Wednesday, September 13, 2006

ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍

കാടാങ്കുനി യു.പി.സ്കൂള്‍ മൈതാനത്തു നടന്ന ഈ വര്‍ഷത്തെ മഹാത്മാട്രോഫി വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തിനിടെ കാലിക്കറ്റ്‌ സിക്സസിന്റെ ക്യാപ്റ്റന്‍ മുഹമ്മദ്‌ ഷാഹിദിന്റെ കനത്തൊരു സ്മാഷ്‌ പറന്നുവന്നു കൊണ്ടതോടെയാണ്‌ ആനന്ദന്റെ തലയ്ക്ക്‌ ഇളക്കംതട്ടിയത്‌.

പന്തു കൊണ്ടയുടന്‍ ആനന്ദന്‍ ബോധംകെട്ടുവീണു. ചിരിയുടെ അല പെട്ടെന്നടങ്ങി. ഒരു നിമിഷത്തെ ആധിപൂണ്ട നിശ്ശബ്ദത. കളിയുടെ തുടര്‍ച്ച മുറിയുമെന്നായപ്പോഴേക്കും ആനന്ദന്‍ ചാടിയെഴുന്നേറ്റു. ഉറക്കപ്പിച്ചിലെന്നോണം എല്ലാവരെയുമൊന്നു നോക്കി. പിന്നെ ജളത നിറഞ്ഞ ഒരു ചിരിയോടെ വീണ്ടും കാണിയായി.പക്ഷേ, അതുവരെ മട്ടന്നൂരിനുവേണ്ടി ആര്‍ത്തുവിളിച്ചിരുന്ന ആനന്ദന്‍ കൂറു മാറി.അന്നോളം കാശിറക്കി വാതു വയ്ക്കാന്‍ മിനക്കെട്ടിട്ടില്ലാത്ത ആനന്ദന്‍ കൂട്ടുകാരെ അദ്ഭുതപ്പെടുത്തിക്കൊണ്ട്‌ കീശയില്‍ നിന്നും കാശെടുത്തു നീട്ടി: ബെറ്റിന്‍ണ്ടോ, നൂറുറുപ്യ.... കപ്പ്‌ സിക്സറിന്‌!രണ്ടും മൂന്നും സെറ്റുകളില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയ മട്ടന്നൂര്‍ അടുത്ത സെറ്റും നേടി മത്സരം കീശയിലാക്കുമെന്ന ഉറപ്പില്‍ വെല്ലുവിളി സ്വീകരിക്കാന്‍ ആളുണ്ടായി.

അദ്ഭുതമെന്നല്ലാതെന്തുപറയാന്‍. ഉണര്‍ന്നുകളിച്ച കോഴിക്കോടന്‍ ടീം 17-15-ന്‌ നാലാം സെറ്റ്‌ നേടി. തളര്‍ന്നുപോയ മട്ടന്നൂരിനെ അവസാന സെറ്റില്‍ വാരിക്കളയുകയും ചെയ്തു.വാതുകിട്ടിയ ഇരുന്നൂറു രൂപയുമായി ആനന്ദന്‍ നേരെ പോയത്‌ സംഘാടകരുടെ അടുത്തേക്കാണ്‌. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ ഷാഹിദിന്‌ ഒരു ആരാധകന്റെ എളിയ ഉപഹാരം!

രണ്ടുനാള്‍ കഴിഞ്ഞ്‌ പീടികക്കവലയില്‍വെച്ച്‌ ആനന്ദന്‍ ആനന്ദപ്പാത്തുവായി.

കുറച്ചുകാലം മുമ്പു നാട്ടില്‍ ഒരു പാത്തുമ്മിറ്റിയാറുണ്ടായിരുന്നു. നാലാള്‍ കൂടുന്നിടത്തെത്തിയാല്‍ പാത്തുമ്മിറ്റിയാറ്‌ പ്രസംഗം തുടങ്ങും. നല്ല ഒന്നാന്തരം രാഷ്ട്രീയപ്രസംഗം. പ്രസംഗം നിറയെ ഒന്നാന്തരം തെറി. തെറി മുഴുവന്‍ ഇന്ദിരാഗാന്ധിക്കെതിരെയും! അടിയന്തിരാവസ്ഥക്കാലത്ത്‌ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ മാപ്ല തിരിച്ചുവരാണ്ടായതോടെയാണത്രെ പാത്തുമ്മിറ്റിയാറ്‌ ഇന്ദിരാവിരുദ്ധ പ്രാസംഗികയായത്‌.പാത്തുമ്മിറ്റിയാറുടെ തലവെട്ടം കാണുമ്പോള്‍ത്തന്നെ കോണ്‍ഗ്രസുകാരും സി.പി.ഐക്കാരും സ്ഥലം കാലിയാക്കും. മറ്റാരോടാണെങ്കിലും നാവുകൊണ്ടോ കൈകൊണ്ടോ വേണ്ടിവന്നാല്‍ കത്തികൊണ്ടുതന്നെയോ മറുപടി പറയാമായിരുന്നു. പക്ഷേ, ഈ തലമുറിയത്തിത്തള്ളയോടോ?യൂത്തുകോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ കുനിയില്‍ രാജീവിനുണ്ടായ അനുഭവം തങ്ങള്‍ക്കുണ്ടാവാന്‍ ആരും ഇഷ്ടപ്പെട്ടില്ല എന്നതാണു വാസ്തവം. പട്ടാപ്പകല്‍ മറ്റുള്ളവര്‍ കാണ്‍കെ ഒരു സ്ത്രീ ഉടുതുണി പൊക്കിക്കാണിക്കുന്നതില്‍പരം നാണംകെടാന്‍ മേറ്റ്ന്തുവേണം?മൂന്നുവര്‍ഷം മുമ്പാണ്‌ പാത്തുമ്മിറ്റിയാറ്‌ മയ്യത്തായത്‌. അതോടെ സി.പി.എമ്മുകാര്‍ക്കും ബി.ജെ.പിക്കാര്‍ക്കും ആവേശം പകരുന്നൊരു പ്രാസംഗികയെ നഷ്ടമായി.

ആദിവാസി ഭൂസംരക്ഷണനിയമ ഭേദഗതിബില്ലിനെക്കുറിച്ചു സംസാരിച്ചു കൊണ്ടാണ്‌ ആനന്ദന്‍ ആനന്ദപ്പാത്തുവായി പരിണമിക്കുന്നത്‌.വൈകുന്നേരം രാഘവേട്ടന്റെ ചായപ്പീടികയും തൊട്ടുള്ള ഖാദറിന്റെ പലചരക്കുകടയും റോഡിനപ്പുറം കുഞ്ഞിരാമന്‍ മേസ്തിരിയുടെ വാടകക്കെട്ടിടത്തില്‍ താഴെയും മുകളിലുമായുള്ള നെഹ്‌റു യൂത്ത്‌ സെന്ററും റെഡ്സ്റ്റാര്‍ ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ്‌ ക്ലബ്ബും സജീവമായപ്പോഴാണ്‌ ആനന്ദന്റെ രംഗപ്രവേശം.റോഡില്‍നിന്ന്‌ അവന്‍ എന്തുചെയ്യുകയാണെന്ന്‌ ആദ്യമാരും ശ്രദ്ധിച്ചില്ല. ക്ലബ്ബുകളില്‍ കാരംസ്‌ കളിക്കുന്നവരുടെ ബഹളത്തില്‍ അവന്റെ ശബ്ദം ആരുടെയും ചെവിയിലെത്തിയതുമില്ല.കാദറിന്റെ പീടികയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന കുട്ടികളാണ്‌ അതാദ്യം ശ്രദ്ധിച്ചതും മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തിയതും. 'നീയാരോടാടാ ഇക്കയ്യും കലാശോം കാട്ട്ന്ന്‌' എന്നു വിളിച്ചു ചോദിച്ചതിനു മറുപടി കിട്ടാതെവന്നപ്പോള്‍ ആളുകള്‍ സംശയത്തോടെയും കൗതുകത്തോടെയും അടുത്തേക്കുചെന്നു.

കാതുകൂര്‍പ്പിച്ചുതന്നെ കേള്‍ക്കുന്ന അനേകായിരങ്ങളോട്‌ വികാരം ജ്വലിക്കുന്ന ഭാഷയില്‍ സംസാരിക്കുകയായിരുന്നു ആനന്ദന്‍.തലയ്ക്ക്‌ പന്തടിയേറ്റശേഷം ആനന്ദന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ചിലരെങ്കിലും ശ്രദ്ധിച്ചിരുന്നു. പണിയെടുക്കുമ്പോള്‍ നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞിരുന്നവനാണ്‌. രണ്ടുനാളായി അങ്ങോട്ടെന്തെങ്കിലും ചോദിച്ചാലും മിണ്ടാട്ടമില്ല. വൈകുന്നേരങ്ങളില്‍ ക്ലബില്‍ പെറ്റുകിടന്നിരുന്നവന്‍, അങ്ങോട്ടുചെല്ലാതെ വായനശാലയിലിരുന്നു പത്രങ്ങള്‍ അരിച്ചുപെറുക്കുന്നു.പീടികയിലും ക്ലബ്ബുകളിലും ഉണ്ടായിരുന്നവരും വഴിയേ വന്നവരും ആനന്ദന്റെ കേള്‍വിക്കാരുടെ കൂട്ടത്തില്‍ ചേര്‍ന്നു. അവരുടെ പരിഹാസച്ചിരികളും ചര്‍ച്ചകളും കൂവലും കൈകൊട്ടലുമൊന്നും ആനന്ദനെ ബാധിച്ചതേയില്ല.

അവന്‍ ഇരുകൈകളിലേയും ചൂണ്ടുവിരലുയര്‍ത്തി പരശ്ശതം കേള്‍വിക്കാര്‍ക്കു മുന്നില്‍ ഒരു ചോദ്യമെറിയുന്നു: മോഷണമുതല്‍ വാങ്ങിയ സ്വര്‍ണപ്പണിക്കാരന്‌ തൊണ്ടി കണ്ടെത്തപ്പെടുമ്പോള്‍ എത്രയാണ്‌ നഷ്ടം?

വിഷയത്തിന്റെ ഗൗരവം മനസ്സിലായപ്പോള്‍ ബഹളം നിര്‍ത്തി അന്തംവിട്ടുനിന്നവര്‍ക്ക്‌ ആനന്ദന്‍ വിശദീകരിക്കുകയായി: ഒരാള്‍ ഒരു സ്വര്‍ണമാല മോഷ്ടിക്കുന്നു. കള്ളമുതലാണെന്നു മനസ്സിലായിട്ടായാലും അല്ലെങ്കിലും ആദായത്തില്‍ കിട്ടുന്നതല്ലേ എന്നു കരുതി സ്വര്‍ണപ്പണിക്കാരന്‍ അതു വാങ്ങുന്നു. മാല ഉരുക്കിപ്പണിതീര്‍ക്കുമ്പോഴാണ്‌ പോലീസെത്തുന്നതും തൊണ്ടി പിടിച്ചെടുക്കുന്നതും. ന്യായമായും എന്താണുണ്ടാവുക? മോഷ്ടാവിനു ശിക്ഷ ഉറപ്പ്‌. മോഷണമുതല്‍ വാങ്ങിയവനോ? ശിക്ഷയൊന്നും കിട്ടിയില്ലെങ്കില്‍പ്പോലും മുതലും മുടക്കിയ തുകയും നഷ്ടപ്പെടില്ലേ? ഒന്നുനിര്‍ത്തി ആനന്ദന്‍ തുടര്‍ന്നു. എന്നാല്‍ ഈ ന്യായം ന്യായമല്ല എന്നാണ്‌ നമ്മള്‍ തെരഞ്ഞെടുത്തയച്ച 139 എം.എല്‍.എമാരും പറയുന്നത്‌. തൊണ്ടി ഇപ്പോള്‍ കൈയിലില്ലാത്തതിനാല്‍ മോഷ്ടാവിനെ വെറുതെ വിടാം. മോഷണമുതലില്‍ ഏറെ അധ്വാനിച്ചതു പരിഗണിച്ചു സ്വര്‍ണപ്പണിക്കാരനെയും വെറുതെ വിടാം.മോഷണം പോയ മാല അതേ രൂപത്തില്‍ തിരികെ കിട്ടുക നടപ്പില്ലാത്തതിനാല്‍ സര്‍ക്കാരിന്‌ ഒരു കാര്യമേ ചെയ്യാന്‍ പറ്റൂ. മാലയുടെ യഥാര്‍ഥ ഉടമയ്ക്ക്‌ വേറൊരു മാലയും ചെറിയൊരു നഷ്ടപരിഹാരവും ഖജനാവില്‍നിന്നെടുത്തുകൊടുക്കുക...

പ്രസംഗം കഴിഞ്ഞപ്പോള്‍, സദസ്യരെ നോക്കി വിശാലമായൊന്നു ചിരിച്ച്‌ ആനന്ദന്‍ നടക്കാന്‍ തുടങ്ങി. ആള്‍ക്കൂട്ടം അവനായി വഴിയൊരുക്കി ഒതുങ്ങിനിന്നു. ആരോ എന്തോ ചോദിച്ചപ്പോള്‍ ആനന്ദന്‍ തിരിഞ്ഞുനിന്നു മറുപടി പറഞ്ഞു. പക്ഷേ, അവന്‍ പറഞ്ഞതെന്തെന്ന്‌ ആര്‍ക്കും മനസ്സിലായില്ല. ആളുകള്‍ അന്തിച്ചുനില്‍ക്കെ ആനന്ദന്‍ വീട്ടിലേക്കുള്ള വഴിയേ നടന്നുപോയി. മലയാളം എം.എയ്ക്കു പഠിക്കുന്ന സുരേഷ്‌ ബാബുവാണ്‌, വത്സലയുടേയും ബേബിയുടേയും നോവലുകള്‍ വായിച്ച പരിചയത്തില്‍ നിന്നും, വയനാട്ടിലെയോ അട്ടപ്പാടിയിലേയോ ആദിവാസികളുടെ ഭാഷയിലാണ്‌ ആനന്ദന്‍ മറുപടി പറഞ്ഞതെന്നു കണ്ടെത്തിയത്‌.

അന്നുരാത്രി റെഡ്സ്റ്റാര്‍ ആര്‍ട്സ്‌ ആന്റ്‌ സ്പോര്‍ട്സ്‌ ക്ലബ്ബില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അടിയന്തരയോഗം ചേര്‍ന്നു. ആനന്ദന്‍ വട്ട്‌ അഭിനയിക്കുകയാണെന്നും അയാള്‍ യഥാര്‍ഥത്തില്‍ അയ്യങ്കാളിപ്പടക്കാരനാണെന്നും അഭിപ്രായപ്പെട്ട ചിലര്‍, രഹസ്യമായൊന്നു പെരുമാറിയാല്‍ അസുഖം താനേ മാറിക്കൊള്ളുമെന്നു വാദിച്ചു. ചാടിക്കയറി എന്തെങ്കിലുമൊക്കെ ചെയ്തിട്ടു പാര്‍ട്ടിക്കു ചീത്തപ്പേരുണ്ടാക്കരുതെന്ന്‌ എല്‍.സി സെക്രട്ടറിസഖാവ്‌ പൂവ്വാടന്‍ ഗോവിന്ദന്‍ അവരെ ശാസിച്ചിരുത്തി. ഒടുവില്‍, ആനന്ദന്‍ പ്രസംഗിച്ച കാര്യങ്ങള്‍ പാര്‍ട്ടി വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്നും വിവരം മേല്‍ക്കമ്മിറ്റിക്കു റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണെന്നും യോഗത്തില്‍ തീരുമാനമായി.

ആനന്ദനു വട്ടുതന്നെയെന്ന്‌ താമസിയാതെ സ്ഥിരീകരിക്കപ്പെട്ടു. ധ്യാനസ്ഥമായ ഒരു മൗനത്തിലേക്ക്‌ അവന്‍ ആണ്ടിറങ്ങിയിരുന്നു. ആരോടും മിണ്ടാട്ടമില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം ചിരി മാത്രം - ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ; അല്ലെങ്കില്‍ ഒരു മുനിയുടെ നിസ്സംഗതയോടെ. ദുര്‍ലഭം ചിലപ്പോള്‍ ചില ആംഗ്യങ്ങള്‍ കാട്ടിയാലായി. പക്ഷേ, പ്രസംഗം തുടങ്ങിയാലോ. അഴീക്കോടിനെയും കണിയാപുരത്തെയും തോല്‍പ്പിക്കുന്ന വാചകവിരുത്‌. ആശയസ്ഫടുത, നര്‍മോക്തികള്‍.ഇതൊക്കെയാണെങ്കിലും ആനന്ദന്‍ കൃത്യമായിത്തന്നെ ജോലിക്കുപോയി. വര്‍ത്തമാനം ഇല്ലാതായതുകൊണ്ട്‌ പഴയതിലും നന്നായി ജോലി ചെയ്തു. കൈക്കോട്ടുപണിക്കിടയില്‍ വര്‍ത്തമാനം പറയരുതെന്ന കുഞ്ഞാണന്‍ മേസ്തിരിയുടെ ഉപദേശം പാലിക്കുന്ന ആദ്യത്തെയാള്‍ ആനന്ദനാണെന്ന്‌ കൂട്ടുപണിക്കാര്‍ പറഞ്ഞുചിരിച്ചു.പണികഴിഞ്ഞു വന്നാല്‍ വായനശാലയായി ആനന്ദന്റെ താവളം. സിനിമകാണലും മുടക്കമില്ലാതെ തുടര്‍ന്നു. പെണ്ണുങ്ങള്‍ അധികമെത്തുന്ന മാറ്റിനിക്കും ഫസ്റ്റ്‌ ഷോയ്ക്കും പോകുന്ന പതിവു സെക്കന്റ്‌ ഷോയ്ക്കായി മാറിയെന്നു മാത്രം.വായനശാലയില്‍ നിന്നിറങ്ങിയാല്‍ വീട്ടിലേക്ക്‌. അല്ലാത്തപ്പോള്‍ നേരെ കവലയില്‍ ചെന്ന്‌ പ്രസംഗപീഠത്തിലേക്ക്‌. പ്രസംഗിക്കാന്‍ വകയില്ലാത്തപ്പോള്‍ രാഘവേട്ടന്റെ ചായപ്പീടികയില്‍ കയറിയിരിക്കും. 'ചായയെടുക്കട്ടെ' എന്നു ചോദിച്ചാലും മറുപടി ചിരി മാത്രം. ചായ മുന്നില്‍ കൊണ്ടുവച്ചാല്‍ എടുത്തു കുടിക്കും. എഴുന്നേറ്റുപോകുമ്പോള്‍ കാശ്‌ മേശപ്പുറത്തു വച്ചിരിക്കും.

ഒരു വൈകുന്നേരം ആനന്ദന്‍ ചായക്കടയിലിരിക്കുമ്പോഴാണ്‌ അവര്‍ വന്നത്‌. കുറ്റിപ്പറമ്പിലെ ആറെസ്സൈസ്സ്‌ ശാഖയില്‍പോകുന്ന നാട്ടിലെ നാലഞ്ചു ചെറുപ്പക്കാര്‍. കാവി ലുങ്കിയും നെറ്റിയില്‍ കുങ്കുമം കൊണ്ട്‌ നീട്ടിയൊരു പൊട്ടും.ചെറുപ്പക്കാര്‍ ആനന്ദപ്പാത്തുവിനെ കളിയാക്കിച്ചിരിച്ചുകൊണ്ട്‌ പീടികയിലേക്കുകയറി.'എന്തൊക്ക്യാ ആനന്ദേട്ടാ വിശേഷങ്ങള്‌? ടൗണില്‌ ഞമ്മള്യെര്‌ പൊതുയോഗണ്ട്‌. ഇങ്ങള്‌ വര്‍ന്നോ, പ്രസംഗിക്കാനൊരു ചാന്‍സ്‌ തരാലോ...'ചോദ്യവും തുടര്‍ന്നുള്ള കൂട്ടച്ചിരിയും ആനന്ദനെ സ്പര്‍ശിച്ചതായി തോന്നിയില്ല. അവന്‍ അവരെ മാറിമാറി തുറിച്ചുനോക്കി. ആ നോട്ടത്തില്‍ കളിചിരി നിന്നുപോയ പിള്ളേരോട്‌ ആനന്ദന്റെ ചോദ്യം.

'ഇങ്ങളേത്‌ ചന്തക്കാ?'

ചന്തക്കോ?അവര്‍ അമ്പരന്നു. ഒപ്പം ചിരിയും പൊട്ടി.

'ഇങ്ങള ഏത്‌ ചന്തക്കാ അറക്കാങ്കൊണ്ടോന്നേന്ന്‌...'

ചോദ്യത്തിന്റെ പൊരുള്‍ പിടികിട്ടാതെ അവര്‍ അന്തിച്ചു.

'അല്ല, അറവുമാട്വേള നെറ്റീലപ്പോല ഇങ്ങള നെറ്റീലും ചുട്ടി കുത്ത്യ കണ്ടിറ്റ്‌ ചോയിച്ചതാ...'

വിശാലമായ ഒരു ചിരി. ആനന്ദന്‍ എഴുന്നേറ്റു.ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കവലയില്‍ ആനന്ദപ്പാത്തു പ്രസംഗമാരംഭിച്ചു.

സുഹൃത്തുക്കളേ, ഞാനിന്നു സംസാരിക്കാന്‍ പോകുന്നത്‌ വര്‍ഗീയതയെക്കുറിച്ചാണ്‌. സാമ്രാജ്യത്വതന്ത്രങ്ങളെപ്പോലും കടത്തിവെട്ടുന്ന വിരുതോടെ വര്‍ഗീയത നമ്മുടെ സംസ്കാരത്തിലും നിത്യജീവിതത്തില്‍തന്നെയും പ്രച്ഛന്നവേഷത്തില്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്‌.ഒരു പത്തുവര്‍ഷം മുമ്പുവരെ നമുക്കന്യമായിരുന്ന കുറെ മതചിഹ്നങ്ങള്‍ ഇപ്പോള്‍ നമുക്കു ചുറ്റും കാണാന്‍ കഴിയും. നോക്കൂ. ഈ ചെറുപ്പക്കാരുടെ നെറ്റിയിലെ കുങ്കുമക്കുറി. ഈ നാട്ടിലെ സംസ്കാരത്തിലോ വിശ്വാസത്തിലോ ഇത്തരമൊരു കുറിയല്ല ഉണ്ടായിരുന്നത്‌. ഇത്‌ ഉത്തരേന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടതാണ്‌.ഒരേ മതക്കാരായാല്‍പ്പോലും ഇന്ത്യയിലെ ഓരോ പ്രദേശത്തെയും ജനങ്ങളുടെ സംസ്കാരം വ്യത്യസ്തമാണ്‌. ഈ വ്യത്യസ്തതയെ തകര്‍ത്ത്‌ ഹിന്ദുക്കളെല്ലാം ഒന്നാണ്‌, മുസ്ലിങ്ങളെല്ലാം ഒന്നാണ്‌ എന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമമാണ്‌ നമ്മളറിയാതെ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്‌. മുമ്പൊക്കെ പ്രായമായ മുസ്ലിം സ്ത്രീകളെ മാത്രമേ പര്‍ദ്ദയണിഞ്ഞു നമ്മുടെ നാട്ടില്‍ കണ്ടിരുന്നുള്ളൂ. ഇന്നോ, മദ്രസയില്‍ പോകുന്ന കൊച്ചു പെണ്‍കുട്ടിപോലും പര്‍ദ്ദയുടെ അന്ധകാരത്തിനുള്ളിലാണ്‌...

'ആനന്ദപ്പാത്തു'വിനെക്കുറിച്ചു പത്രത്തിലെഴുതിയാലോ എന്നെനിക്കു തോന്നിത്തുടങ്ങിയിട്ടു കുറച്ചുകാലമായി. ഇതുപോലൊരു മനുഷ്യന്‍ വിലപിടിച്ചൊരു വാര്‍ത്ത തന്നെയല്ലേ! പക്ഷേ, ദിവസവും വാര്‍ത്തകളുടെ ഓടയില്‍ പന്നിയെപ്പോലെ മൂക്കുരച്ചു നടക്കുന്നവന്റെ സ്വാഭാവികമായ അലസതകാരണം ഇതുവരെ എഴുത്തുനടന്നില്ല. ഇനിയൊട്ടു നടക്കാനും പോകുന്നില്ല.സായാഹ്നങ്ങളും രാത്രികളും പണയപ്പെട്ടുപോയ ഒരു പത്രജീവനക്കാരനായതുകാരണം ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങളെക്കുറിച്ച്‌ എനിക്കു കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമായി നേരില്‍ കേള്‍ക്കുന്നത്‌ അടുത്തകാലത്താണ്‌.ആഴ്ചയവധിദിവസം വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു. റോഡിലെത്തിയപ്പോള്‍ പീടികക്കവലയില്‍ ഒരാള്‍ക്കൂട്ടം. പെട്ടെന്നുതന്നെ മനസ്സിലായി, ആനന്ദന്റെ പ്രസംഗം കേള്‍ക്കാന്‍ തനിക്കു ഭാഗ്യം സിദ്ധിച്ചിരിക്കുന്നു!

പ്രസംഗം തുടങ്ങിയിട്ട്‌ കുറച്ചുസമയമായിരുന്നു. ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണു വിഷയം. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ ലളിതമായി പരിചയപ്പെടുത്തിക്കൊണ്ട്‌ ശ്രോതാക്കളെ തന്റെ വഴിയിലേക്കു കൊണ്ടുവരികയാണ്‌ ആനന്ദപ്പാത്തു.പുലിപ്രഭാകരന്‍ ഒരു പമ്പരവിഡ്ഢിയാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എല്‍.ടി.ടി.ഇയ്ക്ക്‌ ആയുധവും ഭക്ഷണവും അടക്കമുള്ള എല്ലാ സഹായവും എത്തിക്കൊണ്ടിരുന്നത്‌ തമിഴ്തീരത്തു കൂടിയാണ്‌. മദ്രാസില്‍വച്ചു രാജീവ്‌ ഗാന്ധിയെ വധിച്ചാല്‍ ഈ സഹായമാര്‍ഗം അടഞ്ഞുപോകുമെന്ന്‌ മുന്‍കൂട്ടി കാണാന്‍ കഴിവില്ലാത്തയാളാണോ പ്രഭാകരന്‍? രാജീവ്‌ വധിക്കപ്പെട്ടതിനു പിന്നാലെ, തന്ത്രപ്രധാനമായ എലിഫന്റ്‌ പാസ്സ്‌ എല്‍.ടി.ടി.ഇയില്‍നിന്ന്‌ ശ്രീലങ്കന്‍ സേനയ്ക്കു പിടിച്ചെടുക്കാന്‍ കഴിഞ്ഞതെന്തുകൊണ്ട്‌?

ചോദ്യങ്ങള്‍ക്കു മുന്നില്‍ അന്തംവിട്ടു നില്‍ക്കുന്നവര്‍ക്കിടയില്‍ ഞാനും കണ്ണുതള്ളി നിന്നു. പറഞ്ഞുകേട്ടപ്പോള്‍ ഇത്രയൊന്നും വിചാരിച്ചിരുന്നില്ല. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ സുകുമാരന്‍ മാഷെചീത്ത വിളിച്ചു പഠിച്ചം നിര്‍ത്തിപ്പോയ ആനന്ദനെവച്ചുള്ള കണക്കുകൂട്ടലായിരുന്നല്ലോ അതുവരെ.കുറച്ചുനാള്‍ കഴിഞ്ഞ്‌, രാജീവ്‌ വധക്കേസില്‍ 26 പേര്‍ക്ക്‌ മരണശിക്ഷ നല്‍കിക്കൊണ്ട്‌ കോടതിവിധിയുണ്ടായപ്പോള്‍, അതിനെ ലോക നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നു വിശേഷിപ്പിച്ചുകൊണ്ട്‌ ആനന്ദന്‍ പ്രസംഗിച്ചത്‌ നാട്ടില്‍ വലിയ ചര്‍ച്ചയായി. കോടതിയെ വിമര്‍ശിച്ചതിന്‌ ആനന്ദനെതിരെ കേസു കൊടുക്കുമെന്നൊക്കെ ചില കോണ്‍ഗ്രസുകാര്‍ പറഞ്ഞുനടന്നെങ്കിലും ആനന്ദന്‍ ഇട്ടുകൊടുത്ത ചോദ്യങ്ങള്‍ അവരുടെ ഉള്ളില്‍ വേവാതെ കിടക്കുന്ന അസ്വാസ്ഥ്യമായി.

'എല്ലാവരെയും എതിര്‍ക്കുന്നതുകൊണ്ട്‌ ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്കെല്ലാം അവനിപ്പം ചതുര്‍ഥിയാ...,' സംസാരത്തിനിടയില്‍ ആനന്ദന്‍ കടന്നുവന്നപ്പോള്‍, പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം ഒരു നിരാശാകമ്യൂണിസ്റ്റുകാരനായിക്കഴിയുന്ന അച്ഛന്‍ പറഞ്ഞു: 'രാഷ്ട്രീയത്തിനുപകരം അല്‍പസ്വല്‍പം ആധ്യാത്മികമായിരുന്നു അവന്റെ നാക്കിലെങ്കില്‍ ഈ നാടു രക്ഷപ്പെട്ടേനെ. വല്ല അമൃതാനന്ദമായനെന്നോ, സത്യാനന്ദബാബയെന്നോ....' അച്ഛന്റെ വാക്കുകളില്‍ പരിഹാസത്തില്‍ പൊതിഞ്ഞ അമര്‍ഷം; എന്തിനോടൊക്കെയോ.

ആനന്ദനെക്കുറിച്ചെഴുതണമെന്നു തീര്‍ച്ചപ്പെടുത്തിയാണ്‌ അന്നു പ്രസംഗം കേട്ടശേഷം വീട്ടിലേക്കു തിരിച്ചത്‌. പക്ഷേ.... വീണ്ടും ആ വാക്കുകള്‍തന്നെ വേണ്ടിവരുന്നു രക്ഷപ്പെടാന്‍.എങ്കിലും അങ്ങനെയങ്ങു രക്ഷപ്പെടാന്‍ ആനന്ദന്‍ അനുവദിക്കയില്ലെന്ന്‌ ഇപ്പോള്‍ ബോധ്യമായിരിക്കുന്നു.

ജോലി കഴിഞ്ഞു പാതിരയ്ക്കു വീട്ടിലെത്തി കിടന്നതാണ്‌. അനിയന്‍ വന്നു കുലുക്കിയുണര്‍ത്തി. വിവരം കേട്ടപ്പോള്‍ ഉറക്കം പമ്പ കടന്നു. വായും മുഖവും കഴുകിയെന്നുവരുത്തി പുറത്തിറങ്ങി.

റോഡിലും വയലില്‍ ആമക്കുളത്തിനു ചുറ്റും ആളു കൂടിയിരിക്കുന്നു. പോലീസില്‍ വിവരം പോയിട്ടുണ്ട്‌. അവരുടനെ എത്തിയേക്കും. ആള്‍ക്കൂട്ടത്തിനിടയിലൂടെ നൂണുകടന്നു. കുളത്തിന്റെ തേക്കെമൂലയില്‍ പൊങ്ങിക്കിടക്കുന്ന ശരീരം. പുള്ളികളുള്ള വെള്ള ഷര്‍ട്ട്‌. പച്ചയും കറുപ്പും കലര്‍ന്ന ലുങ്കി.അതിരാവിലെ കണ്ടത്തില്‍ വെള്ളമിറക്കാന്‍ പോകുമ്പോള്‍ നാണുവേട്ടനാണത്രേ ആദ്യം കണ്ടത്‌.സെക്കന്റ്‌ ഷോയ്ക്ക്‌ തിയേറ്ററില്‍ കണ്ടവരുണ്ട്‌.അതുകഴിഞ്ഞു വന്നിട്ട്‌...എങ്ങനെ... എന്തിന്‌.... ചോദ്യങ്ങളും ഉത്തരങ്ങളും പിറുപിറുക്കലുകളായി അന്തരീക്ഷത്തില്‍ കനംവച്ചുനിന്നു.

അപ്പോള്‍, ഒരു സ്വപ്നത്തിലെന്നോണം കഴിഞ്ഞ രാത്രി...ഫസ്റ്റ്‌ എഡിഷന്‍ വന്നയുടനെ ഓഫീസില്‍ നിന്നിറങ്ങി. പത്രവാനില്‍ ടൗണില്‍ വന്നിറങ്ങുമ്പോള്‍ ഒരുമണിയോടടുത്തിരുന്നു.വയല്‍ക്കരയില്‍ എത്താറായപ്പോള്‍ തോട്ടുവക്കത്തു രണ്ടു നിഴല്‍രൂപങ്ങള്‍. സൂക്ഷിച്ചുനോക്കി. മനോഹരനും കൃഷ്ണന്‍നായരും. ഈ നട്ടപ്പാതിരയ്ക്കെന്തെടുക്കുകയാണവര്‍? ദൂരത്തായതിനാല്‍ വിളിച്ചുചോദിക്കാന്‍ കഴിഞ്ഞില്ല. കൈയുയര്‍ത്തി അഭിവാദ്യം ചെയ്തു. അവര്‍ തിരിച്ചും.വീണ്ടും നടക്കവേ, നടുവരമ്പുകയറി അബൂബക്കറും ദാസനും വന്നു.

'ഇതെവിടുന്നാ ഈ നേരത്ത്‌?

''ഞങ്ങളൊരിടംവരെപോയതാ...'

'മനോഹരനും കൃഷ്ണന്‍നായരും നിങ്ങള്യാണോ കാത്ത്‌ ങ്ക്ക്ന്ന്‌?'

അവര്‍ അതെയെന്ന്‌ തലകുലുക്കി.

'ഊണും ഉറക്കോമില്ലാണ്ട്ള്ള സാമൂഹ്യപ്രവര്‍ത്തനമാണല്ലോ...' എന്നു തമാശ പറഞ്ഞ്‌ അവരോടു യാത്രപറഞ്ഞു.

ഇപ്പോള്‍ ഒരു സംശയം. ഒന്നല്ല കുറെ സംശയങ്ങള്‍.പാതിരയ്ക്ക്‌ എന്തായിരുന്നു ഇവരുടെ പരിപാടി? പാര്‍ട്ടിപ്രവര്‍ത്തനമോ മറ്റോ ആണെങ്കില്‍, തമ്മില്‍ കണ്ടുകൂടാത്ത വ്യത്യസ്ത രാഷ്ട്രീയകക്ഷികളുടെ പ്രാദേശിക നേതാക്കന്മാരാണല്ലോ ഇവര്‍... നാലുപേരും എന്നെ കണ്ടപ്പോള്‍ ആദ്യമൊന്നും പരുങ്ങിയില്ലേ? ഇവരുടെ വസ്ത്രങ്ങള്‍ നനഞ്ഞിരുന്നില്ലേ? പ്രത്യേകിച്ച്‌ ദാസന്റെയും അബുവിന്റെയും വസ്ത്രങ്ങളില്‍ ചെളി പുരണ്ടതിന്റെ അടയാളങ്ങള്‍..?

ഇല്ല. എല്ലാം എന്റെ തോന്നലുകള്‍ മാത്രമാവും. ഏതു ബന്ധത്തിലും ഒരവിഹിതം, ഏതിടപാടിലും ഒരഴിമതി എന്നിങ്ങനെ എന്തിനു പിന്നിലും ഒരു വാര്‍ത്ത കണ്ടെത്താനുള്ള പത്രപ്രവര്‍ത്തകന്റെ ദുഷിച്ച ബുദ്ധി. ഇതാ ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ത്തന്നെയുണ്ട്‌ നാലുപേരും.

ദാസന്‍ അടുത്തേക്കുവന്നു.'രാത്രി ചെറിയൊരു കാശിന്റെടപാട്‌ തീര്‍ക്കാമ്പോയിര്‍ന്നതാ. വര്‍മ്പോ വഴ്ത്യൊന്ന്‌ വീണു. ഇക്കൊളത്തിലെറങ്ങ്യാ ചളി കഴിക്യത്‌. എന്റക്കളേ, അപ്പറത്ത്‌ ഇങ്ങേന്യെര്‍ത്തന്‍ ചത്ത്‌ പൊന്തിക്കെടക്ക്ന്നത്ണ്ടോ അന്നേരം ഞമ്മള്‌ ശ്രദ്ധിച്ചിന്‌!...'

ഞാനൊന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചു.റോഡില്‍ ജീപ്പ്പു വന്നു നില്‍ക്കുന്ന ശബ്ദം.'ദാ, പോലീസെത്തി....' ദാസന്‍ പറഞ്ഞു.

വരട്ടെ. അവര്‍ വന്നു ബോഡി കരയ്ക്കെടുത്ത്‌ മുറപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യട്ടെ. നാളത്തെ ചരമപ്പേജിലേക്ക്‌ ഒരു വാര്‍ത്ത എഴുതിക്കൊടുക്കാം. ആനന്ദപ്പാത്തു എന്നു വിളിക്കുന്ന ആനന്ദന്‍ (28)...കുളത്തില്‍ വീണു മരിച്ചെന്നോ കുളത്തില്‍ ചാടി മരിച്ചെന്നോ, അതോ...അതു പോലീസ്‌ തീരുമാനിക്കട്ടെ. എന്തിനു വെറുതെ കാണാപ്പുറങ്ങള്‍ വായിച്ച്‌ വേണ്ടാത്ത തൊന്തരവുകള്‍ തലയില്‍ വലിച്ചുകയറ്റണം? അല്ലേലും പോലീസും രാഷ്ട്രീയക്കാരും പിന്നെ ഞങ്ങള്‍ പത്രക്കാരും തമ്മില്‍ ഒരു പരസ്പരധാരണ എപ്പോഴും നല്ലതാണല്ലോ.

പോലീസിനെ കണ്ടിട്ടാണോ ആള്‍ക്കൂട്ടത്തിനൊരിളക്കം? എല്ലാവരും എങ്ങോട്ടേക്കാണോടുന്നത്‌?ആളുകള്‍ വയലില്‍നിന്നു കയറി റോഡിലൂടെ വടക്കോട്ടോടുകയാണ്‌. പിന്നാലെ ചെന്നു.

ഞാനെത്തുമ്പോഴേക്കും പീടികക്കവലയില്‍ ഒരാള്‍വൃത്തം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. തിക്കിത്തിരച്ചതില്‍ കയറുമ്പോള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും കേള്‍ക്കാനായി....

ആനന്ദപ്പാത്തു പ്രസംഗിക്കുകയാണ്‌.

(1988 ജനവരി)