തുപിടിച്ചു. ഇടയ്ക്ക്‌ അവന്‍ ഫോണില്‍ വിളിക്കുമ്പോള്‍ മാത്രം തനിക്ക്‌ സംസാരിക്കാനുള്ള ഭാഷ നഷ്ടപ്പെടുന്നല്ലോ എന്നാലോചിച്ചപ്പോള്‍, ശരീരത്തിലെ ചോര മുഴുവന്‍ ആവിയായിപ്പോകുന്നതുപോലെ അവള്‍ക്കനുഭവപ്പെട്ടു.
സാന്താക്രൂസില്‍ നിന്ന്‌ പുറത്തേക്കുള്ള വഴിയേ നടക്കുമ്പോള്‍തന്നെ യൂസഫ്‌ മുന്നിലെത്തി. കാര്‍ നായ്ക്കനാക്കി ജങ്ങ്ഷനിലെ വാഹനത്തിരക്കിലൂടെ ശ്വാസംമുട്ടി നീങ്ങുമ്പോള്‍ വീണ്ടും ആകാംക്ഷയുടെ തരിപ്പ്‌ താരയുടെ എല്ലുകളെ വിറപ്പിച്ച്‌ കടന്നുപോയി.'എന്തായിരിക്കും ഡോക്ടര്‍ ആ പെണ്‍കുട്ടിക്ക്‌ മറുപടി കൊടുത്തിട്ടുണ്ടാവുക?'ആ മാഗസിന്‍ കിറ്റിലെടുത്തിടാന്‍ തോന്നിക്കാതിരുന്ന ബുദ്ധിയെ അവള്‍ മനസ്സില്‍ തെറിപറഞ്ഞു.
യൂസഫിനു പിന്നാലെ ഹോട്ടലിനുള്ളിലേക്കു നടക്കുമ്പോള്‍, എയര്‍പോര്‍ട്ടിലെ ബുക്ക്‌ സ്റ്റാളില്‍ ആ മാഗസിന്‍ ഉണ്ടോ എന്ന്‌ നോക്കാമായിരുന്നു എന്ന്‌ കുണ്ഠിതപ്പെടുകയും ചെയ്തു.
റിസപ്ഷനിലെ സുന്ദരിയോട്‌ എന്തോ സംസാരിച്ചശേഷം യൂസഫ്‌ താരയ്ക്കരികിലെത്തി.
'വരൂ... ത്രീതെര്‍ട്ടി സിക്സ്‌, തേഡ്‌ ഫ്ലോര്‍.'
ലിഫ്റ്റ്‌ മുകളിലേക്കുയരുമ്പോള്‍ യൂസഫ്‌ കവിളില്‍ തട്ടി.'കഴിഞ്ഞ തവണ പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ, അല്ലേ?'
അവള്‍ എല്ലാം ഓര്‍മയുണ്ടെന്ന്‌ ചിരിച്ചുകാട്ടി.336-ാ‍ം നമ്പര്‍ മുറിയിലേക്കു നടക്കുമ്പോള്‍ താര ഓര്‍ക്കാന്‍ ശ്രമിച്ചു. നിറമുള്ള കല്ലുമോതിരമണിഞ്ഞ കുറേ വിരലുകളുടെ ചിത്രം മാത്രമാണ്‌ തെളിഞ്ഞത്‌.
കോളിങ്‌ ബെല്ലില്‍ വിരലമര്‍ത്തിയ ശേഷം വാതില്‍ തുറക്കപ്പെടാന്‍ കാത്തുനില്‍ക്കുമ്പോള്‍ യൂസഫ്‌ ഓര്‍മിപ്പിച്ചു.'രാവിലെ എയ്റ്റ്്ഫോര്‍ട്ടിക്കാണ്‌ റിട്ടേണ്‍ ഫ്ലൈറ്റ്‌.'
കുട്ടിത്തം നിറഞ്ഞ ഒരു മുഖമാണ്‌ വാതില്‍ തുറന്നത്‌.'ആയിയേ... ആയിയേ...'അയാള്‍ രണ്ടുപേരെയും അകത്തേക്കു ക്ഷണിച്ചു.യൂസഫ്‌ ക്ഷണം നിരസിച്ചുകൊണ്ട്‌ അയാള്‍ക്ക്‌ നേരെ കൈനീട്ടി, ഹിന്ദിയില്‍ പറഞ്ഞു.'ഞാന്‍ നില്‍ക്കുന്നില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഓഫീസിലേക്കു വിളിച്ചാല്‍ മതി.'ചിരി തന്നെയായിരുന്നു അയാളുടെ പ്രതികരണം.
രോമമില്ലാത്ത മാംസളമായ ആ മുഖത്തെ ചിരിയിലേക്ക്‌ സൂക്ഷിച്ചുനോക്കിയപ്പോള്‍ താരയ്ക്ക്‌ അയാളുടെ പ്രായത്തെക്കുറിച്ച്‌ സന്ദേഹമായി. 25-നും 50-നും ഇടയില്‍ എവിടെയാണയാള്‍ നില്‍ക്കുന്നത്‌?താര രണ്ടുപേരെയും കടന്ന്‌ മുറിക്കുള്ളില്‍ കയറി. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടിവിക്കു മുന്നിലെ സോഫാചെയറിലിരുന്നു.
'ദെന്‍ ഓക്കെ.... വീവില്‍ മീറ്റ്‌ ടുമാറോ..''ശുക്രിയാ..'താരയ്ക്കു പിന്നില്‍ വാതിലടഞ്ഞു.
പരിചിതമായൊരു മുഖം കണ്ടപ്പോഴാണ്‌ താര ടി.വി. സ്ക്രീനിലെ പരിപാടി എന്തെന്ന്‌ തിരിച്ചറിഞ്ഞത്‌. മുണ്ടും നേര്യതുമുടുത്ത്‌ ക്യാറ്റ്‌ വാക്ക്‌ നടത്തുന്ന സുന്ദരി. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മിസ്‌ കേരള കണ്ടസ്റ്റ്‌.സോഫായ്ക്കു പിന്നില്‍നിന്ന്‌ തടിച്ചുരുണ്ട രണ്ടുകൈകള്‍ താരയുടെ ചുമലില്‍ മൃദുവായി അമര്‍ന്നു.
'ലുക്ക്്‌', അയാള്‍ സ്ക്രീനിലേക്ക്‌ ചൂണ്ടി. 'ഞാന്‍ നിന്നെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.' അയാള്‍ ഹിന്ദിയില്‍ പറഞ്ഞു.
കഴുത്തിലൂടെ താഴേക്കിഴഞ്ഞ കൈകള്‍ സ്നേഹപൂര്‍വമായ ശാസനയോടെ അവള്‍ പിടിച്ചുമാറ്റി.അയാള്‍ സോഫാചെയറിന്റെ കൈയില്‍ ഇരുന്ന്‌ അവളെ ചേര്‍ത്തുപിടിച്ചു.'ഇതിലാരാ മിസ്‌ കേരളാവായത്‌?'
'വണ്‍ ട്വെന്റി.'
സ്ക്രീനില്‍ വന്നുപോയ്ക്കൊണ്ടിരുന്ന സുന്ദരികളില്‍ നിന്നും നൂറ്റിഇരുപതാം നമ്പറുകാരിയെ കണ്ടുപിടിച്ച്‌ അയാള്‍ പ്രതികരിച്ചു.'ഓ, ഇവളോ... സ്റ്റുപ്പിഡ്‌ ജഡ്ജ്മെന്റ്‌.'
പുറമെ ചിരിച്ചുകാട്ടിയെങ്കിലും ഉള്ളില്‍ താരയ്ക്ക്‌ കടുത്ത നിരാശ തോന്നി. അവളുടെ ബിസിനസുകാരനായ അച്ഛന്‍ കാശുവാരിയെറിഞ്ഞ്‌ മകള്‍ക്ക്‌ സുന്ദരിപ്പട്ടം വാങ്ങിക്കൊടുക്കുകയായിരുന്നെന്ന രഹസ്യം മത്സരശേഷമാണറിയുന്നത്‌. വീമ്പു പറഞ്ഞുനടക്കാന്‍ ഒരു കിരീടം. അതിലപ്പുറം മോഡലിങ്ങിലോ ആക്ടിങ്ങിലോ ഒരു താല്‍പര്യമില്ലാത്തവള്‍.ദേഷ്യവും സങ്കടവും പണിപ്പെട്ടാണ്‌ നിയന്ത്രിച്ചത്‌. എലിസാന്റി കുറേ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അവരുടെ സംസാരത്തില്‍ നിന്ന്‌ മത്സരഫലത്തെക്കുറിച്ച്‌ ആന്റിക്ക്‌ നേരത്തെ അറിയാമായിരുന്നു എന്നു തോന്നി. പിന്നീടാലോചിച്ചപ്പോള്‍, അക്കാര്യത്തില്‍ എലിസാന്റിയെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ലെന്നും ബോധ്യപ്പെട്ടു.
'ഞാനായിരുന്നെങ്കില്‍ ആരെ സെലക്ട്‌ ചെയ്യുമായിരുന്നെന്ന്‌ പറയാമോ.... നിന്നെ!'അവളുടെ ഇടതുകവിളിലെ മാംസം വിരലുകള്‍ക്കിടയില്‍ ഇറുക്കിയെടുത്ത്‌ ഇളകിച്ചിരിച്ചുകൊണ്ട്‌ അയാള്‍ കൂട്ടിച്ചേര്‍ത്തു.'രാവിലെ ഈ കാസറ്റ്‌ ആദ്യം കണ്ടപ്പോള്‍ത്തന്ന വണ്‍നോട്ട്‌ ഫൈവിനെ വെറുതെയാണോ ഞാന്‍ സെലക്ട്‌ ചെയ്തത്‌! പിന്നെ... ആ വണ്‍നോട്ട്ടുവും കൊള്ളാം. പക്ഷേ, അവളുടെ നെഞ്ച്‌ ആണുങ്ങളുടേതു പോലായിപ്പോയി.'
അയാളുടെ ചിരി മുറിയെ കിടുക്കിയപ്പോള്‍ താര എഴുന്നേറ്റു.'എനിക്കൊന്നു കുളിക്കണം.'
'എനിക്കും. ഞാന്‍ നീ വരാന്‍ കാത്തിരിക്കുകയായിരുന്നു.'
ബാത്ത്‌ റൂമിലേക്ക്‌ അവള്‍ക്കു പിന്നാലെ നീങ്ങവേ അയാള്‍ പറഞ്ഞു:'അതു ചോദിക്കാന്‍ വിട്ടു. നിന്റെ പേരെന്താ?'
താര ചിരിച്ചു.
'വണ്‍ നോട്ട്‌ ഫൈവ്‌.'
പിറ്റേന്നു രാവിലെ മടക്കയാത്രയില്‍ എയര്‍പോര്‍ട്ടിലെ ബുക്ക്‌ സ്റ്റാളില്‍നിന്നും താരാമേനോന്‍ മറക്കാതെ ആ മാഗസിന്റെ ഒരു കോപ്പി കൈക്കലാക്കി.പ്ലെയിനിലെ സ്വന്തം ഇരിപ്പിടത്തിലെത്തിയ ഉടനെ അവള്‍ മാഗസിന്‍ തുറന്നു.
അപ്പോഴാണ്‌ ഇടതുകൈയിലെ നടുവിരലില്‍ പാകമാവാതെ കിടക്കുന്ന മോതിരത്തില്‍ വീണ്ടും അവളുടെ ശ്രദ്ധ ചെന്നത്‌. താര മോതിരം ഊരിയെടുത്ത്‌ ലതര്‍കിറ്റിന്റെ സൈഡ്‌ പോക്കറ്റില്‍ നിക്ഷേപിച്ചു. യൂസഫ്‌ ഏല്‍പ്പിച്ച ചെക്കുംഅവിടെ സുരക്ഷിതമായിരിപ്പുണ്ടായിരുന്നു. പിന്നെ ആകാംക്ഷയോടെ 'അഡ്വൈട്ടൈസേഴ്സ്‌ കോളം' തിരഞ്ഞ്‌ മാഗസിന്റെ പേജുകള്‍ മറിക്കാന്‍ തുടങ്ങി.(2000)

Wednesday, September 13, 2006

ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍

കാടാങ്കുനി യു.പി.സ്കൂള്‍ മൈതാനത്തു നടന്ന ഈ വര്‍ഷത്തെ മഹാത്മാട്രോഫി വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തിനിടെ കാലിക്കറ്റ്‌ സിക്സസിന്റെ ക്യാപ്റ്റന്‍ മുഹമ്മദ്‌ ഷാഹിദിന്റെ കനത്തൊരു സ്മാഷ്‌ പറന്നുവന്നു കൊണ്ടതോടെയാണ്‌ ആനന്ദന്റെ തലയ്ക്ക്‌ ഇളക്കംതട്ടിയത്‌.

പന്തു കൊണ്ടയുടന്‍ ആനന്ദന്‍ ബോധംകെട്ടുവീണു. ചിരിയുടെ അല പെട്ടെന്നടങ്ങി. ഒരു നിമിഷത്തെ ആധിപൂണ്ട നിശ്ശബ്ദത. കളിയുടെ തുടര്‍ച്ച മുറിയുമെന്നായപ്പോഴേക്കും ആനന്ദന്‍ ചാടിയെഴുന്നേറ്റു. ഉറക്കപ്പിച്ചിലെന്നോണം എല്ലാവരെയുമൊന്നു നോക്കി. പിന്നെ ജളത നിറഞ്ഞ ഒരു ചിരിയോടെ വീണ്ടും കാണിയായി.പക്ഷേ, അതുവരെ മട്ടന്നൂരിനുവേണ്ടി ആര്‍ത്തുവിളിച്ചിരുന്ന ആനന്ദന്‍ കൂറു മാറി.അന്നോളം കാശിറക്കി വാതു വയ്ക്കാന്‍ മിനക്കെട്ടിട്ടില്ലാത്ത ആനന്ദന്‍ കൂട്ടുകാരെ അദ്ഭുതപ്പെടുത്തിക്കൊണ്ട്‌ കീശയില്‍ നിന്നും കാശെടുത്തു നീട്ടി: ബെറ്റിന്‍ണ്ടോ, നൂറുറുപ്യ.... കപ്പ്‌ സിക്സറിന്‌!രണ്ടും മൂന്നും സെറ്റുകളില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയ മട്ടന്നൂര്‍ അടുത്ത സെറ്റും നേടി മത്സരം കീശയിലാക്കുമെന്ന ഉറപ്പില്‍ വെല്ലുവിളി സ്വീകരിക്കാന്‍ ആളുണ്ടായി.

അദ്ഭുതമെന്നല്ലാതെന്തുപറയാന്‍. ഉണര്‍ന്നുകളിച്ച കോഴിക്കോടന്‍ ടീം 17-15-ന്‌ നാലാം സെറ്റ്‌ നേടി. തളര്‍ന്നുപോയ മട്ടന്നൂരിനെ അവസാന സെറ്റില്‍ വാരിക്കളയുകയും ചെയ്തു.വാതുകിട്ടിയ ഇരുന്നൂറു രൂപയുമായി ആനന്ദന്‍ നേരെ പോയത്‌ സംഘാടകരുടെ അടുത്തേക്കാണ്‌. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ ഷാഹിദിന്‌ ഒരു ആരാധകന്റെ എളിയ ഉപഹാരം!

രണ്ടുനാള്‍ കഴിഞ്ഞ്‌ പീടികക്കവലയില്‍വെച്ച്‌ ആനന്ദന്‍ ആനന്ദപ്പാത്തുവായി.

കുറച്ചുകാലം മുമ്പു നാട്ടില്‍ ഒരു പാത്തുമ്മിറ്റിയാറുണ്ടായിരുന്നു. നാലാള്‍ കൂടുന്നിടത്തെത്തിയാല്‍ പാത്തുമ്മിറ്റിയാറ്‌ പ്രസംഗം തുടങ്ങും. നല്ല ഒന്നാന്തരം രാഷ്ട്രീയപ്രസംഗം. പ്രസംഗം നിറയെ ഒന്നാന്തരം തെറി. തെറി മുഴുവന്‍ ഇന്ദിരാഗാന്ധിക്കെതിരെയും! അടിയന്തിരാവസ്ഥക്കാലത്ത്‌ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ മാപ്ല തിരിച്ചുവരാണ്ടായതോടെയാണത്രെ പാത്തുമ്മിറ്റിയാറ്‌ ഇന്ദിരാവിരുദ്ധ പ്രാസംഗികയായത്‌.പാത്തുമ്മിറ്റിയാറുടെ തലവെട്ടം കാണുമ്പോള്‍ത്തന്നെ കോണ്‍ഗ്രസുകാരും സി.പി.ഐക്കാരും സ്ഥലം കാലിയാക്കും. മറ്റാരോടാണെങ്കിലും നാവുകൊണ്ടോ കൈകൊണ്ടോ വേണ്ടിവന്നാല്‍ കത്തികൊണ്ടുതന്നെയോ മറുപടി പറയാമായിരുന്നു. പക്ഷേ, ഈ തലമുറിയത്തിത്തള്ളയോടോ?യൂത്തുകോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ കുനിയില്‍ രാജീവിനുണ്ടായ അനുഭവം തങ്ങള്‍ക്കുണ്ടാവാന്‍ ആരും ഇഷ്ടപ്പെട്ടില്ല എന്നതാണു വാസ്തവം. പട്ടാപ്പകല്‍ മറ്റുള്ളവര്‍ കാണ്‍കെ ഒരു സ്ത്രീ ഉടുതുണി പൊക്കിക്കാണിക്കുന്നതില്‍പരം നാണംകെടാന്‍ മേറ്റ്ന്തുവേണം?മൂന്നുവര്‍ഷം മുമ്പാണ്‌ പാത്തുമ്മിറ്റിയാറ്‌ മയ്യത്തായത്‌. അതോടെ സി.പി.എമ്മുകാര്‍ക്കും ബി.ജെ.പിക്കാര്‍ക്കും ആവേശം പകരുന്നൊരു പ്രാസംഗികയെ നഷ്ടമായി.

ആദിവാസി ഭൂസംരക്ഷണനിയമ ഭേദഗതിബില്ലിനെക്കുറിച്ചു സംസാരിച്ചു കൊണ്ടാണ്‌ ആനന്ദന്‍ ആനന്ദപ്പാത്തുവായി പരിണമിക്കുന്നത്‌.വൈകുന്നേരം രാഘവേട്ടന്റെ ചായപ്പീടികയും തൊട്ടുള്ള ഖാദറിന്റെ പലചരക്കുകടയും റോഡിനപ്പുറം കുഞ്ഞിരാമന്‍ മേസ്തിരിയുടെ വാടകക്കെട്ടിടത്തില്‍ താഴെയും മുകളിലുമായുള്ള നെഹ്‌റു യൂത്ത്‌ സെന്ററും റെഡ്സ്റ്റാര്‍ ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ്‌ ക്ലബ്ബും സജീവമായപ്പോഴാണ്‌ ആനന്ദന്റെ രംഗപ്രവേശം.റോഡില്‍നിന്ന്‌ അവന്‍ എന്തുചെയ്യുകയാണെന്ന്‌ ആദ്യമാരും ശ്രദ്ധിച്ചില്ല. ക്ലബ്ബുകളില്‍ കാരംസ്‌ കളിക്കുന്നവരുടെ ബഹളത്തില്‍ അവന്റെ ശബ്ദം ആരുടെയും ചെവിയിലെത്തിയതുമില്ല.കാദറിന്റെ പീടികയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന കുട്ടികളാണ്‌ അതാദ്യം ശ്രദ്ധിച്ചതും മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തിയതും. 'നീയാരോടാടാ ഇക്കയ്യും കലാശോം കാട്ട്ന്ന്‌' എന്നു വിളിച്ചു ചോദിച്ചതിനു മറുപടി കിട്ടാതെവന്നപ്പോള്‍ ആളുകള്‍ സംശയത്തോടെയും കൗതുകത്തോടെയും അടുത്തേക്കുചെന്നു.

കാതുകൂര്‍പ്പിച്ചുതന്നെ കേള്‍ക്കുന്ന അനേകായിരങ്ങളോട്‌ വികാരം ജ്വലിക്കുന്ന ഭാഷയില്‍ സംസാരിക്കുകയായിരുന്നു ആനന്ദന്‍.തലയ്ക്ക്‌ പന്തടിയേറ്റശേഷം ആനന്ദന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ചിലരെങ്കിലും ശ്രദ്ധിച്ചിരുന്നു. പണിയെടുക്കുമ്പോള്‍ നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞിരുന്നവനാണ്‌. രണ്ടുനാളായി അങ്ങോട്ടെന്തെങ്കിലും ചോദിച്ചാലും മിണ്ടാട്ടമില്ല. വൈകുന്നേരങ്ങളില്‍ ക്ലബില്‍ പെറ്റുകിടന്നിരുന്നവന്‍, അങ്ങോട്ടുചെല്ലാതെ വായനശാലയിലിരുന്നു പത്രങ്ങള്‍ അരിച്ചുപെറുക്കുന്നു.പീടികയിലും ക്ലബ്ബുകളിലും ഉണ്ടായിരുന്നവരും വഴിയേ വന്നവരും ആനന്ദന്റെ കേള്‍വിക്കാരുടെ കൂട്ടത്തില്‍ ചേര്‍ന്നു. അവരുടെ പരിഹാസച്ചിരികളും ചര്‍ച്ചകളും കൂവലും കൈകൊട്ടലുമൊന്നും ആനന്ദനെ ബാധിച്ചതേയില്ല.

അവന്‍ ഇരുകൈകളിലേയും ചൂണ്ടുവിരലുയര്‍ത്തി പരശ്ശതം കേള്‍വിക്കാര്‍ക്കു മുന്നില്‍ ഒരു ചോദ്യമെറിയുന്നു: മോഷണമുതല്‍ വാങ്ങിയ സ്വര്‍ണപ്പണിക്കാരന്‌ തൊണ്ടി കണ്ടെത്തപ്പെടുമ്പോള്‍ എത്രയാണ്‌ നഷ്ടം?

വിഷയത്തിന്റെ ഗൗരവം മനസ്സിലായപ്പോള്‍ ബഹളം നിര്‍ത്തി അന്തംവിട്ടുനിന്നവര്‍ക്ക്‌ ആനന്ദന്‍ വിശദീകരിക്കുകയായി: ഒരാള്‍ ഒരു സ്വര്‍ണമാല മോഷ്ടിക്കുന്നു. കള്ളമുതലാണെന്നു മനസ്സിലായിട്ടായാലും അല്ലെങ്കിലും ആദായത്തില്‍ കിട്ടുന്നതല്ലേ എന്നു കരുതി സ്വര്‍ണപ്പണിക്കാരന്‍ അതു വാങ്ങുന്നു. മാല ഉരുക്കിപ്പണിതീര്‍ക്കുമ്പോഴാണ്‌ പോലീസെത്തുന്നതും തൊണ്ടി പിടിച്ചെടുക്കുന്നതും. ന്യായമായും എന്താണുണ്ടാവുക? മോഷ്ടാവിനു ശിക്ഷ ഉറപ്പ്‌. മോഷണമുതല്‍ വാങ്ങിയവനോ? ശിക്ഷയൊന്നും കിട്ടിയില്ലെങ്കില്‍പ്പോലും മുതലും മുടക്കിയ തുകയും നഷ്ടപ്പെടില്ലേ? ഒന്നുനിര്‍ത്തി ആനന്ദന്‍ തുടര്‍ന്നു. എന്നാല്‍ ഈ ന്യായം ന്യായമല്ല എന്നാണ്‌ നമ്മള്‍ തെരഞ്ഞെടുത്തയച്ച 139 എം.എല്‍.എമാരും പറയുന്നത്‌. തൊണ്ടി ഇപ്പോള്‍ കൈയിലില്ലാത്തതിനാല്‍ മോഷ്ടാവിനെ വെറുതെ വിടാം. മോഷണമുതലില്‍ ഏറെ അധ്വാനിച്ചതു പരിഗണിച്ചു സ്വര്‍ണപ്പണിക്കാരനെയും വെറുതെ വിടാം.മോഷണം പോയ മാല അതേ രൂപത്തില്‍ തിരികെ കിട്ടുക നടപ്പില്ലാത്തതിനാല്‍ സര്‍ക്കാരിന്‌ ഒരു കാര്യമേ ചെയ്യാന്‍ പറ്റൂ. മാലയുടെ യഥാര്‍ഥ ഉടമയ്ക്ക്‌ വേറൊരു മാലയും ചെറിയൊരു നഷ്ടപരിഹാരവും ഖജനാവില്‍നിന്നെടുത്തുകൊടുക്കുക...

പ്രസംഗം കഴിഞ്ഞപ്പോള്‍, സദസ്യരെ നോക്കി വിശാലമായൊന്നു ചിരിച്ച്‌ ആനന്ദന്‍ നടക്കാന്‍ തുടങ്ങി. ആള്‍ക്കൂട്ടം അവനായി വഴിയൊരുക്കി ഒതുങ്ങിനിന്നു. ആരോ എന്തോ ചോദിച്ചപ്പോള്‍ ആനന്ദന്‍ തിരിഞ്ഞുനിന്നു മറുപടി പറഞ്ഞു. പക്ഷേ, അവന്‍ പറഞ്ഞതെന്തെന്ന്‌ ആര്‍ക്കും മനസ്സിലായില്ല. ആളുകള്‍ അന്തിച്ചുനില്‍ക്കെ ആനന്ദന്‍ വീട്ടിലേക്കുള്ള വഴിയേ നടന്നുപോയി. മലയാളം എം.എയ്ക്കു പഠിക്കുന്ന സുരേഷ്‌ ബാബുവാണ്‌, വത്സലയുടേയും ബേബിയുടേയും നോവലുകള്‍ വായിച്ച പരിചയത്തില്‍ നിന്നും, വയനാട്ടിലെയോ അട്ടപ്പാടിയിലേയോ ആദിവാസികളുടെ ഭാഷയിലാണ്‌ ആനന്ദന്‍ മറുപടി പറഞ്ഞതെന്നു കണ്ടെത്തിയത്‌.

അന്നുരാത്രി റെഡ്സ്റ്റാര്‍ ആര്‍ട്സ്‌ ആന്റ്‌ സ്പോര്‍ട്സ്‌ ക്ലബ്ബില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അടിയന്തരയോഗം ചേര്‍ന്നു. ആനന്ദന്‍ വട്ട്‌ അഭിനയിക്കുകയാണെന്നും അയാള്‍ യഥാര്‍ഥത്തില്‍ അയ്യങ്കാളിപ്പടക്കാരനാണെന്നും അഭിപ്രായപ്പെട്ട ചിലര്‍, രഹസ്യമായൊന്നു പെരുമാറിയാല്‍ അസുഖം താനേ മാറിക്കൊള്ളുമെന്നു വാദിച്ചു. ചാടിക്കയറി എന്തെങ്കിലുമൊക്കെ ചെയ്തിട്ടു പാര്‍ട്ടിക്കു ചീത്തപ്പേരുണ്ടാക്കരുതെന്ന്‌ എല്‍.സി സെക്രട്ടറിസഖാവ്‌ പൂവ്വാടന്‍ ഗോവിന്ദന്‍ അവരെ ശാസിച്ചിരുത്തി. ഒടുവില്‍, ആനന്ദന്‍ പ്രസംഗിച്ച കാര്യങ്ങള്‍ പാര്‍ട്ടി വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്നും വിവരം മേല്‍ക്കമ്മിറ്റിക്കു റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണെന്നും യോഗത്തില്‍ തീരുമാനമായി.

ആനന്ദനു വട്ടുതന്നെയെന്ന്‌ താമസിയാതെ സ്ഥിരീകരിക്കപ്പെട്ടു. ധ്യാനസ്ഥമായ ഒരു മൗനത്തിലേക്ക്‌ അവന്‍ ആണ്ടിറങ്ങിയിരുന്നു. ആരോടും മിണ്ടാട്ടമില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം ചിരി മാത്രം - ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ; അല്ലെങ്കില്‍ ഒരു മുനിയുടെ നിസ്സംഗതയോടെ. ദുര്‍ലഭം ചിലപ്പോള്‍ ചില ആംഗ്യങ്ങള്‍ കാട്ടിയാലായി. പക്ഷേ, പ്രസംഗം തുടങ്ങിയാലോ. അഴീക്കോടിനെയും കണിയാപുരത്തെയും തോല്‍പ്പിക്കുന്ന വാചകവിരുത്‌. ആശയസ്ഫടുത, നര്‍മോക്തികള്‍.ഇതൊക്കെയാണെങ്കിലും ആനന്ദന്‍ കൃത്യമായിത്തന്നെ ജോലിക്കുപോയി. വര്‍ത്തമാനം ഇല്ലാതായതുകൊണ്ട്‌ പഴയതിലും നന്നായി ജോലി ചെയ്തു. കൈക്കോട്ടുപണിക്കിടയില്‍ വര്‍ത്തമാനം പറയരുതെന്ന കുഞ്ഞാണന്‍ മേസ്തിരിയുടെ ഉപദേശം പാലിക്കുന്ന ആദ്യത്തെയാള്‍ ആനന്ദനാണെന്ന്‌ കൂട്ടുപണിക്കാര്‍ പറഞ്ഞുചിരിച്ചു.പണികഴിഞ്ഞു വന്നാല്‍ വായനശാലയായി ആനന്ദന്റെ താവളം. സിനിമകാണലും മുടക്കമില്ലാതെ തുടര്‍ന്നു. പെണ്ണുങ്ങള്‍ അധികമെത്തുന്ന മാറ്റിനിക്കും ഫസ്റ്റ്‌ ഷോയ്ക്കും പോകുന്ന പതിവു സെക്കന്റ്‌ ഷോയ്ക്കായി മാറിയെന്നു മാത്രം.വായനശാലയില്‍ നിന്നിറങ്ങിയാല്‍ വീട്ടിലേക്ക്‌. അല്ലാത്തപ്പോള്‍ നേരെ കവലയില്‍ ചെന്ന്‌ പ്രസംഗപീഠത്തിലേക്ക്‌. പ്രസംഗിക്കാന്‍ വകയില്ലാത്തപ്പോള്‍ രാഘവേട്ടന്റെ ചായപ്പീടികയില്‍ കയറിയിരിക്കും. 'ചായയെടുക്കട്ടെ' എന്നു ചോദിച്ചാലും മറുപടി ചിരി മാത്രം. ചായ മുന്നില്‍ കൊണ്ടുവച്ചാല്‍ എടുത്തു കുടിക്കും. എഴുന്നേറ്റുപോകുമ്പോള്‍ കാശ്‌ മേശപ്പുറത്തു വച്ചിരിക്കും.

ഒരു വൈകുന്നേരം ആനന്ദന്‍ ചായക്കടയിലിരിക്കുമ്പോഴാണ്‌ അവര്‍ വന്നത്‌. കുറ്റിപ്പറമ്പിലെ ആറെസ്സൈസ്സ്‌ ശാഖയില്‍പോകുന്ന നാട്ടിലെ നാലഞ്ചു ചെറുപ്പക്കാര്‍. കാവി ലുങ്കിയും നെറ്റിയില്‍ കുങ്കുമം കൊണ്ട്‌ നീട്ടിയൊരു പൊട്ടും.ചെറുപ്പക്കാര്‍ ആനന്ദപ്പാത്തുവിനെ കളിയാക്കിച്ചിരിച്ചുകൊണ്ട്‌ പീടികയിലേക്കുകയറി.'എന്തൊക്ക്യാ ആനന്ദേട്ടാ വിശേഷങ്ങള്‌? ടൗണില്‌ ഞമ്മള്യെര്‌ പൊതുയോഗണ്ട്‌. ഇങ്ങള്‌ വര്‍ന്നോ, പ്രസംഗിക്കാനൊരു ചാന്‍സ്‌ തരാലോ...'ചോദ്യവും തുടര്‍ന്നുള്ള കൂട്ടച്ചിരിയും ആനന്ദനെ സ്പര്‍ശിച്ചതായി തോന്നിയില്ല. അവന്‍ അവരെ മാറിമാറി തുറിച്ചുനോക്കി. ആ നോട്ടത്തില്‍ കളിചിരി നിന്നുപോയ പിള്ളേരോട്‌ ആനന്ദന്റെ ചോദ്യം.

'ഇങ്ങളേത്‌ ചന്തക്കാ?'

ചന്തക്കോ?അവര്‍ അമ്പരന്നു. ഒപ്പം ചിരിയും പൊട്ടി.

'ഇങ്ങള ഏത്‌ ചന്തക്കാ അറക്കാങ്കൊണ്ടോന്നേന്ന്‌...'

ചോദ്യത്തിന്റെ പൊരുള്‍ പിടികിട്ടാതെ അവര്‍ അന്തിച്ചു.

'അല്ല, അറവുമാട്വേള നെറ്റീലപ്പോല ഇങ്ങള നെറ്റീലും ചുട്ടി കുത്ത്യ കണ്ടിറ്റ്‌ ചോയിച്ചതാ...'

വിശാലമായ ഒരു ചിരി. ആനന്ദന്‍ എഴുന്നേറ്റു.ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കവലയില്‍ ആനന്ദപ്പാത്തു പ്രസംഗമാരംഭിച്ചു.

സുഹൃത്തുക്കളേ, ഞാനിന്നു സംസാരിക്കാന്‍ പോകുന്നത്‌ വര്‍ഗീയതയെക്കുറിച്ചാണ്‌. സാമ്രാജ്യത്വതന്ത്രങ്ങളെപ്പോലും കടത്തിവെട്ടുന്ന വിരുതോടെ വര്‍ഗീയത നമ്മുടെ സംസ്കാരത്തിലും നിത്യജീവിതത്തില്‍തന്നെയും പ്രച്ഛന്നവേഷത്തില്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്‌.ഒരു പത്തുവര്‍ഷം മുമ്പുവരെ നമുക്കന്യമായിരുന്ന കുറെ മതചിഹ്നങ്ങള്‍ ഇപ്പോള്‍ നമുക്കു ചുറ്റും കാണാന്‍ കഴിയും. നോക്കൂ. ഈ ചെറുപ്പക്കാരുടെ നെറ്റിയിലെ കുങ്കുമക്കുറി. ഈ നാട്ടിലെ സംസ്കാരത്തിലോ വിശ്വാസത്തിലോ ഇത്തരമൊരു കുറിയല്ല ഉണ്ടായിരുന്നത്‌. ഇത്‌ ഉത്തരേന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടതാണ്‌.ഒരേ മതക്കാരായാല്‍പ്പോലും ഇന്ത്യയിലെ ഓരോ പ്രദേശത്തെയും ജനങ്ങളുടെ സംസ്കാരം വ്യത്യസ്തമാണ്‌. ഈ വ്യത്യസ്തതയെ തകര്‍ത്ത്‌ ഹിന്ദുക്കളെല്ലാം ഒന്നാണ്‌, മുസ്ലിങ്ങളെല്ലാം ഒന്നാണ്‌ എന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമമാണ്‌ നമ്മളറിയാതെ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്‌. മുമ്പൊക്കെ പ്രായമായ മുസ്ലിം സ്ത്രീകളെ മാത്രമേ പര്‍ദ്ദയണിഞ്ഞു നമ്മുടെ നാട്ടില്‍ കണ്ടിരുന്നുള്ളൂ. ഇന്നോ, മദ്രസയില്‍ പോകുന്ന കൊച്ചു പെണ്‍കുട്ടിപോലും പര്‍ദ്ദയുടെ അന്ധകാരത്തിനുള്ളിലാണ്‌...

'ആനന്ദപ്പാത്തു'വിനെക്കുറിച്ചു പത്രത്തിലെഴുതിയാലോ എന്നെനിക്കു തോന്നിത്തുടങ്ങിയിട്ടു കുറച്ചുകാലമായി. ഇതുപോലൊരു മനുഷ്യന്‍ വിലപിടിച്ചൊരു വാര്‍ത്ത തന്നെയല്ലേ! പക്ഷേ, ദിവസവും വാര്‍ത്തകളുടെ ഓടയില്‍ പന്നിയെപ്പോലെ മൂക്കുരച്ചു നടക്കുന്നവന്റെ സ്വാഭാവികമായ അലസതകാരണം ഇതുവരെ എഴുത്തുനടന്നില്ല. ഇനിയൊട്ടു നടക്കാനും പോകുന്നില്ല.സായാഹ്നങ്ങളും രാത്രികളും പണയപ്പെട്ടുപോയ ഒരു പത്രജീവനക്കാരനായതുകാരണം ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങളെക്കുറിച്ച്‌ എനിക്കു കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമായി നേരില്‍ കേള്‍ക്കുന്നത്‌ അടുത്തകാലത്താണ്‌.ആഴ്ചയവധിദിവസം വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു. റോഡിലെത്തിയപ്പോള്‍ പീടികക്കവലയില്‍ ഒരാള്‍ക്കൂട്ടം. പെട്ടെന്നുതന്നെ മനസ്സിലായി, ആനന്ദന്റെ പ്രസംഗം കേള്‍ക്കാന്‍ തനിക്കു ഭാഗ്യം സിദ്ധിച്ചിരിക്കുന്നു!

പ്രസംഗം തുടങ്ങിയിട്ട്‌ കുറച്ചുസമയമായിരുന്നു. ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണു വിഷയം. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ ലളിതമായി പരിചയപ്പെടുത്തിക്കൊണ്ട്‌ ശ്രോതാക്കളെ തന്റെ വഴിയിലേക്കു കൊണ്ടുവരികയാണ്‌ ആനന്ദപ്പാത്തു.പുലിപ്രഭാകരന്‍ ഒരു പമ്പരവിഡ്ഢിയാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എല്‍.ടി.ടി.ഇയ്ക്ക്‌ ആയുധവും ഭക്ഷണവും അടക്കമുള്ള എല്ലാ സഹായവും എത്തിക്കൊണ്ടിരുന്നത്‌ തമിഴ്തീരത്തു കൂടിയാണ്‌. മദ്രാസില്‍വച്ചു രാജീവ്‌ ഗാന്ധിയെ വധിച്ചാല്‍ ഈ സഹായമാര്‍ഗം അടഞ്ഞുപോകുമെന്ന്‌ മുന്‍കൂട്ടി കാണാന്‍ കഴിവില്ലാത്തയാളാണോ പ്രഭാകരന്‍? രാജീവ്‌ വധിക്കപ്പെട്ടതിനു പിന്നാലെ, തന്ത്രപ്രധാനമായ എലിഫന്റ്‌ പാസ്സ്‌ എല്‍.ടി.ടി.ഇയില്‍നിന്ന്‌ ശ്രീലങ്കന്‍ സേനയ്ക്കു പിടിച്ചെടുക്കാന്‍ കഴിഞ്ഞതെന്തുകൊണ്ട്‌?

ചോദ്യങ്ങള്‍ക്കു മുന്നില്‍ അന്തംവിട്ടു നില്‍ക്കുന്നവര്‍ക്കിടയില്‍ ഞാനും കണ്ണുതള്ളി നിന്നു. പറഞ്ഞുകേട്ടപ്പോള്‍ ഇത്രയൊന്നും വിചാരിച്ചിരുന്നില്ല. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ സുകുമാരന്‍ മാഷെചീത്ത വിളിച്ചു പഠിച്ചം നിര്‍ത്തിപ്പോയ ആനന്ദനെവച്ചുള്ള കണക്കുകൂട്ടലായിരുന്നല്ലോ അതുവരെ.കുറച്ചുനാള്‍ കഴിഞ്ഞ്‌, രാജീവ്‌ വധക്കേസില്‍ 26 പേര്‍ക്ക്‌ മരണശിക്ഷ നല്‍കിക്കൊണ്ട്‌ കോടതിവിധിയുണ്ടായപ്പോള്‍, അതിനെ ലോക നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നു വിശേഷിപ്പിച്ചുകൊണ്ട്‌ ആനന്ദന്‍ പ്രസംഗിച്ചത്‌ നാട്ടില്‍ വലിയ ചര്‍ച്ചയായി. കോടതിയെ വിമര്‍ശിച്ചതിന്‌ ആനന്ദനെതിരെ കേസു കൊടുക്കുമെന്നൊക്കെ ചില കോണ്‍ഗ്രസുകാര്‍ പറഞ്ഞുനടന്നെങ്കിലും ആനന്ദന്‍ ഇട്ടുകൊടുത്ത ചോദ്യങ്ങള്‍ അവരുടെ ഉള്ളില്‍ വേവാതെ കിടക്കുന്ന അസ്വാസ്ഥ്യമായി.

'എല്ലാവരെയും എതിര്‍ക്കുന്നതുകൊണ്ട്‌ ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്കെല്ലാം അവനിപ്പം ചതുര്‍ഥിയാ...,' സംസാരത്തിനിടയില്‍ ആനന്ദന്‍ കടന്നുവന്നപ്പോള്‍, പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം ഒരു നിരാശാകമ്യൂണിസ്റ്റുകാരനായിക്കഴിയുന്ന അച്ഛന്‍ പറഞ്ഞു: 'രാഷ്ട്രീയത്തിനുപകരം അല്‍പസ്വല്‍പം ആധ്യാത്മികമായിരുന്നു അവന്റെ നാക്കിലെങ്കില്‍ ഈ നാടു രക്ഷപ്പെട്ടേനെ. വല്ല അമൃതാനന്ദമായനെന്നോ, സത്യാനന്ദബാബയെന്നോ....' അച്ഛന്റെ വാക്കുകളില്‍ പരിഹാസത്തില്‍ പൊതിഞ്ഞ അമര്‍ഷം; എന്തിനോടൊക്കെയോ.

ആനന്ദനെക്കുറിച്ചെഴുതണമെന്നു തീര്‍ച്ചപ്പെടുത്തിയാണ്‌ അന്നു പ്രസംഗം കേട്ടശേഷം വീട്ടിലേക്കു തിരിച്ചത്‌. പക്ഷേ.... വീണ്ടും ആ വാക്കുകള്‍തന്നെ വേണ്ടിവരുന്നു രക്ഷപ്പെടാന്‍.എങ്കിലും അങ്ങനെയങ്ങു രക്ഷപ്പെടാന്‍ ആനന്ദന്‍ അനുവദിക്കയില്ലെന്ന്‌ ഇപ്പോള്‍ ബോധ്യമായിരിക്കുന്നു.

ജോലി കഴിഞ്ഞു പാതിരയ്ക്കു വീട്ടിലെത്തി കിടന്നതാണ്‌. അനിയന്‍ വന്നു കുലുക്കിയുണര്‍ത്തി. വിവരം കേട്ടപ്പോള്‍ ഉറക്കം പമ്പ കടന്നു. വായും മുഖവും കഴുകിയെന്നുവരുത്തി പുറത്തിറങ്ങി.

റോഡിലും വയലില്‍ ആമക്കുളത്തിനു ചുറ്റും ആളു കൂടിയിരിക്കുന്നു. പോലീസില്‍ വിവരം പോയിട്ടുണ്ട്‌. അവരുടനെ എത്തിയേക്കും. ആള്‍ക്കൂട്ടത്തിനിടയിലൂടെ നൂണുകടന്നു. കുളത്തിന്റെ തേക്കെമൂലയില്‍ പൊങ്ങിക്കിടക്കുന്ന ശരീരം. പുള്ളികളുള്ള വെള്ള ഷര്‍ട്ട്‌. പച്ചയും കറുപ്പും കലര്‍ന്ന ലുങ്കി.അതിരാവിലെ കണ്ടത്തില്‍ വെള്ളമിറക്കാന്‍ പോകുമ്പോള്‍ നാണുവേട്ടനാണത്രേ ആദ്യം കണ്ടത്‌.സെക്കന്റ്‌ ഷോയ്ക്ക്‌ തിയേറ്ററില്‍ കണ്ടവരുണ്ട്‌.അതുകഴിഞ്ഞു വന്നിട്ട്‌...എങ്ങനെ... എന്തിന്‌.... ചോദ്യങ്ങളും ഉത്തരങ്ങളും പിറുപിറുക്കലുകളായി അന്തരീക്ഷത്തില്‍ കനംവച്ചുനിന്നു.

അപ്പോള്‍, ഒരു സ്വപ്നത്തിലെന്നോണം കഴിഞ്ഞ രാത്രി...ഫസ്റ്റ്‌ എഡിഷന്‍ വന്നയുടനെ ഓഫീസില്‍ നിന്നിറങ്ങി. പത്രവാനില്‍ ടൗണില്‍ വന്നിറങ്ങുമ്പോള്‍ ഒരുമണിയോടടുത്തിരുന്നു.വയല്‍ക്കരയില്‍ എത്താറായപ്പോള്‍ തോട്ടുവക്കത്തു രണ്ടു നിഴല്‍രൂപങ്ങള്‍. സൂക്ഷിച്ചുനോക്കി. മനോഹരനും കൃഷ്ണന്‍നായരും. ഈ നട്ടപ്പാതിരയ്ക്കെന്തെടുക്കുകയാണവര്‍? ദൂരത്തായതിനാല്‍ വിളിച്ചുചോദിക്കാന്‍ കഴിഞ്ഞില്ല. കൈയുയര്‍ത്തി അഭിവാദ്യം ചെയ്തു. അവര്‍ തിരിച്ചും.വീണ്ടും നടക്കവേ, നടുവരമ്പുകയറി അബൂബക്കറും ദാസനും വന്നു.

'ഇതെവിടുന്നാ ഈ നേരത്ത്‌?

''ഞങ്ങളൊരിടംവരെപോയതാ...'

'മനോഹരനും കൃഷ്ണന്‍നായരും നിങ്ങള്യാണോ കാത്ത്‌ ങ്ക്ക്ന്ന്‌?'

അവര്‍ അതെയെന്ന്‌ തലകുലുക്കി.

'ഊണും ഉറക്കോമില്ലാണ്ട്ള്ള സാമൂഹ്യപ്രവര്‍ത്തനമാണല്ലോ...' എന്നു തമാശ പറഞ്ഞ്‌ അവരോടു യാത്രപറഞ്ഞു.

ഇപ്പോള്‍ ഒരു സംശയം. ഒന്നല്ല കുറെ സംശയങ്ങള്‍.പാതിരയ്ക്ക്‌ എന്തായിരുന്നു ഇവരുടെ പരിപാടി? പാര്‍ട്ടിപ്രവര്‍ത്തനമോ മറ്റോ ആണെങ്കില്‍, തമ്മില്‍ കണ്ടുകൂടാത്ത വ്യത്യസ്ത രാഷ്ട്രീയകക്ഷികളുടെ പ്രാദേശിക നേതാക്കന്മാരാണല്ലോ ഇവര്‍... നാലുപേരും എന്നെ കണ്ടപ്പോള്‍ ആദ്യമൊന്നും പരുങ്ങിയില്ലേ? ഇവരുടെ വസ്ത്രങ്ങള്‍ നനഞ്ഞിരുന്നില്ലേ? പ്രത്യേകിച്ച്‌ ദാസന്റെയും അബുവിന്റെയും വസ്ത്രങ്ങളില്‍ ചെളി പുരണ്ടതിന്റെ അടയാളങ്ങള്‍..?

ഇല്ല. എല്ലാം എന്റെ തോന്നലുകള്‍ മാത്രമാവും. ഏതു ബന്ധത്തിലും ഒരവിഹിതം, ഏതിടപാടിലും ഒരഴിമതി എന്നിങ്ങനെ എന്തിനു പിന്നിലും ഒരു വാര്‍ത്ത കണ്ടെത്താനുള്ള പത്രപ്രവര്‍ത്തകന്റെ ദുഷിച്ച ബുദ്ധി. ഇതാ ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ത്തന്നെയുണ്ട്‌ നാലുപേരും.

ദാസന്‍ അടുത്തേക്കുവന്നു.'രാത്രി ചെറിയൊരു കാശിന്റെടപാട്‌ തീര്‍ക്കാമ്പോയിര്‍ന്നതാ. വര്‍മ്പോ വഴ്ത്യൊന്ന്‌ വീണു. ഇക്കൊളത്തിലെറങ്ങ്യാ ചളി കഴിക്യത്‌. എന്റക്കളേ, അപ്പറത്ത്‌ ഇങ്ങേന്യെര്‍ത്തന്‍ ചത്ത്‌ പൊന്തിക്കെടക്ക്ന്നത്ണ്ടോ അന്നേരം ഞമ്മള്‌ ശ്രദ്ധിച്ചിന്‌!...'

ഞാനൊന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചു.റോഡില്‍ ജീപ്പ്പു വന്നു നില്‍ക്കുന്ന ശബ്ദം.'ദാ, പോലീസെത്തി....' ദാസന്‍ പറഞ്ഞു.

വരട്ടെ. അവര്‍ വന്നു ബോഡി കരയ്ക്കെടുത്ത്‌ മുറപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യട്ടെ. നാളത്തെ ചരമപ്പേജിലേക്ക്‌ ഒരു വാര്‍ത്ത എഴുതിക്കൊടുക്കാം. ആനന്ദപ്പാത്തു എന്നു വിളിക്കുന്ന ആനന്ദന്‍ (28)...കുളത്തില്‍ വീണു മരിച്ചെന്നോ കുളത്തില്‍ ചാടി മരിച്ചെന്നോ, അതോ...അതു പോലീസ്‌ തീരുമാനിക്കട്ടെ. എന്തിനു വെറുതെ കാണാപ്പുറങ്ങള്‍ വായിച്ച്‌ വേണ്ടാത്ത തൊന്തരവുകള്‍ തലയില്‍ വലിച്ചുകയറ്റണം? അല്ലേലും പോലീസും രാഷ്ട്രീയക്കാരും പിന്നെ ഞങ്ങള്‍ പത്രക്കാരും തമ്മില്‍ ഒരു പരസ്പരധാരണ എപ്പോഴും നല്ലതാണല്ലോ.

പോലീസിനെ കണ്ടിട്ടാണോ ആള്‍ക്കൂട്ടത്തിനൊരിളക്കം? എല്ലാവരും എങ്ങോട്ടേക്കാണോടുന്നത്‌?ആളുകള്‍ വയലില്‍നിന്നു കയറി റോഡിലൂടെ വടക്കോട്ടോടുകയാണ്‌. പിന്നാലെ ചെന്നു.

ഞാനെത്തുമ്പോഴേക്കും പീടികക്കവലയില്‍ ഒരാള്‍വൃത്തം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. തിക്കിത്തിരച്ചതില്‍ കയറുമ്പോള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും കേള്‍ക്കാനായി....

ആനന്ദപ്പാത്തു പ്രസംഗിക്കുകയാണ്‌.

(1988 ജനവരി)